പുതിയ മോഡൽ ഇ.വി സ്കൂട്ടറുകൾ പുറത്തിറക്കുമെന്ന് ഇൗഥർ; ഉത്പ്പാദനം കൂട്ടാനും തീരുമാനം
text_fieldsരാജ്യത്തെ മുൻനിര ഇ.വി ഉത്പ്പാദകരായ ഇൗഥർ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. കൂടുതൽ സ്കൂട്ടർ മോഡലുകൾ പുറത്തിറക്കാനും നിലവിലെ ഉത്പ്പാദനം വർധിപ്പിക്കാനുമാണ് കമ്പനി തീരുമാനം. ഇൗഥർ സ്പെയ്സ് എന്ന് അറിയപ്പെടുന്ന കമ്പനി ഷോറൂമുകൾ രാജ്യത്തുടനീളം വർധിപ്പിക്കാനും പദ്ധതിയുണ്ട്. നിലവിൽ 450 എക്സ്, 450 പ്ലസ് എന്നീ ഇലക്ട്രിക് സ്കൂട്ടറുകളാണ് ഇൗഥർ നിർമിക്കുന്നത്. ഇവയുടെ കൂടുതൽ വേരിയൻറുകൾ പുറത്തിറക്കും.
ഭാവിയിൽ ബൈക്കുകൾ നിർമിക്കാനും ഇവർക്ക് പദ്ധതിയുണ്ട്. ബംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനം അടുത്ത സാമ്പത്തിക വർഷം അവസാനത്തോടെ കർണാടകയിലെ ഹൊസൂർ പ്ലാൻറിെൻറ ഉത്പാദന ശേഷി അഞ്ച് ലക്ഷം യൂനിറ്റായി ഉയർത്തും. നിലവിൽ പ്ലാൻറിെൻറ ശേഷി 1.1 ലക്ഷം യൂനിറ്റാണ്. ഫ്ലിപ്കാർട്ട് സ്ഥാപകരായ സച്ചിൻ ബൻസാൽ, ബിന്നി ബൻസാൽ, ഹീറോമോട്ടോ കോർപ്പ്, തുടങ്ങിയവരാണ് ഇൗഥറിന് സാമ്പത്തിക പിന്തുണ നൽകുന്നത്. മഹീന്ദ്രക്കും കമ്പനിയിൽ നിക്ഷേപമുണ്ട്. അടുത്ത അഞ്ച് വർഷങ്ങൾ കമ്പനിയെ സംബന്ധിച്ച് നിർണായകമാണെന്ന് ഇൗഥർ എനർജിയുടെ സഹസ്ഥാപകനും സിഇഒയുമായ തരുൺ മേത്ത പറഞ്ഞു.
'ഉത്പാദന സംവിധാനങ്ങൾ ഒരുക്കുന്നതിന് കമ്പനി ഇതിനകം 130 കോടി രൂപ ചെലവഴിച്ചു. അടുത്ത 4-5 വർഷത്തിനുള്ളിൽ പ്ലാൻറിലെ മൊത്തം നിക്ഷേപം ഏകദേശം 650 കോടിയായി ഉയർത്തണം. നിലവിൽ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾ ഇൗഥർ നിർമിക്കുന്നുണ്ട്. അടുത്ത വർഷത്തിൽ കൂടുതൽ വകഭേദങ്ങൾ ഉൾപ്പെടുത്തും. രണ്ട് വർഷത്തിനുള്ളിൽ സ്കൂട്ടർ വിഭാഗത്തിൽ പുതിയ ഉൽപ്പന്നം നിർമിക്കാനും ലക്ഷ്യമുണ്ട്'-തരുൺ മേത്ത പറയുന്നു.
ബൈക്ക് വിഭാഗത്തിൽ പ്രവേശിക്കാൻ കമ്പനി കുറച്ച് സമയമെടുക്കുമെന്നും മേത്ത പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷം അവസാനത്തോടെ 50 നഗരങ്ങളിൽ ഇൗഥർ ഷോറൂമുകൾ വ്യാപിപ്പിക്കാനാണ് തീരുമാനം. അടുത്ത സാമ്പത്തിക വർഷം അവസാനത്തോടെ 100 ഓളം നഗരങ്ങളിലേക്ക് പ്രവർത്തനം നീട്ടും. 13 നഗരങ്ങളിലാണ് ഇൗഥർ ഇപ്പോൾ പ്രവർത്തിക്കുന്നത്. അടുത്തിടെ ഡൽഹിയിലെ ലജ്പത് നഗറിൽ കമ്പനി റീട്ടെയിൽ ഒൗട്ട്‌ലെറ്റ് തുറന്നിരുന്നു. കേരളത്തിൽ കൊച്ചിയിലും കോഴിക്കോടും ഇൗഥർ സ്പെയ്സ് പ്രവർത്തിക്കുന്നുണ്ട്.
രാജ്യത്തൊട്ടാകെ 142 ഫാസ്റ്റ് ചാർജിംഗ് പോയിൻറുകളാണ് ഇൗഥറിനുള്ളത്. നടപ്പു സാമ്പത്തിക വർഷം അവസാനത്തോടെ 500 ഓളം ഫാസ്റ്റ് ചാർജിങ് പോയിൻറുകളായി ഉയർത്താനും ലക്ഷ്യമിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.