തകരാർ പരിഹരിച്ചില്ല; സർവ്വീസ് സെന്ററിൽ കയറി കാർ കത്തിച്ച് ഉടമ -വിഡിയോ
text_fieldsവാഹനങ്ങൾ സംബന്ധിച്ചുള്ള തർക്കങ്ങൾ പലപ്പോഴും പലതരം സംഘർഷങ്ങൾക്ക് കാരണമാകാറുണ്ട്. രാജസ്ഥാനിലെ ജോദ്പൂരിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത് അത്തരമൊരു സംഭവമാണ്. വാഹനത്തിലെ തകരാർ കാരണം സർവീസ് സെന്ററിൽ കയറി മടുത്ത ഉടമ അവസാനം കടുംകൈ ചെയ്യുകയായിരുന്നു. ജീവനക്കാരുമായി തർക്കിച്ചതിന് ശേഷം ഇയാൾ കാറിൽ പെട്രോൾ ഒഴിച്ച് കത്തിച്ചു.
രണ്ടുവർഷം മുമ്പ് സ്വന്തമാക്കിയ എസ്.യു.വിക്ക് സ്ഥിരം തകരാറാണെന്നാണ് ഉടമ പറയുന്നത്. നിരവധി തവണ ഷോറൂമിലെത്തിച്ചെങ്കിലും തകരാർ പരിഹരിച്ചില്ല. ഇതേ തുടർന്നായിരുന്നു അറ്റകൈ പ്രയോഗം. സർവ്വീസ് സെന്ററിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞ സംഘർഷ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ജീവനക്കാരാണ് തീ അണച്ചത്. സർവീസ് സെന്ററിലെ ജീവനക്കാരിൽ ഒരാളുടെ ദേഹത്തേക്കും തീ പടർന്നുവെന്ന് ദൃശ്യങ്ങളിൽ കാണാം.
സംഭവത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. പരാതി ലഭിച്ചതിനെ തുടർന്ന് ഉടമയേയും സുഹൃത്തിനെയും പൊലീസ് അറസ്റ്റുചെയ്തു. തകരാർ പരിഹരിക്കാത്തതുമായി ബന്ധപ്പെട്ട് സർവീസ് സെന്റർ ജീവനക്കാരുമായി വാക്കേറ്റമുണ്ടായെന്നും ഇതേ തുടർന്നാണ് ഉടമ പെട്രോൾ ഒഴിച്ച് വാഹനം കത്തിച്ചതെന്ന് പൊലീസും സ്ഥിരീകരിച്ചു. ജോദ്പുരിലെ കിയ മോട്ടോഴ്സ് സർവ്വീസ് സെന്ററിലാണ് സംഘർഷം ഉണ്ടായത്. കിയ സെൽറ്റോസ് എസ്.യു.വിയെച്ചൊല്ലിയായിരുന്നു തർക്കം.
രാജസ്ഥാനിലെ കാർ ഡീലർ അസോസിയേഷൻ സംഭവെത്ത അപലപിച്ചു. കൃത്യമായ നിയമമില്ലാത്തതാണ് ഇത്തരം സംഭവങ്ങൾ വർധിക്കാൻ കാരണമെന്നാണ് മേഖലയിലുള്ളവർ പറയുന്നത്. ഉപഭോക്താവിന് പരാതിപ്പെടാൻ കഴിയുന്ന ഉപഭോക്തൃ കോടതികൾ നിലവിലുണ്ടെങ്കിലും വാഹനം മാറ്റി പുതിയത് നൽകാൻ നിർദേശിക്കുന്ന നിയമം രാജ്യത്തില്ല. വികസിത രാജ്യങ്ങളിൽ ഇത്തരം നിയമങ്ങൾ സാധാരണമാണ്. അത്തരം നിയമങ്ങൾ അനുസരിച്ച്, ഏതെങ്കിലും ഉപകരണം, കാർ, ട്രക്ക് അല്ലെങ്കിൽ മോട്ടോർ സൈക്കിൾ തകരാറുള്ളതായി കണ്ടെത്തിയാൽ ഉടൻ മാറ്റിനൽകണം.അല്ലെങ്കിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണം എന്നാണ് നിയമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.