12,421 രൂപക്ക് ഒരു വില്ലീസ് ജീപ്പ്; പരസ്യം പങ്കുവച്ച് മഹീന്ദ്ര ചെയർമാൻ
text_fieldsകാലത്തിനനുസരിച്ച് പണത്തിന്റെ മൂല്യത്തിൽവന്ന വ്യത്യാസം ചൂണ്ടിക്കാട്ടുന്ന പരസ്യവുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. 1960ലെ വില്ലീസ് ജീപ്പിന്റെ വിലയാണ് പരസ്യത്തിൽ കാണിക്കുന്നത്. പരസ്യം അനുസരിച്ച്, പുതിയ സി.ജെ 3G ജീപ്പിന്റെ എക്‌സ്-ഷോറൂം ബോംബെ വില 12,421 രൂപ മാത്രമാണ്. 200 രൂപ ഡിസ്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
'പതിറ്റാണ്ടുകളായി ഞങ്ങളുടെ വാഹനങ്ങൾ വിതരണം ചെയ്യുന്ന കുടുംബത്തിലെ സുഹൃത്ത്, അവരുടെ ആർക്കൈവുകളിൽ നിന്നാണ് ഇത് കണ്ടെത്തിയത്. പഴയ നല്ല നാളുകൾ...വിലയും ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നത്'-ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു. ടൈംസ് ഓഫ് ഇന്ത്യയിലാണ് പരസ്യം കൊടുത്തിരിക്കുന്നത്.
വില്ലീസ് എന്ന ഇതിഹാസം
വാഹന പ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട വാഹനമാണ് വില്ലീസ് ജീപ്പ്. സൈനിക വാഹനങ്ങളായിട്ടായിരുന്നു ഇവ ആദ്യം അവതരിപ്പിക്കപ്പെട്ടത്. പിന്നീട് സിവിലിയൻസിനുവേണ്ടിയും വാഹനങ്ങൾ നിർമിച്ചുതുടങ്ങി. ഇക്കാലത്ത് വില്ലീസിനെ കണ്ടെത്തുന്നതുതന്നെ അപൂർവ്വമാണ്. നിലവിലെ ഉടമകൾ ഈ വാഹനം വിൽക്കാനും തയ്യാറാകില്ല. ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് മറുപടിയായി നിരവധിപേർ തങ്ങളുടെ ഗാരേജിലുള്ള വില്ലീസ് സി.ജെ 3B യുടെ ചിത്രങ്ങൾ പങ്കിട്ടു.
മഹീന്ദ്രയും വില്ലീസും
1960കളിൽ, അമേരിക്കൻ കാർ നിർമ്മാതാക്കളായ കൈസർ മോട്ടോഴ്‌സിന്റെ ലൈസൻസിന് കീഴിൽ മഹീന്ദ്ര സിവിലിയൻ ജീപ്പ് (സി.ജെ) 3 ബി അസംബിൾ ചെയ്യുകയായിരുന്നു. 1,018 കിലോഗ്രാം ഭാരമുള്ളതും മേൽക്കൂരയില്ലാത്തതുമായ വാഹനമായിരുന്നു ഇത്. 72 പി.എസ് കരുത്ത് ഉത്പ്പാദിപ്പിക്കുന്ന ശക്തമായ 2.2-ലിറ്റർ പെട്രോൾ എഞ്ചിനായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. എഞ്ചിൻ T90 3-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഇണക്കിച്ചേർക്കുകയും ഡാന ട്രാൻസ്ഫർ കേസ് വഴി നാല് ചക്രങ്ങളും കരുത്ത് എത്തിച്ച് പ്രവർത്തിപ്പിക്കുകയും ചെയ്തു.
മഹീന്ദ്രയുടെ ജീപ്പ് അന്നുതന്നെ ജനപ്രിയമായിരുന്നു, വിവിധ സർക്കാർ വകുപ്പുകളുടെയും പോലീസിന്റെയും ഔദ്യോഗിക വാഹനമായിരുന്നു വില്ലീസ് ജീപ്പ്. റിപ്പോർട്ടുകൾ പ്രകാരം, അന്നത്തെ പാസഞ്ചർ കാർ വിൽപ്പനയുടെ 20 ശതമാനത്തിലധികം ജീപ്പുകളായിരുന്നു. 1960-ൽ 5,200-ലധികം CJ-കൾ വിറ്റതായും കണക്കുകൾ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.