‘ദി ബംഗളൂരു കിഡ്’ ശ്രേയസ് ഹരീഷിന്‍റെ അപ്രതീക്ഷിത വിടവാങ്ങലിൽ പകച്ച് റേസിങ് കൂട്ടായ്മകൾ
text_fieldsദേശീയ ബൈക്ക് റേസിങ് മത്സരത്തിനിടെയുണ്ടായ അപകടത്തിൽ ചാംപ്യൻ ഡ്രൈവറായിരുന്ന ശ്രേയസ് ഹരീഷിന്‍റെ മരണത്തിന്‍റെ ഞെട്ടലിലാണ് രാജ്യത്തെ റേസിങ് കൂട്ടായ്മകൾ. 13കാരനായ ശ്രേയസ് ഹരീഷ്, ചെന്നൈയിലെ മദ്രാസ് ഇന്‍റർനാഷനിൽ സർക്യൂട്ടിൽ നടന്ന റേസിങ് ചാമ്പ്യൻഷിപ്പിനിടെയുണ്ടായ അപകടത്തിലാണ് മരിച്ചത്. ദേശീയ ജേതാവായ ശ്രേയസിന്റെ 200 സിസി മോട്ടോർ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചു മറിയുകയായിരുന്നു. പിതാവ് ഹരീഷും ഒപ്പമുണ്ടായിരുന്നു.
‘ദി ബംഗളൂരു കിഡ്’ എന്നറിയപ്പെടുന്ന ശ്രേയസ് കർണാടക സ്വദേശിയാണ്. ബംഗളൂരുവിലെ കെൻസ്രി സ്കൂൾ വിദ്യാർഥിയായ ശ്രേയസ് 2010 ജൂലൈ 26നാണ് ജനിച്ചത്. ദേശീയ തലത്തിൽ നിരവധി ചാമ്പ്യൻഷിപ്പുകളിൽ കിരീടം നേടിയിട്ടുണ്ട്. മോട്ടർ സൈക്കിളുകളോട് അതിയായ താൽപര്യമുണ്ടായിരുന്ന ശ്രേയസ് ചെറുപ്പം മുതലേ മത്സരത്തിനായി പരിശീലിച്ചിരുന്നു. മലേഷ്യയിൽ ഈ മാസം നടക്കാനിരുന്ന മത്സരത്തിൽ പങ്കെടുക്കാനുള്ള തയാറെടുപ്പുകൾക്കിടെയാണു ദുരന്തം. അപകടം നടന്നശേഷം ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശ്രേയസിന്റെ മരണത്തെ തുടർന്ന് മദ്രാസ് മോട്ടോർ സ്‌പോർട്‌സ് ക്ലബ് വാരാന്ത്യത്തിലെ ബാക്കിയുള്ള മത്സരങ്ങൾ റദ്ദാക്കി. ജൂലൈ 26 ന് തന്റെ പതിമൂന്നാം ജന്മദിനം ആഘോഷിച്ച ശ്രേയസ്, ഒരുപാട് പ്രതീക്ഷകള്‍ നൽകിയ യുവ മോട്ടോർ ബൈക്ക് റേസറായിരുന്നു. ശനിയാഴ്ച ചെന്നൈയിലെ ഇരുങ്ങാട്ടുകോട്ടയിൽ നടന്ന ദേശീയ മോട്ടോർസൈക്കിൾ റേസിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുമ്പോഴാണ് അപകടം ഉണ്ടായത്.
മത്സരത്തിന്റെ മൂന്നാം റൗണ്ടിനിടെ ശ്രേയസിന്‍റെ ബൈക്ക് സ്കിഡ് ആവുകയും ഹെൽമറ്റ് ഊരിപ്പോവുകയായിരുന്നു. ശ്രേയസിന് പിന്നാലെ എത്തിയിരുന്ന മറ്റൊരു റൈഡര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. മേയിൽ സ്പെയിനിൽ നടന്ന ടൂവീലർ റേസിങ് ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടം സ്വന്തമാക്കിയ താരമാണ് ശ്രേയസ്.
സ്പെയിനിൽ നടന്ന എഫ്ഐഎം മിനി-ജിപി വേൾഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത താരം തന്‍റെ പ്രതിഭ വ്യക്തമാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഒന്നാമത്തെയും രണ്ടാമത്തെയും മത്സരത്തിൽ യഥാക്രമം അഞ്ച്, നാല് സ്ഥാനങ്ങളിലാണ് ശ്രേയസ് ഫിനിഷ് ചെയ്തത്. ഇന്ത്യയിലെ ഫിം മിനി-ജിപിയിൽ തന്റെ കരിയർ ആരംഭിച്ച ശ്രേയസ്, 2022-ൽ ചാമ്പ്യൻഷിപ്പ് നേടിയിരുന്നു. റൂക്കി കപ്പിനായി ശ്രേയസിനെ ടിവിഎസ് തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
‘ഇന്ത്യൻ മോട്ടോർസ്പോർട്ടിന്റെ വളർന്നുവരുന്ന മുഖമായിരുന്നു ശ്രേയസ്. ഒരു അന്താരാഷ്ട്ര റേസർ ആകാനുള്ള എല്ലാ സാധ്യതകളും അവനുണ്ടായിരുന്നു. അവൻ റേസിങിനായി ജനിച്ചവനാണെന്ന് ഞങ്ങൾ എപ്പോഴും വിശ്വസിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമായി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അച്ഛൻ ഹരീഷ് വലിയ പിന്തുണയാണ് നൽകിയിരുന്നത്. ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഹരീഷ്, ജോലി രാജിവച്ച് മുഴുവൻ സമയവും സ്പോർട്സിൽ തന്റെ മകനോടൊപ്പം ചിലവഴിക്കുകയായിരുന്നു. ഞങ്ങൾ അവനെ ഒരുപാട് മിസ് ചെയ്യും’-റേസ് സംഘാടകനും മുൻ റേസറുമായ അരവിന്ദ് സിങ് പറഞ്ഞു.
ശ്രേയസ് വളരെ ചെറുപ്പവും കഴിവുള്ളവനുമായിരുന്നുവെന്ന് മുൻ റേസറായ ആനന്ദ് ഹരിഹരൻ പറഞ്ഞു. ‘അവന് ശോഭനമായ ഭാവി ഉണ്ടായിരുന്നു. പക്ഷേ വളരെ വേഗം അവൻ മടങ്ങി. ഇതൊരു നിർഭാഗ്യകരമായ സംഭവമാണ്, ഞങ്ങൾക്ക് അവനെ നഷ്ടപ്പെട്ടു’-അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.