ഇന്ധനമില്ലാത്തതിന്റെ പേരില്‍ ബൈക്കിന് പിഴ; അബദ്ധം തുറന്നുപറഞ്ഞ് പൊലീസ്
text_fieldsതിരുവനന്തപുരം: വാഹനത്തിന് മതിയായ ഇന്ധനമില്ലാത്തതിന്റെ പേരില്‍ പോലീസ് പിഴ ചുമത്തിയെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടെ വിശദീകരണവുമായി പൊലീസ്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സംഭവത്തിന് പിന്നിലെ വസ്തുത ഇതാണെന്ന് പറഞ്ഞ കേരള പൊലീസ് കുറിപ്പ് പങ്കുവെച്ചത്. വണ്ടിയിൽ പെട്രോളില്ലെന്ന കാരണത്തിൽ യുവാവിന് പിഴ ചുമത്തിയെന്ന വിവരം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തകൾ വന്നിരുന്നു. ആവശ്യത്തിന് പെട്രോളില്ലാതെ ബൈക്കോടിച്ചു അഥവാ "Driving Without Suffiecient Fuel with passangers" എന്നാണ് യുവാവിന് പൊലീസ് നല്‍കിയ പിഴ റസിപ്ടിൽ രേഖപ്പെടുത്തിയിരുന്നത്.
വാര്‍ത്ത പുറത്തുവന്നതോടെ മോട്ടോര്‍വാഹന നിയമത്തില്‍ "Driving Without Suffiecient Fuel with passangers" എന്നൊരു വകുപ്പുണ്ട് എന്ന് വിദഗ്ധർ പറഞ്ഞിരുന്നു. അത് പക്ഷെ, ഇരുചക്ര വാഹനങ്ങള്‍ക്കും പ്രൈവറ്റ് വാഹനങ്ങൾക്കും ബാധകമായ വകുപ്പല്ല എന്നും ബസ് പോലുള്ള പാസഞ്ചർ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് മാത്രമാണ് ബാധകമാകുക എന്നും എം.വി.ഡി ഉദ്യോഗസ്ഥർ പറയുന്നു.
വിഷയത്തിലെ കേരള പൊലീസ് ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വിവരണം ഇങ്ങിനെ
എറണാകുളം ഇടത്തല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജൂലൈ 22നാണ് സംഭവം. അമിതപ്രകാശം പരത്തുന്ന ലൈറ്റുകള്‍ ഘടിപ്പിച്ച ബൈക്കുമായി വണ്‍വേ തെറ്റിച്ചു വന്ന യുവാവിനെ പൊലീസ് തടയുകയും പിഴ അടക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. പിഴ തുകയായ 250 രൂപ (അനുവദനീയമല്ലാത്ത ലൈറ്റ് ഘടിപ്പിച്ചതിന്) ഒടുക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ചലാന്‍ മെഷീനില്‍ പിഴ സംബന്ധിച്ച കുറ്റകൃത്യത്തിന്റെ കോഡ് നമ്പര്‍ സെലക്ട് ചെയ്തപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന് അബദ്ധം സംഭവിക്കുകയും Kerala Motor Vehicle Rules സെക്ഷന്‍ 46(2)e സെലക്ട് ആവുകയും ചെയ്തു.
പിഴ അടച്ച ചലാനില്‍ സൂചിപ്പിച്ചിരിക്കുന്ന കുറ്റകൃത്യം കൗതുകമായി തോന്നിയ യുവാവ് ഈ ചലാന്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ആയി പോസ്റ്റ് ചെയ്യുകയും ആയത് ലേശം കൗതുകം കൂടുതലുള്ള മറ്റാരോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. അബദ്ധം മനസിലാക്കിയ പൊലീസ് യുവാവിനെ ബന്ധപ്പെട്ട് ഇക്കാര്യം ബോധ്യപ്പെടുത്തുകയും പുതിയ ചലാന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ട്രാഫിക് നിയമങ്ങള്‍ സംബന്ധിച്ച പുതിയ അറിവ് കിട്ടിയതിലും തന്റെ അനുഭവം വൈറല്‍ ആയതിലും യുവാവ് ഇപ്പോള്‍ ഹാപ്പിയാണെന്നും കേരള പൊലീസ് പറഞ്ഞു.
പ്രസ്തുത നിയമപ്രകാരം പൊതുഗതാഗതത്തിനു ഉപയോഗിക്കുന്ന (ടാക്‌സി ഉള്‍പ്പെടെയുള്ള) വാഹനങ്ങളില്‍ മതിയായ ഇന്ധനം കരുതാതിരിക്കുകയോ, യാത്രാക്കാരുമായി ഇന്ധനമോ സി.എന്‍.ജിയോ നിറയ്ക്കാന്‍ ഫ്യുവല്‍ സ്റ്റേഷനിലേക്ക് വാഹനങ്ങള്‍ കൊണ്ടുപോകുന്നതും [46(2)q ] തെറ്റാണ്. യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഈ നിയമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.