കാറുകളുടെ വില 160 മുതൽ 600 രൂപവരെ വർധിക്കും; കാലം പോയൊരു പോക്കെന്ന് ആനന്ദ് മഹീന്ദ്ര
text_fieldsഏതൊരു കാലമെടുത്താലും വിലക്കയറ്റം എന്നത് സാധാരണക്കാരന്റെ പൊതുപ്രശ്നമായിരുന്നു. തക്കാളി കിലോക്ക് അഞ്ച് രൂപയായിരുന്ന കാലത്ത് അമ്പത് പൈസയൊക്കെ കൂടുമ്പോൾ വിലവർധനവിനെതിരേ സമരം നടന്നിട്ടുമുണ്ട്. കാറുകളുടെകാര്യത്തിലും ഇത് ബാധകമാണ്. ഇപ്പോൾ കാറുകളുടെ വിലകൂടുന്നത് ശതമാനക്കണക്കിലും ആയിരക്കണക്കിന് രൂപയിലുമാണ്. എന്നാൽ 50 വർഷങ്ങൾക്ക് മുമ്പ് കാറുകളുടെ വില കൂടിയിരുന്നത് നൂറു രൂപയിലായിരുന്നു. ഇതുസംബന്ധിച്ച പത്ര വാർത്തയുടെ കട്ടിങ് പങ്കുവച്ചിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര.
1972 ജനുവരി 25 -ാം തീയതിൽ പ്രസിദ്ധീകരിച്ച വാർത്തയാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവച്ചത്. ഇന്ത്യൻ വിപണിയിൽ അന്നുണ്ടായിരുന്ന മൂന്ന് കാറുകളുടെ വിലവർധനവ് ആണ് വാർത്തയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എഴുപതുകളിലെ പ്രധാന കാർ നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ മോട്ടോർസ്, ഫിയറ്റ്, സ്റ്റാൻഡേർഡ് എന്നിവരുടെ ജനപ്രിയ കാറുകളായ അംബാസഡർ, പദ്മിനി, 2000 എന്നിവയുടെ വില വർധിക്കുമെന്നാണ് വാർത്തയിൽ പറയുന്നത്.
റിപ്പോർട്ട് അനുസരിച്ച് ഹിന്ദുസ്ഥാൻ അംബാസഡറിന് 160 രൂപയും ഫിയറ്റ് 1100Dക്ക് 300 രൂപയും സ്റ്റാൻഡേർഡ് കാറിന് 600 രൂപയും വർധിച്ചതായി കാണാം. അന്നത്തെ കാലത്ത് ഇത് വലിയ വർധനയായിരുന്നു. അക്കാലത്തെ കാറുകളുടെ വിലയും വാർത്തയിൽ കൊടുത്തിട്ടുണ്ട്. ഹിന്ദുസ്ഥാൻ അംബാസഡറിന് 16,946 രൂപയും ഫിയറ്റ് 1100 Dക്ക് 15,946 രൂപയും ആണെന്ന് വാർത്തയിൽ പറയുന്നുണ്ട്.
കോളജ് പഠനകാലത്ത് ബസിൽ പൊയ്ക്കൊണ്ടിരുന്ന തനിക്ക് വല്ലപ്പോഴും തന്റെ അമ്മയുടെ നീല നിറത്തിലുള്ള ഫിയറ്റ് ഓടിക്കാൻ അവസരം ലഭിക്കുമായിരുന്നു എന്നും ആനന്ദ് മഹീന്ദ്ര തന്റെ ട്വീറ്റിൽ പറയുന്നുണ്ട്. അക്കാലത്ത് കാറിന്റെ വില എത്ര 'കുറവായിരുന്നു' എന്ന് അത്ഭുതപ്പെട്ടുകൊണ്ടാണ് അദ്ദേഹം പേപ്പർ കട്ടിങ് ട്വിറ്ററിൽ പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.