‘നീ ഗൂർഖ തന്നെയാണോടാ?’ ഫോഴ്സിന്റെ പുതിയ സൈനിക വാഹനം കണ്ട് കൗതുക മാറാതെ ആരാധകർ
text_fieldsഥാർ, ജിംനി എന്നിവരുടെ നിലവാരത്തിൽ ഓഫ് റോഡറുകൾ നിരത്തിലിറക്കുന്ന ഇന്ത്യയിലെ വാഹന നിർമാതാക്കളാണ് ഫോഴ്സ് മോട്ടോഴ്സ്. ഫോഴ്സിന്റെ ഏറ്റവും പ്രശസ്തമായ എസ്.യു.വിയാണ് ഗൂർഖ. സൈന്യത്തിലും പൊലീസിലുമെല്ലാം ഇതിനോടകം സ്ഥാനം പിടിച്ച വണ്ടി ഇപ്പോൾ പല വേഷപ്പകർച്ചയുമായി നിരത്തുകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ഗൂർഖയുടെ സൈനിക വകഭേദത്തിന്‍റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഇന്ത്യൻ മിലിട്ടറിക്കു വേണ്ടി പ്രത്യേകം നിർമിച്ച വാഹനങ്ങൾ ഫോഴ്സ് മോട്ടോർസ് നേരത്തേതന്നെ നിർമിച്ച് നൽകുന്നുണ്ട്. ബിഎസ്-IV കാലഘട്ടത്തിലാണ് ഗൂർഖ ലൈറ്റ് സ്ട്രൈക്ക് വാഹനങ്ങൾ ഇന്ത്യൻ സൈന്യത്തിന് നൽകിയത്. ഇപ്പോഴിതാ ബിഎസ്-VI എഞ്ചിനോട് കൂടിയ മിലിട്ടറി ആംബുലൻസിന്റെ പണിപ്പുരയിലാണ് കമ്പനി. ഗൂർഖ എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് വാഹനം പണികഴിപ്പിക്കുന്നത്. നിർമാണത്തിലുള്ള ഒരു ഗൂർഖയുടെ ചിത്രങ്ങളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കമ്പനി മുമ്പ് വിതരണം ചെയ്ത സാൻഡ് കളർ ഓപ്ഷനിലുള്ള ലൈറ്റ് സ്ട്രൈക്ക് വെഹിക്കിളുകളിൽ നിന്ന് വ്യത്യസ്തമായി ആർമി ഗ്രീൻ നിറത്തോടെയാണ് ഫോഴ്‌സ് ഗൂർഖ മിലിട്ടറി ആംബുലൻസിനെ പണികഴിപ്പിക്കുന്നത്. നിലവിലെ ഗൂർഖ എസ്‌യുവിയുടെ പ്ലാറ്റ്ഫോമാണ് കടമെടുക്കുന്നതെങ്കിലും രൂപത്തിൽ ഏറെ വ്യത്യസ്‌തമാണ് വാഹനം. കസ്റ്റമൈസ്‌ഡ് സസ്പെൻഷനും ആക്‌സിലുകളുമുള്ള മോഡൽ വലിപ്പത്തിന്റെ കാര്യത്തിൽ ഭീമാകാരനാണ്.
ഗൂർഖ സൈനിക പതിപ്പുകൾക്ക് മൂന്നാം നിര സീറ്റുകൾക്കൊപ്പം ഡോറുകളും റൂഫും ഉണ്ടാവില്ല. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ, പ്രൊട്ടക്റ്റീവ് ഗ്രില്ലുകൾ, ഒരു ഷോവെൽ, വിഞ്ച് സജ്ജീകരണം എന്നിവയും ആംബുലൻസിൽ ഉപയോഗിക്കും.
പുതിയ ആംബുലൻസ് പതിപ്പിന് വിശാലമായ വീൽ ആർച്ചുകൾ ഉണ്ട്. മെർസിഡീസ് ബെൻസ് G-ക്ലാസിലേതു പോലെയുള്ള സൈഡ് എക്‌സ്‌ഹോസ്റ്റ്, വലുതും നേരായതുമായ വിൻഡ്‌സ്‌ക്രീൻ എന്നിവയും ഇതിന്റെ ഹൈലൈറ്റാണ്. റിയർ ടെയിൽഗേറ്റ് ഘടിപ്പിച്ച സ്പെയർ ടയർ, പിന്നിലേക്ക് അഭിമുഖീകരിക്കുന്ന ജമ്പ് സീറ്റുകൾ, ഗ്രാബ് ഹാൻഡിലുകൾ എന്നിവയും ഗൂർഖ മിലിട്ടറി ആംബുലൻസിന്റെ പ്രത്യേക ഘടകങ്ങളാണ്.
നിലവിൽ ഫോഴ്‌സ് മോട്ടോർസിന് അവരുടെ എല്ലാ ഉൽപ്പന്നങ്ങളിലും ഒരേയൊരു എഞ്ചിൻ ഓപ്ഷൻ മാത്രമേയുള്ളൂ. ആയതിനാൽ ഈ സൈനിക വാഹനത്തിലും അതേ യൂണിറ്റ് തന്നെയാവും ഉണ്ടാവുക. മെർസിഡീസിൽ നിന്നുള്ള 2.6 ലിറ്റർ FM CR ടർബോ ഡീസൽ എഞ്ചിനാവും മിലിട്ടറി ആംബുലൻസിന്റെ ഹൃദയം. 5-സ്പീഡ് ഗിയർബോക്‌സും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.