വിജയ്ക്ക് പണി കൊടുത്തവരെ തിരിച്ച് പൂട്ടി ഫാൻസ്; വിഡിയോ എടുത്തവർക്ക് അഞ്ച് ഇരട്ടി പിഴ
text_fieldsകഴിഞ്ഞ ദിവസമാണ് വാഹന നിയമലംഘനം നടത്തിയ തമിഴ് നടൻ വിജയ്ക്ക് തമിഴ്നാട് മോട്ടോർ വാഹന ഡിപ്പാർട്ട്മെന്റ് 500 രൂപ പിഴ ശിക്ഷ നൽകിയത്. സിഗ്‌നല്‍ തെറ്റിച്ചതിനാണ് നടന്‍റെ വാഹനത്തിന് എം.വി.ഡി പിഴയിട്ടത്. താരത്തിന്‍റെ വാഹനം സിഗ്നൽ തെറ്റിച്ച് പോകുന്നതിന്‍റെ വിഡിയോ വൈറലായതോടെയായിരുന്നു അധികൃതർ നടപടി എടുത്തത്.
കഴിഞ്ഞ ദിവസം ചെന്നൈയിലെ പനയൂരില്‍ വെച്ച് നടൻ പീപ്പിള്‍സ് മൂവ്മെന്റ് എക്സിക്യൂട്ടീവുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്നാട്ടിലെ 234 നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള പീപ്പിള്‍സ് മൂവ്മെന്റ് എക്സിക്യൂട്ടീവുകള്‍ യോഗത്തില്‍ പങ്കെടുത്തു. പരിപാടി നടന്ന ദിവസം വിജയ് നീലങ്ങരയിലെ വീട്ടില്‍ നിന്ന് പനയൂരിലേക്ക് കാറില്‍ വരുന്നത് മാധ്യമങ്ങള്‍ പകര്‍ത്തിയിരുന്നു. ടൊയോട്ടയുടെ ഇന്നോവ കാറില്‍ സഞ്ചരിക്കുന്ന വിജയ്‌യുടെ ദൃശ്യങ്ങള്‍ ലൈവായി വിവിധ മാധ്യമങ്ങളില്‍ സംപ്രേക്ഷണം ചെയ്തു. ഈ വീഡിയോയില്‍ വിജയ്‌യുടെ കാര്‍ സിഗ്‌നല്‍ തെറ്റിക്കുന്നതും ക്യാമറക്കണ്ണുകളില്‍ പതിഞ്ഞു. ഇതോടെ വിഡിയോ ശ്രദ്ധയില്‍ പെട്ട ചെന്നൈ ട്രാഫിക് പൊലീസ് നിയമലംഘനത്തിന് നടന് 500 രൂപ പിഴ ചുമത്തി.
തന്റെ തെറ്റ് അംഗീകരിച്ച നടന്‍ 500 രൂപ പിഴ നല്‍കിയതായാണ് വിവരം. വിജയ്ക്ക് പിഴ ലഭിച്ചത് സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി. ഇതിന് പിന്നാലെ നടന്റെ കാര്‍ മാത്രമല്ല ഇത് പകര്‍ത്തിയ ക്യാമറാമാനും വീഡിയോ എടുത്ത മാധ്യമങ്ങളും സിഗ്‌നല്‍ തെറ്റിച്ചെന്ന് വിജയ് ഫാന്‍സും ആരോപണം ഉന്നയിച്ചു.
വിജയ് ആരാധകരില്‍ ഒരാള്‍ നിയമലംഘനം നടത്തിയ വീഡിയോ ഗ്രാഫറെ സംബന്ധിച്ച് ചെന്നൈ മെട്രോപൊളിറ്റന്‍ ട്രാഫിക് പൊലീസിനെ ടാഗ് ചെയ്ത് പരാതിപ്പെട്ടതോടെ ചലാന്‍ ഇട്ടിരിക്കുകയാണ് അധികൃതര്‍. സിഗ്‌നല്‍ ലംഘിച്ചതിന് 500 രൂപയും രണ്ടുപേര്‍ ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് 2000 രൂപയുമടക്കം മൊത്തം 2500 രൂപയാണ് ബൈക്ക് ഉടമയ്ക്ക് പിഴ ചുമത്തിയത്. പിഴ ചുമത്തിയ കാര്യം ചെന്നൈ മെട്രോപൊളിറ്റന്‍ പൊലീസ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചു.
പൊതുസ്ഥലത്ത് ഗതാഗത നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള സംവിധാനം ചെന്നൈയില്‍ പൊലീസ് ഒരുക്കിയിട്ടുണ്ട്. നിയമലംഘനത്തിന്റെ ഫോട്ടോയോ വീഡിയോയോ എടുത്ത് അത് നടന്ന തീയതി, സമയം, സ്ഥലം എന്നിവ സഹിതം ട്രാഫിക് പൊലീസിന്റെ ട്വിറ്റര്‍ പേജില്‍ ടാഗ് ചെയ്ത് പരാതിപ്പെടാവുന്നതാണ്. മൊബൈല്‍ കാമറ, കാമറ, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ തെളിവായി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.