നിസാരമല്ല ഈ ഗതാഗത കുരുക്കുകൾ; ഇന്ത്യൻ നഗരത്തിൽ ട്രാഫിക് ബ്ലോക്ക് കൊണ്ടുള്ള വാർഷിക നഷ്ടം 19,725 കോടി
text_fieldsമനുഷ്യൻ ജീവിതത്തിൽ നിത്യവും അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഗതാഗതക്കുരുക്ക്. ഒരു ഗതാഗതക്കുരുക്ക് നമ്മുക്ക് എന്തെല്ലാം നഷ്ടപ്പെടുത്തും? പ്രധാനമായും സമയമാണ് നഷ്ടങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത്. ഇതേക്കുറിച്ച് പഠനം നടത്തിയ സംഘം കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
ബെംഗളൂരു നഗരം അവിടത്തെ ഗതാഗത കുരുക്കുകൾക്ക് കുപ്രസിദ്ധമാണ്. ഇവിടം കേന്ദ്രീകരിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. 10 കിലോമീറ്റർ സഞ്ചരിക്കാൻ ഒന്നോ ഒന്നരയോ മണിക്കൂർ എന്നത് ബെംഗളൂരു നഗരത്തിന് പുതുമയേയല്ല. പുതിയ പഠനങ്ങളനുസരിച്ച് ബെംഗളൂരുവിന് ഈ ഗതാഗതക്കുരുക്ക് കാരണം 19,725 കോടിയുടെ വാർഷിക നഷ്ടമാണ് സംഭവിക്കുന്നത്. തിരക്ക്, സിഗ്നലുകളുടെ തടസ്സം, സമയനഷ്ടം, ഇന്ധനനഷ്ടം, എന്നിവ കണക്കാക്കിയാണ് നഷ്ടം വിലയിരുത്തിയിരിക്കുന്നത്. പ്രമുഖ ട്രാഫിക്, മൊബിലിറ്റി വിദഗ്ധൻ എം.എൻ ശ്രീഹരിയും സംഘവുമാണ് പഠനം നടത്തിയത്.
ഗതാഗത വളർച്ചയിൽ നിരവധി സർക്കാരുകളുടെയും സ്മാർട്ട് സിറ്റികളുടെയും ഉപദേഷ്ടാവ് കൂടിയായ ശ്രീഹരി, ട്രാഫിക് മാനേജ്‌മെന്റ്, റോഡ് ആസൂത്രണം, മേൽപ്പാലങ്ങൾ എന്നിവയെക്കുറിച്ചുള്ള ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് സമർപ്പിച്ചു. വാഹന വളർച്ചയ്ക്കും ജനബാഹുല്യത്തിനും ആനുപാതികമല്ല ബെംഗളൂരു നഗരത്തിലെ റോഡ് വളർച്ചയെന്ന് റിപ്പോർട്ട് പറയുന്നു.
നഗരത്തിൽ പൂർണമായും പ്രവർത്തനക്ഷമമായ 60 ഫ്‌ളൈ ഓവറുകളുണ്ടെങ്കിലും ഇത് പര്യാപ്തമല്ലെന്നാണ് പഠനം പറയുന്നത്. 14.5 ദശലക്ഷം ആളുകളും 1.5 കോടിക്ക് അടുത്ത് വാഹനങ്ങളും ബെംഗളൂരുവിലുണ്ട്. 2023-ൽ നഗര വിസ്തീർണ്ണം 88 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 985 ചതുരശ്ര കിലോമീറ്ററായി വികസിച്ചു.
ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും നിയമപരമായി പാതകൾ ഉള്ളതിനാൽ റോഡരികിലെ പാർക്കിങ് നീക്കം ചെയ്യണമെന്നും സംഘം നിർദ്ദേശിച്ചിട്ടുണ്ട്.
ഗതാഗതം സുഗമമാക്കുന്നതിന് അടുത്ത 25 വർഷത്തിനുള്ളിൽ മെട്രോ, മോണോറെയിൽ, ഉയർന്ന ശേഷിയുള്ള ബസുകൾ തുടങ്ങിയവ ഏർപ്പെടുത്തണം. ജനങ്ങൾ സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുന്നത് കുറക്കണമെന്നും റിപ്പോർട്ട് അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.