ഓൾക്കും നാജിക്കും ആനന്ദ് മഹീന്ദ്രയുടെ സല്യൂട്ട്; ‘ഥാറിൽ വിശ്വസിച്ചതിന് നന്ദി’
text_fieldsകേരളത്തില്‍ നിന്ന് ഫുട്‌ബോള്‍ ലോകകപ്പ് കാണാന്‍ ഖത്തറിലേക്ക് മഹീന്ദ്ര എസ്.യു.വിയില്‍ യാത്ര പുറപ്പെട്ട മലയാളി യുവതിയെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര. കണ്ണൂർ സ്വദേശിയായ നാജി നൗഷിയുടെ യാത്രാ വിശേഷങ്ങൾ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവച്ചു. യാത്രക്കായി ഥാർ തിരഞ്ഞെടുത്തതിന് ഇദ്ദേഹം വീട്ടമ്മക്ക് നന്ദിയും പറഞ്ഞു.
‘ഈ വീഡിയോ പങ്കിടാനായി ഞാന്‍ കാത്തിരുന്നതില്‍ സന്തോഷമുണ്ട്. അര്‍ജന്റീനയുടെയും മെസ്സിയുടെയും വിജയത്തിനൊപ്പം, അവളുടെ ഐതിഹാസിക യാത്രയും ഒരു വിജയമായിരുന്നു. നാജി നൗഷിയെയും അവളുടെ സാഹസിക മനോഭാവത്തെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. നിങ്ങളുടെ ഥാറിലുള്ള വിശ്വാസത്തിന് നന്ദി’-ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.
യാത്രയുടെ മുഴുവന്‍ ദൃശ്യങ്ങളുടെയും വീഡിയോ ക്ലിപ്പും അദ്ദേഹം പോസ്റ്റ് ചെയ്തു. മാഹി സ്വദേശിനിയും അഞ്ച് കുട്ടികളുടെ മാതാവുമായ നാജി നൗഷിയുടെ യാത്ര നേരത്തേ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്ന നാജിയെന്ന ഫുട്‌ബോള്‍ പ്രേമിയുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു ഈ യാത്ര.
മാഹിയില്‍ നിന്ന് മുംബൈ വരെ ഥാർ ഓടിച്ച് പോയ ശേഷം കപ്പലില്‍ ഒമാനില്‍ എത്തുകയായിരുന്നു. അവിടെ നിന്ന് റോഡ് മാര്‍ഗം യുഎഇ, ബഹ്റൈന്‍, കുവൈത്ത്, സൗദി അറേബ്യ എന്നീ ജിസിസി രാജ്യങ്ങള്‍ താണ്ടിയാണ് ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിലെത്തിയത്. 2022 ഡിസംബര്‍ 10-ന് ആണ് നാജി ഖത്തറില്‍ പ്രവേശിച്ചത്.
ഓൾ എന്നായിരുന്നു നാജിയുടെ മഹീന്ദ്ര ഥാറിന് പേരിട്ടിരുന്നത്. ടോള്‍ പ്ലാസകള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും സമീപം വാഹനം പാര്‍ക്ക് ചെയ്തായിരുന്നു ഇവരുടെ വിശ്രമം. വാഹനത്തിനകത്ത് തന്നെയായിരുന്നു ഉറക്കം. എല്ലാ അവശ്യ പാചക സാമഗ്രികളും വാഹനത്തില്‍ സ്റ്റോക്ക് ചെയ്തായിരുന്നു യാത്ര. അതിനാല്‍ തന്നെ ഇത് ഒരു സമ്പൂര്‍ണ്ണ വാന്‍-ലൈഫ് അനുഭവമായിരുന്നുവെന്നാണ് നൗഷി പറയുന്നത്. ലഡാക്കിലേക്കുള്ള ഒരു അഖിലേന്ത്യാ യാത്ര ഉള്‍പ്പെടെ നാല് യാത്രാ പരമ്പരകള്‍ നാജി ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.