10 കി.മീ സഞ്ചരിക്കാന്‍ അരമണിക്കൂര്‍; ലോകത്തെ ‘വേഗതകുറഞ്ഞ’ റോഡുകൾ ഈ ഇന്ത്യൻ നഗരത്തിൽ
text_fieldsനഗര ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നമാണ് ഗതാഗത കുരുക്കുകൾ. ലോകത്ത് എവിടെയായാലും ഈ പ്രശ്നം അനുഭവിക്കാത്തവർ ചുരുക്കമായിരിക്കും. വികസിത, വികസ്വര, അവികസിത രാജ്യങ്ങളെന്ന വ്യത്യാസമില്ലാതെ മെട്രോ സിറ്റികളിൽ ഗതാഗത കുരുക്ക് ഏറി വരികയാണ്. ഈ പ്രശ്നത്തെ മുൻനിർത്തി നടത്തിയ പഠനത്തിൽ ലോകത്തെ ഏറ്റവും ഗതാഗത കുരുക്കേറിയ നഗരങ്ങളുടെ പട്ടിക സ്വകാര്യ ഏജൻസി പുറത്തുവിട്ടു.
പുതിയ ഗവേഷണ പ്രകാരം ലോകത്തില്‍ സഞ്ചരിക്കാന്‍ ഏറ്റവും വേഗത കുറഞ്ഞ നഗരമായി ലണ്ടന്‍ തെരഞ്ഞെടുക്കപ്പെട്ടു. ലണ്ടന്‍ നഗര മധ്യത്തിലൂടെ റോഡില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ അരമണിക്കൂറിലധികമാണ് എടുക്കുന്നതെന്നാണ കണ്ടെത്തൽ.
2022ലാണ് പഠനം നടത്തിയിരിക്കുന്നത്. യു.കെയുടെ തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തിലൂടെ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശരാശരി 36 മിനിറ്റും 20 സെക്കന്‍ഡും എടുത്തതായി ലൊക്കേഷന്‍ ടെക്‌നോളജിയുടെയും ഉപഭോക്തൃ ഇലക്ട്രോണിക്‌സിന്റെയും ഡെവലപ്പറും സ്രഷ്ടാവുമായ ടോം ടോം നടത്തിയ പഠനത്തിൽ പറയുന്നു.
സഞ്ചരിക്കാന്‍ ഏറ്റവും വേഗത കുറഞ്ഞ നഗരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം ഒരു ദക്ഷിണേന്ത്യന്‍ മെട്രോ സിറ്റിക്കാണ്. ഇന്ത്യയുടെ സിലിക്കണ്‍ വാലിയും ഉദ്യാന നഗരവുമായ ബെംഗളൂരുവാണ് രണ്ടാം സ്ഥാനത്തെത്തിയത്. തിരക്കുള്ള സമയത്ത് ബെംഗളൂരു നഗരത്തിലൂടെ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശരാശരി അരമണിക്കൂറോളം എടുക്കുമെന്നാണ് പറയുന്നത്. കൃത്യമായി പറഞ്ഞാൽ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 28 മിനിറ്റ് 9 സെക്കന്‍ഡ് വേണ്ടി വരും.
ജിയോലൊക്കേഷന്‍ സാങ്കേതികവിദ്യകളിലെ സ്‌പെഷ്യലിസ്റ്റായ ടോംടോം അതിന്റെ വാര്‍ഷിക ട്രാഫിക് സൂചികയുടെ 12-ാം പതിപ്പ് ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്. അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിന്‍, ജാപ്പനീസ് പട്ടണമായ സപ്പോറോ, ഇറ്റലിയിലെ മിലാന്‍ എന്നിവ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ ഇടംനേടി. ബംഗളൂരുവിലെ തിരക്കേറിയ ട്രാഫിക്കിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നഷ്ടമായ ശരാശരി സമയം 129 മണിക്കൂറായിരുന്നുവെന്ന് പഠനം പറയുന്നു. ഇക്കാര്യത്തില്‍ ബെംഗളൂരു ടോപ് 5 പട്ടികയില്‍ നാലാം സ്ഥാനത്താണ്.
ഗതാഗതക്കുരുക്ക് കൂടാതെ കാര്‍ബണ്‍ പുറന്തള്ളലിലും ബെംഗളൂരു മുൻനിരയിലാണ്. കാർബൻ എമിഷന്റെ തീവ്രതയുടെ കാര്യത്തിൽ ലോക നഗരങ്ങളിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലൊന്നില്‍ ബെംഗളൂരു ഇടംപിടിച്ചു. ലോകത്ത് വാഹനമോടിക്കാന്‍ ഏറ്റവും ചെലവേറിയ രണ്ടാമത്തെ നഗരമായി ലണ്ടന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഹോങ്കോങ് ആണ് ഒന്നാമത്. യുക്രൈന്‍ യുദ്ധം കാരണം ഇന്ധനവില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചത്.
ഇന്‍-ഡാഷ് കാര്‍ നാവിഗേഷന്‍, സ്മാര്‍ട്ട്ഫോണുകള്‍, വ്യക്തിഗത നാവിഗേഷന്‍ ഉപകരണങ്ങള്‍, ടെലിമാറ്റിക്സ് സംവിധാനങ്ങള്‍ എന്നിവ വിശകലനംചെയ്താണ് ടോം ടോം പഠന റിപ്പോര്‍ട്ട് തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.