വീട്ടമ്മക്കായി അത്യാഡംബര എസ്.യു.വി നിർമിച്ച് നൽകി ബെൻസ്; അപൂർവ്വം ഈ സൗഹൃദ കഥ
text_fieldsജർമൻ ആഡംബര വാഹന ഭീമനായ മെഴ്സിഡസ് ബെൻസ് ഒരു സാധാരണ വീട്ടമ്മക്കായി ഒരു വാഹനം നിർമിച്ച് നൽകുക. അത്തരമൊരു അപൂർവ്വതയുടെ കഥയാണിനി പറയാൻ പോകുന്നത്. സംഭവം നടന്നത് ഇന്ത്യയിലാണ്. അമിത് ഗൊറോഡിയ എന്ന ആഭരണ വ്യാപാരിയാണ് ഭാര്യ ഗീത ഗൊറോഡിയക്ക് മെഴ്‌സിഡീസ് മെയ്ബ ജിഎല്‍എസ്600 സമ്മാനിച്ചത്. ഗീത ഗൊറോഡിയക്കുവേണ്ടി പ്രത്യേകം നിര്‍മിച്ചതാണ് ഈ എസ്.യു.വി.
സൗഹൃദ കഥ
മെഴ്‌സിഡീസ് ബെൻസ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ മെയ്ബ ജിഎല്‍എസ്600 എസ്.യു.വി ഇന്ത്യയിലെ സമ്പന്നർക്കിടയിൽ വലിയ പ്രചാരം ലഭിച്ച വാഹനമാണ്. സിനിമാ താരങ്ങളുടേയും വന്‍കിട ബിസിനസുകാരുടേയുമെല്ലാം അഭിമാനമായി ഈ ആഡംബര വാഹനം മാറിയിട്ടുണ്ട്. മൂന്നു കോടിയിലേറെ അടിസ്ഥാന വിലയുള്ള വാഹനത്തിന് കസ്റ്റമൈസേഷൻ അനുസരിച്ച് വില പിന്നേയും കൂടും. ഈ വാഹനമാണ് ഗുജറാത്തില്‍ നിന്നുള്ള വ്യാപാരി അമിത് ഭാര്യക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത്. ഈ സമ്മാനത്തിന് പിന്നില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു അപൂര്‍വ സൗഹൃദത്തിനു കൂടി പങ്കുണ്ട്.
ഐ.ഐ.ടി ബോംബെയിലെ 1968 ബാച്ചില്‍ അമിതിനൊപ്പം പഠിച്ച ആത്മസുഹൃത്തായിരുന്നു ഡോ. സുബ്രഹ്‌മണ്യം. അലബാമ സര്‍വകലാശാലയിലെ ആധുനിക വാഹന സാങ്കേതികവിദ്യാ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ഡോ. ബാലസുബ്രഹ്‌മണ്യം. ഇതിന് മുമ്പ് ഡെയ്‌മലർ ബെന്‍സില്‍ ജോലി ചെയ്തിട്ടുള്ള അദ്ദേഹം മെഴ്‌സിഡസ് ബെന്‍സ് ആര്‍ആന്റ്ഡി ഇന്ത്യ ചെയര്‍മാനുമായിരുന്നു. ഇദ്ദേഹമാണ് തന്റെ സുഹൃത്തിന്റെ ഭാര്യക്കായി വാഹനം നിർമിക്കാൻ സഹായിച്ചത്.
പിറന്നാള്‍ ദിനത്തില്‍ അവിചാരിത സമ്മാനമായാണ് ഗീത ഗൊറാഡിയക്ക് റെഡ് മെറ്റാലിക് നിറത്തിലുള്ള ഈ വാഹനം നല്‍കിയത്. ഇതിന്റെ വിഡിയോ മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയും പങ്കുവെച്ചിട്ടുണ്ട്. പതിറ്റാണ്ടുകള്‍ നീണ്ട സൗഹൃദത്തിന്റെ കൂടി ഫലമായാണ് ഇങ്ങനെയൊരു വാഹനം യാഥാര്‍ഥ്യമായതെന്നും ഇത് നല്‍കാനായതില്‍ മെഴ്‌സിഡീസ് ബെന്‍സ് കുടുംബം അഭിമാനിക്കുന്നുവെന്നും മെഴ്‌സിഡെസ് ഇന്ത്യ എം.ഡിയും സി.ഇ.ഒയുമായ മാര്‍ട്ടിന്‍ ഷ്വെന്‍ക് പറഞ്ഞു. വഡോദരയിലെ ഇവരുടെ വീട്ടിലേക്ക് വാഹനം എത്തിക്കുകയായിരുന്നു.
ബെൻസിന്റെ ആഡംബര പൂർണത
ബെൻസിന്റെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നാണ് മേബാ ജി.എൽ.എസ്. അടുത്തിടെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസുഫലിയും ഈ വാഹനം സ്വന്തമാക്കിയിരുന്നു.സെലിബ്രിറ്റികളുടെ പ്രിയ വാഹനമാണ് മേബാ ജി.എൽ.എസ് 600. വിവിധ ഇന്ത്യൻ ഭാഷകളിലെ സിനിമാതാരങ്ങളായ നിരവധി സെലിബ്രിറ്റികൾ ഇതിനകം മേബാ സ്വന്തമാക്കിയിട്ടുണ്ട്.
കാഴ്ചയില്‍ മസ്‌കുലര്‍ ഭാവമുള്ള വാഹനമാണിത്. സിഗ്നേച്ചറായ ക്രോമിയത്തില്‍ പൊതിഞ്ഞ വലിയ വെര്‍ട്ടിക്കിള്‍ ഗ്രില്ല്, സ്‌കിഡ് പ്ലേറ്റും ക്രോമിയം ആക്സെന്റുകളുമുള്ള ബമ്പര്‍, എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, 22 ഇഞ്ച് അലോയി വീല്‍, സി-പില്ലറില്‍ സ്ഥാനം പിടിച്ചിട്ടുള്ള മേബാക്ക് ലോഗോ, എല്‍.ഇ.ഡി.ലൈറ്റുകളും മറ്റ് ബാഡ്ജിങ് എന്നിവയാണ് വാഹനത്തിന്റെ എക്സ്റ്റീരിയറിനെ അലങ്കരിക്കുന്നത്.
ഫുള്ളി ആക്ടീവ് ഇ സസ്‌പെന്‍ഷന്‍, ത്രി ഡി സറൗണ്ട് സൗണ്ട് സിസ്റ്റം, പിന്‍സീറ്റിലെ MBUX സ്‌ക്രീന്‍, മാജിക് വിഷന്‍ കണ്‍ട്രോള്‍ എന്നിങ്ങനെ നിരവധി കസ്റ്റമൈസ്ഡ് ഫീച്ചറുകളും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.
4.0 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എൻജിനാണ് നൽകിയിരിക്കുന്നത്. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്. വെൻറിലേറ്റഡ്, മസാജിങ് സീറ്റുകൾ, വുഡ് ഫിനിഷുകൾ, എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകൾ, 64 കളർ ആംബിയൻറ് ലൈറ്റിങ്, 360 ഡിഗ്രി പാർക്കിങ് കാമറ, നാപ്പ ലെതർ അപ്ഹോൾസ്റ്ററി, ഫൈവ് സോൺ ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ് , റഫ്രിജറേറ്റർ എന്നിവയും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.