ആപ്പിൾ സെൽഫ് ഡ്രൈവിങ് കാർ ഉടൻ വിപണിയിൽ? പ്രോജക്റ്റ് ടൈറ്റൻ ലക്ഷ്യത്തിലേക്ക്
text_fieldsടെക് ഭീമൻ ആപ്പിൾ നിർമിക്കുന്ന സ്വയം ഓടുന്ന കാർ 2024ൽ വിപണിയിൽ എത്തുമെന്ന് സൂചന. വർഷങ്ങളായി പ്രോജക്റ്റ് ടൈറ്റൻ എന്ന പേരിൽ മേഖലയിൽ ഗവേഷണം നടത്തുകയാണ് ആപ്പിൾ. നൂതന ഹെഡ്ലൈറ്റുകൾ, ഓട്ടോമാറ്റിക് ഡ്രൈവിങ് സിസ്റ്റം, ഡിസ്പ്ലേ-ഇൻ-വിൻഡോകൾ തുടങ്ങി വാഹനവുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾക്കായി നിരവധി പേറ്റന്‍റുകൾ ആപ്പിൾ എടുത്തിരുന്നു. 2024 മുതൽ ഉപയോക്താക്കൾക്കായി ആപ്പിൾ സെൽഫ് ഡ്രൈവിങ് വാഹനം നിർമിക്കാൻ തുടങ്ങുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
വിശ്വസനീയമായ ഉറവിടങ്ങൾ അനുസരിച്ച് 2014 മുതൽ ആപ്പിൾ പ്രോജക്റ്റ് ടൈറ്റനിൽ പ്രവർത്തിക്കുന്നുണ്ട്. വിവിധ സവിശേഷതകളോടെയാണ് പുതിയ വാഹനം വരുന്നത്. പ്രധാനമായും ബാറ്ററികളിലാണ് പരിഷ്കരണം വരിക. ബാറ്ററിയുടെ വില കുറയ്ക്കാനും വാഹനത്തിന്‍റെ പരിധി വർദ്ധിപ്പിക്കാനും കഴിയുന്ന വിപ്ലവകരമായ ബാറ്ററി ഡിസൈനാണ് വാഹനത്തിനെന്നാണ് സൂചന.
ആപ്പിൾ കാറിനൊപ്പം കമ്പനി തികച്ചും വ്യത്യസ്തമായൊരു വ്യവസായത്തിലേക്ക് പ്രവേശിക്കും. കുറഞ്ഞ സമയംകൊണ്ട് കാറുകൾ നിർമിക്കുന്നതിനും സുഗമമായ വിതരണ ശൃംഖല സൃഷ്ടിക്കുന്നതിനും പരിപാലിക്കുന്നതും ആപ്പിൾ പോലുള്ള കമ്പനിക്ക് കഴിയുമെന്നാണ് കരുതപ്പെടുന്നത്. 'അതിനുള്ള വിഭവങ്ങളുള്ള ഒരു കമ്പനി ഈ ഗ്രഹത്തിൽ ഉണ്ടെങ്കിൽ അത് മിക്കവാറും ആപ്പിൾ ആയിരിക്കും. അതേസമയം ഇത് ഒരു സെൽഫോണല്ല' - പ്രോജക്ട് ടൈറ്റനിൽ പ്രവർത്തിച്ച ഒരാൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
പുതുപുത്തൻ ബാറ്ററി
പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ആപ്പിൾ കാറിൽ അസാധാരണമായ 'മോണോസെൽ' ഡിസൈനുള്ള ബാറ്ററി അവതരിപ്പിക്കും. ഈ രൂപകൽപ്പന ബാറ്ററിയുടെ വ്യക്തിഗത സെല്ലുകളെ കുറച്ചുകൂടി വിപുലമാക്കുകയും ബാറ്ററി മെറ്റീരിയലുകൾ അടങ്ങിയ മൊഡ്യൂളുകളും പൗച്ചുകളും നീക്കംചെയ്യുകയും ബാറ്ററിയുടെ ഭാരം കുറക്കുകയും ചെയ്യും. ഇതോടൊപ്പം ഐഫോൺ നിർമ്മാതാവ് ബാറ്ററിയ്ക്കായി പുതിയ കെമിസ്ട്രിയും പരീക്ഷിക്കുന്നുണ്ട്.
എൽഎഫ്‌പി എന്നാണിത് അറിയപ്പെടുന്നത്. ലിഥിയം അയൺ ഫോസ്ഫേറ്റ് എന്നാണ് എൽഎഫ്പിയുടെ പൂർണരൂപം. ഇത്തരം ബാറ്ററികൾ അമിതമായി ചൂടാകാനുള്ള സാധ്യത കുറവാണ്. നിലവിലെ ലിഥിയം അയൺ ബാറ്ററികളേക്കാൾ വളരെ സുരക്ഷിതവുമാണ്. ബാറ്ററിക്ക് പുറമേ ലിഡാർ സെൻസറുകൾ പോലെ തങ്ങളുടെ കാറിനായി മറ്റ് ഘടകങ്ങൾ നിർമ്മിക്കുന്നതിന് ആപ്പിൾ പങ്കാളികളെയും തിരയുന്നുണ്ട്. ഈ സെൻസറുകൾ കാറിനെ അതിന്‍റെ ചുറ്റുപാടുകളുടെ ത്രിമാന കാഴ്ച നേടാനും സ്വയം നാവിഗേറ്റുചെയ്യാനും പ്രാപ്‌തമാക്കും.
നിലവിൽ ലഭ്യമാകുന്ന വിവരങ്ങൾ സത്യമാണെങ്കിൽ സമീപഭാവിയിൽ തന്നെ ആപ്പിൾ ഓട്ടോണമസ് കാർ പുറത്തിറക്കുമെന്നുന്നാണ് വാഹനലോകത്തെ വിദഗ്ധർ വിശ്വസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.