മലയാളിപ്പിള്ളേരുടെ 'വണ്ടി'ക്ക് അന്താരാഷ്ട്ര പുരസ്കാരം; 80 കിലോ മാത്രം ഭാരമുള്ള ഇലക്ട്രിക് കാർ സുരക്ഷയിലും കേമൻ
text_fieldsമലയാളികളായ എഞ്ചിനീയറിങ് വിദ്യാർഥികള്‍ നിർമിച്ച കാറിന് അന്താരാഷ്‍ട്ര പുരസ്‍കാരം. തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജിലെ വിദ്യാർഥികൾ നിർമിച്ച ഇലക്ട്രിക്ക് കാറിനാണ് ഇന്തോനേഷ്യയിൽ നടന്ന ഷെൽ ഇക്കോ മാരത്തണില്‍ തിളക്കമാര്‍ന്ന പുരസ്‍കാരങ്ങള്‍ തേടിയെത്തിയത്. മികച്ച സുരക്ഷയ്ക്കുള്ള ഡുപോണ്ട് രാജ്യാന്തര പുരസ്‍കാരവും നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചതിനുള്ള പ്രത്യേക പരാമർശവും വിദ്യാർഥികൾ സ്വന്തമാക്കി.
ഊർജ്ജോപയോഗം പരമാവധി ഫലപ്രദമാക്കുന്നതിനുള്ള പുതിയ ആശയങ്ങൾ മുന്നോട്ട് വെക്കുന്നവരുടെ രാജ്യാന്തര മത്സരമാണ് ഷെൽ ഇക്കോ മാരത്തണ്‍. ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിലെ 19 വിദ്യാർഥികളുടെ കൂട്ടായ്മയായ 'പ്രവേഗ' യാണ് 'വണ്ടി' എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് കാർ നിർമിച്ചത്. ടെക്‌നോപാർക്ക് ആസ്ഥാനമായ ആക്സിയ ടെക്‌നോളജീസിന്റെ മേൽനോട്ടത്തിലായിരുന്നു വിദ്യാർഥികള്‍ കാർ നിമിച്ചത്. സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളിൽ നിന്ന് ഈ കണ്ടുപിടിത്തത്തിന് ആവശ്യമായ ഫണ്ടും ഗ്രാൻഡും ലഭിച്ചുവെന്നും വിദ്യാർഥികള്‍ പറയുന്നു.
പത്ത് മാസത്തോളം നീണ്ട പ്രയത്നത്തിലൂടെയാണ് 19 പേർ ചേർന്ന് 'വണ്ടി' എന്ന ഇലക്ട്രിക് കാറിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുത്തത്. 80 കിലോഗ്രാം ഭാരമുള്ള ഈ വാഹനത്തിന് മണിക്കൂറിൽ 27 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ശേഷിയുണ്ട്. ബാറ്ററിയുടെ ചൂട് നിയന്ത്രിക്കാൻ നവീനവും ഫലപ്രദവുമായ ഒരു സംവിധാനമാണ് പ്രവേഗ ടീം വികസിപ്പിച്ചിരിക്കുന്നത്.
പൂർണമായും പരിസ്ഥിതി സൗഹൃദ വസ്‍തുക്കൾ ഉപയോഗിച്ചാണ് പുരസ്‌കാരത്തിന് അർഹമായ ഇലക്ട്രിക് കാർ നിർമിച്ചിരിക്കുന്നത്. ആഴക്കടലിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഭക്ഷിക്കുന്ന കടുവാ സ്രാവുകളുടെ രൂപത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് 'വണ്ടി' യുടെ ഡിസൈൻ. നല്ല ഈടുറപ്പുള്ള അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് ത്രീഡി പ്രിന്റ് ചെയ്‍താണ് കാറിന്റെ ഭാഗങ്ങൾ നിർമിച്ചിരിക്കുന്നത്. പുനരുപയോഗിച്ച തുണിയും ഗ്ലാസ് ഫൈബറും കൊണ്ടാണ് അടിഭാഗം നിർമിച്ചിരിക്കുന്നത്.
കല്യാണി എസ് കുമാർ, ജി.എസ്. അമൽ കൃഷ്‍ണൻ, ഹിതിൻ കൃഷ്‍ണ, അഖിൽ നിഷാദ്, ജോഷ്വിൻ ടി രാജൻ, പ്രണവ് ബിനുലാൽ, പ്രഹ്ളാദ് വിവേക്, സൂരജ് എസ് ജെ, എ അർജുൻ, ഗൗതം സായി കൃഷ്‍ണ, ആരോൺ ക്ലാരൺസ്, ആമി സീസർ, നിയുക്ത ആർ കൃഷ്‍ണ, അനന്തു എ എന്നിവരാണ് ടീം പ്രവേഗയിലെ അംഗങ്ങൾ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ കാറുകൾ ഡിസൈൻ ചെയ്യാനും നിർമിക്കാനും പരീക്ഷിക്കാനും മത്സരിക്കുന്ന വേദിയാണ് ഷെൽ ഇക്കോ മാരത്തൺ. വൈദ്യുതോർജത്തിലും എണ്ണയിലും മികച്ച മൈലേജ് നല്കാൻ കഴിയുന്ന കാറുകൾ നിർമിക്കുന്ന ടീമിനാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. ഇന്ത്യയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട അഞ്ച് ടീമുകളാണ് ഇന്തോനേഷ്യയിലെ പെർടാമിന മണ്ഡലിക സർക്യൂട്ടിൽ നടന്ന മത്സരത്തിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.