ബെംഗളൂരുവിന്റെ കുരുക്കഴിക്കാൻ ഗൂഗിൾ; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രശ്ന പരിഹാരം
text_fieldsട്രാഫിക് മാനേജ്‌മെന്റിനായി ഗൂഗിളുമായി സഹകരിക്കുന്ന ആദ്യ ഇന്ത്യൻ നഗരമായി ബെംഗളൂരു. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന കർണാടകയുടെ തലസ്ഥാനം ഗതാഗതക്കുരുക്കിനും ഇടുങ്ങിയ റോഡുകൾക്കും പേരുകേട്ടതാണ്. ബെംഗളൂരു ട്രാഫിക് പൊലീസ് ഇനി ഗൂഗിളിൽ നിന്നുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കും. പോലീസ് കമ്മീഷണർ പ്രതാപ് റെഡ്ഡിയാണ് സോഷ്യൽ സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.
'ട്രാഫിക് ലൈറ്റ് കോൺഫിഗറേഷൻ ഒപ്റ്റിമൈസ് ചെയ്യുന്നതിന് ഞങ്ങൾ അടുത്തിടെ ഗൂഗിളുമായി ചേർന്ന് ഒരു പൈലറ്റ് പ്രോജക്റ്റ് ആരംഭിച്ചിട്ടുണ്ട്. ഇത് ഇതിനകം യാത്രക്കാരുടെ സിഗ്നൽ കാത്തിരിപ്പ് സമയം കുറച്ചു'-ബെംഗളൂരുവിലെ ട്രാഫിക് നിയന്ത്രിക്കുന്നത് വലിയൊരു കടമ്പയാണെന്ന് സമ്മതിച്ചുകൊണ്ട് റെഡ്ഡി പറഞ്ഞു.
യാത്രക്കാർ പലപ്പോഴും അഭിമുഖീകരിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ട്രാഫിക് പോലീസ് ഗൂഗിളിന്റെ എ.ഐ ഉപയോഗിക്കും. ഡ്രൈവിങ് ട്രെൻഡുകൾ ട്രാക്ക് ചെയ്യാനും ട്രാഫിക് മാനേജ്മെന്റിനായി പുതുക്കിയ പ്ലാൻ കൊണ്ടുവരാനും ഇത് സിറ്റി ട്രാഫിക് പോലീസിനെ സഹായിക്കുമെന്നും റെഡ്ഡി പറഞ്ഞു. 'ഗൂഗിൾ നൽകിയ ഡാറ്റ അനുസരിച്ച്, ഇതിനകം റോഡിലെ യാത്രക്കാരുടെ കാത്തിരിപ്പ് സമയത്തിന്റെ 20 ശതമാനം കുറച്ചിട്ടുണ്ട്. സമയത്തോടൊപ്പം ഇന്ധനം ലാഭിക്കാനും നഗരത്തിലെ അനാവശ്യ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും പുതിയ പദ്ധതി സഹായിക്കും.
യാത്രക്കാർ പലപ്പോഴും നാവിഗേഷൻ ആവശ്യങ്ങൾക്കായി ഗൂഗിൾ മാപ്സ് (google maps) ഉപയോഗിക്കുന്നുണ്ട്. ആപ്പ് ഉപയോഗിക്കുമ്പോൾ ഗൂഗിൾ മാപ്‌സ് സ്പീഡ് ലിമിറ്റ് ഫീച്ചർ ചെയ്യുന്ന ആദ്യത്തെ നഗരമായും ബെംഗളൂരു മാറിയിട്ടുണ്ട്. 'ഞങ്ങൾ ഗൂഗിൾ മാപ്പിൽ സ്പീഡ് ലിമിറ്റുകളും നൽകുന്നുണ്ട്. ഇത് നഗരത്തിലെ അമിതവേഗതയുള്ള വാഹനങ്ങളെ ഡിജിറ്റലായി നേരിടാൻ സഹായിക്കും'-റെഡ്ഡി പറഞ്ഞു.
നഗരത്തിലെ മിക്ക ട്രാഫിക് സിഗ്നലുകളും ഒപ്റ്റിമൈസ് ചെയ്യാൻ ഗൂഗിൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ ഒരു കോടി വാഹനങ്ങളിലെങ്കിലും ഇതിന്റെ ഗുണഫലം ലഭിക്കും. നഗരത്തിലുടനീളമുള്ള തത്സമയ ട്രാഫിക് അറിയുന്നതിനാൽ യാത്രക്കാർക്ക് തടസ്സത്തെക്കുറിച്ച് നേരത്തേ അറിയാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.