'ഒരു രാജ്യം ഒറ്റ നമ്പർ', ഭാരത് രജിസ്ട്രേഷൻ നടപടികള്‍ ലളിതമാക്കി കേന്ദ്രം; ഈ വിഭാഗത്തിൽപ്പെടുന്നവർക്ക് അപേക്ഷിക്കാം
text_fieldsഭാരത് വാഹന രജിസ്ട്രേഷന്‍ (ബി.എച്ച്.) നടപടികള്‍ ലളിതമാക്കി കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. പഴയവാഹനങ്ങള്‍ ബി.എച്ച് രജിസ്ട്രേഷനിലേക്ക് മാറ്റാനും നിലവിലുള്ളവയുടെ ഉടമസ്ഥാവകാശം കൈമാറ്റംചെയ്യാനുമുള്ള നിർദേശങ്ങളും കരടിലുണ്ട്. ബി.എച്ച് രജിസ്ട്രേഷന് അര്‍ഹതയുള്ളവര്‍ക്ക് പഴയവാഹനങ്ങളും ഇതിലേക്ക് മാറ്റാനാകും. താമസസ്ഥലത്തോ, ജോലിചെയ്യുന്ന സ്ഥലത്തോ രജിസ്ട്രേഷന്‍ മാറ്റത്തിന് അപേക്ഷിക്കാം. കേന്ദ്രസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സൈനികര്‍, അഞ്ചു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ ജീവനക്കാര്‍ തുടങ്ങി ബി.എച്ച്. രജിസ്ട്രേഷന് അര്‍ഹതയുള്ളവര്‍ക്കെല്ലാം സൗകര്യം ഉപയോഗിക്കാം.
ഒന്നിലധികം സംസ്ഥാനങ്ങളില്‍ ജോലിചെയ്യേണ്ടിവരുന്നവര്‍ക്ക് വ്യത്യസ്ത രജിസ്ട്രേഷന്‍ കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ബി.എച്ച്. രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയത്. 15 സംസ്ഥാനങ്ങളില്‍ ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. നിലവില്‍ പുതിയവാഹനങ്ങള്‍ക്ക് മാത്രമാണ് ബി.എച്ച്. രജിസ്ട്രേഷന്‍ അനുവദിച്ചിരുന്നത്. ഇതാണിപ്പോൾ പരിഷ്കരിച്ചത്.
നികുതി ഈടാക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് കേരളം ബി.എച്ച് രജിസ്ട്രേഷനെ എതിർത്തിരുന്നു. ബി.എച്ചില്‍ പരമാവധി 13 ശതമാനം നികുതി ഈടാക്കുമ്പോള്‍ സംസ്ഥാനത്ത് 21 ശതമാനംവരെ നികുതിചുമത്തുന്നുണ്ട്. മോട്ടോർ വാഹന നിയമത്തിലെ കേന്ദ്ര സർക്കാരിന്റെ ഭേദഗതി മറികടക്കാനാകില്ലെന്ന നിയമോപദേശത്തെത്തുടർന്ന് കേരളവും ബി.എച്ച് രജിസ്ട്രേഷൻ നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. വാഹന ഉടമകൾക്ക് നികുതിയിൽ ഇളവ് കിട്ടുന്ന പദ്ധതി തമിഴ്നാടും കർണാടകവും ഉൾപ്പെടെ 18 സംസ്ഥാനങ്ങൾ നടപ്പാക്കി.
2021 ആഗസ്റ്റ് 28നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ബി.എച്ച് രജിസ്ട്രേഷൻ നിയമം കൊണ്ടുവന്നത്. സെപ്തംബർ 15ന് രജിസ്ട്രേഷൻ ആരംഭിച്ചു. ബി.എച്ച്. രജിസ്ട്രേഷന്‍ നടപ്പാക്കിയെങ്കിലും വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള വ്യവസ്ഥയില്ലായിരുന്നു. അര്‍ഹതയുള്ളവര്‍ വാങ്ങിയാല്‍മാത്രമേ ബി.എച്ച്. രജിസ്ട്രേഷന്‍ നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. ജീവനക്കാര്‍ നല്‍കേണ്ട സാക്ഷ്യപത്രത്തിന്റെ (ഫോം60) മാതൃകയും കരട് വിജ്ഞാപനത്തിലുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ക്ക് പുതിയ നിര്‍ദേശം പ്രയോജനകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.