വിഡിയോ ചിത്രീകരണത്തിന് ബൈക്കിൽ അഭ്യാസം; നിയന്ത്രണംവിട്ട വാഹനമിടിച്ച് 90കാരന് ഗുരുതര പരിക്ക്
text_fieldsകിളിമാനൂർ (തിരുവനന്തപുരം): വിഡിയോ ചിത്രീകരണത്തിനായി ബൈക്കിൽ അഭ്യാസം പ്രകടനം നടത്തിയവരുടെ വാഹനമിടിച്ച് വയോധികന് ഗുരുതര പരിക്ക്. ചാരുപാറ താഴ്വാരം വീട്ടിൽ ഭാസ്കരപിള്ളക്കാണ് (90) പരിക്കേറ്റത്. ഇദേഹത്തെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കിളിമാനൂർ പൊലീസ് സ്റ്റേഷൻ - തൊളിക്കുഴി റോഡിൽ ഞായറാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിച്ചവർക്കെതിരെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കൂടിയായ മകൻ മുരളീധരൻ കിളിമാനൂർ പൊലീസിൽ പരാതി നൽകി.
ഞായറാഴ്ച രാവിലെ മകളുടെ വീട്ടിൽനിന്നും കാപ്പിയും കുടിച്ച് സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു ഭാസ്കരപിള്ള. ഈ സമയം അമിതവേഗതയിൽ അഭ്യാസം കാണിച്ച് വന്ന ബൈക്കുകളിൽ ഒന്ന് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ഭാസ്കരപിള്ളയെ ഇടിച്ചിട്ടുവെന്ന് പരാതിയിൽ പറയുന്നു. തലക്കും കാലിനും സ്പൈനൽ കോഡിനും ഗുരുതര പരിക്കേറ്റ ഇദ്ദേഹം ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പ്രദേശത്ത് അടുത്തകാലത്തായി ഇത്തരം ബൈക്ക് അഭ്യാസങ്ങൾ നടക്കുന്നുണ്ട്. നാട്ടുകാർ പൊലീസിനും മോ ട്ടോർ വാഹനവകുപ്പിനും പരാതി നൽകിയിരുന്നു. അപകടകരമായ ഇത്തരം അഭ്യാസ പ്രകടനങ്ങൾക്കെതിരെ നഗരത്തിൽ നടത്തി വന്ന ഓപറേഷൻ റാഷ് ജില്ലയിൽ ഉടനീളം വ്യാപിപ്പിച്ച് നടപടി ശക്തമാക്കുമെന്നും കുറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കുള്ള കർശന നടപടി സ്വീകരിക്കുമെന്നും എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ജി. സാജൻ 'മാധ്യമ'ത്തെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.