കോനകൾക്ക് കരുത്തുപകരാൻ 'പൂ പവർ'; മനുഷ്യ വിസർജ്യം വൈദ്യുതിയാക്കി ഒാസീസ് കമ്പനി
text_fieldsപലതരം വൈദ്യുതികളെപറ്റി നമ്മളെല്ലാം കേട്ടിട്ടുണ്ട്. ജലവൈദ്യുതി, തെർമൽ എനർജി, ന്യൂക്ലിയാർ ഇലക്ട്രിസിറ്റി എന്നിങ്ങനെ പലതരം വകഭേദങ്ങൾ നമ്മുക്കറിയുകയും ചെയ്യാം. എന്നാൽ 'പൂ എനർജി' എന്ന് നാം അധികം കേട്ടിട്ടുണ്ടാകില്ല. മനുഷ്യ വിസർജ്യത്തിൽ നിന്ന് ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതിയെയാണ് പൂ എനർജി എന്ന് വിളിക്കുന്നത്. അർബൻ യൂട്ടിലിറ്റീസ് എന്ന ഒാസ്ട്രേലിയൻ കമ്പനി വൈദ്യുത വാഹനങ്ങളിൽ ഉപയോഗിക്കുന്നത് ഇത്തരം ഉൗർജമാണ്. ഹ്യുണ്ടായ് കോന ഇ.വിയാണ് ഇവർ പൂ എനർജി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന പ്രധാന വാഹനം.
ഒാസ്ട്രേലിയയിലെ ബ്രിസ്ബേൻ നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയാണ് അർബൻ യൂട്ടിലിറ്റീസ്. ബ്രിസ്ബേനിലെ മുന്നര ലക്ഷം ആളുകളുടെ വിസർജ്യമാണ് ഇവർ ബയോഗ്യാസായും വൈദ്യുതിയായും മാറ്റുന്നത്. കോന എസ്.യു.വിക്ക് അര കിലോമീറ്റർ സഞ്ചരിക്കാനുള്ള വൈദ്യുതി ഒരു ദിവസം ഒരു ബ്രിസ്ബേൻ നിവാസി സംഭാവന ചെയ്യുന്നുണ്ടെന്നാണ് അർബൻ യൂട്ടിലിറ്റീസ് പറയുന്നത്. 2017 ലാണ് കമ്പനി തങ്ങളുടെ ആദ്യത്തെ പൂ-പവർ കാർ വികസിപ്പിച്ചെടുത്തത്. പിന്നീട് കോനകളേയും ഇതിൽ ഉൾപ്പെടുത്തുകയായിരുന്നു. ഒരു കോന ഇ.വി ഒരു പ്രവാവശ്യം മുഴുവനായി ചാർജ് ചെയ്യാൻ 150,000 ലിറ്റർ മലിനജലത്തിൽ നിന്നുള്ള വൈദ്യുതി ആവശ്യമാണ്.
പൂ എനർജി ഉപയോഗിക്കുന്നതിനാൽ എസ്‌യുവിക്ക് പ്രതിവർഷം 1,700 ഡോളർ വിലവരുന്ന പെട്രോൾ ലാഭിക്കാൻ കഴിയും. 240 വോൾട്ട് പവർപ്ലഗ് ഉപയോഗിച്ചാണ് എസ്‌യുവി ചാർജ് ചെയ്യുന്നത്. ഒരൊറ്റ ചാർജിൽ 450 കിലോമീറ്റർ റേഞ്ച് ഉള്ള വാഹനമാണ് കോന. മനുഷ്യ വിസർജ്യത്തെ ഉൗർജമാക്കി മാറ്റുന്നത് കാരണം പ്രവർത്തനച്ചെലവിെൻറ അടിസ്ഥാനത്തിൽ പ്രതിവർഷം 1.7 ദശലക്ഷം ഡോളർ ലാഭിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.
ഈ സാമ്പത്തിക വർഷത്തിൽ 4,000 വീടുകൾക്ക് ആവശ്യമായ ഉൗർജത്തിന് സമാനമായ വൈദ്യുതി ഉൽപാദിപ്പിച്ചുവെന്നും കമ്പനി പറയുന്നു.'ബ്രിസ്ബെയ്നിെൻറ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള 330,000-ത്തിലധികം ആളുകൾ ഓരോ തവണ ഫ്ലഷ് ചെയ്യുമ്പോഴും കമ്പനിയുടെ പൂ-പവർ കാറുകൾക്ക് അരകിലോമീറ്റർ സഞ്ചരിക്കാനുള്ള ഇന്ധനം സൃഷ്ടിക്കാൻ കഴിയും'-കമ്പനി വക്താവ് അന്ന ഹാർട്ട്ലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.