എല്ലാവരും ആഡംബര കാറുകൾക്ക് പിന്നാലെ പായുമ്പോൾ ഓട്ടോറിക്ഷ സ്വന്തമാക്കി ബോളിവുഡ് നടി; കാരണം അന്വേഷിച്ച് നെറ്റിസൺസ്
text_fieldsതാരമൂല്യം കൂടുന്നതിനനുസരിച്ച് വാങ്ങുന്ന വാഹനത്തിന്റെ വിലയും ആഡംബരവും കൂടുന്നതാണ് സിനിമാ ലോകത്തിന്റെ പ്രത്യേകത. ഇതിൽനിന്ന് വ്യത്യസ്തമായൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ബോളിവുഡിലെ പ്രശസ്ത നടിമാരില്‍ ഒരാളായ ഗുല്‍ പനാഗിന്റെ പുതിയ വാഹനമാണ് വാർത്തകളിൽ ഇടംപിടിച്ചത്. അഭിനേത്രി എന്നതിലുപരി മോഡല്‍, സംരംഭക, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലയിലും ഇവർ തിളങ്ങിയിരുന്നു. അടുത്തിടെ ഹിറ്റായ ചില വെബ്‌സീരീസുകളിലും ഇവർ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു. അറിയപ്പെടുന്ന വാഹന പ്രേമികൂടിയായ ഗുൽ അടുത്തിടെ സ്വന്തമാക്കിയത് ഒരു ഓട്ടോറിക്ഷയാണ്.
മഹീന്ദ്ര സോര്‍ ഗ്രാന്‍ഡ് ഓട്ടോ റിക്ഷയാണ് ഗുല്‍ പനാഗ് സ്വന്തമാക്കിയ ഏറ്റവും പുതിയ വാഹനം. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ത്രീ വീലറാണിത്. ഒരുപാട് കാറുകള്‍ വാങ്ങാന്‍ ശേഷിയുള്ള നടി ഇലക്ട്രിക് ത്രീവീലര്‍ വാങ്ങിയത് എന്തിനായിരിക്കും എന്നായിരിക്കും ഇപ്പോള്‍ ആരാധകര്‍ ചിന്തിക്കുന്നത്. എന്നാൽ ഇതിനുള്ള ഉത്തരം ഇനിയും നടി നൽകിയിട്ടില്ല. ഡെലിവറി വാന്‍ ബോഡി, പിക്ക്-അപ്പ് സ്‌റ്റൈല്‍ ബോഡി ഓപ്ഷനുകളില്‍ മഹീന്ദ്ര സോര്‍ ഗ്രാന്‍ഡ് ഇലക്ട്രിക് ഓട്ടോറിക്ഷ ലഭ്യമാണ്. ഇതില്‍ ഗുല്‍ പനാഗ് തിരഞ്ഞെടുത്തിരിക്കുന്നത് പിക്ക് അപ്പ് സ്‌റ്റൈല്‍ ബോഡി മോഡലാണ്.
മഹീന്ദ്ര ഈ വര്‍ഷമാണ് സോര്‍ ഗ്രാന്‍ഡ് ഇലക്ട്രിക് ഓട്ടോറിക്ഷ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ചരക്കുകള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ഗുഡ്സ് ഓട്ടോറിക്ഷയാണിത്. 10.24 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് വാഹനത്തിന് കരുത്തേകുന്നത്. 12 kW ഇലക്ട്രിക് മോട്ടോറും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഇലക്ട്രിക് ഓട്ടോറിക്ഷ ആണെങ്കിലും കുത്തനെയുള്ള റോഡുകളില്‍ അനായാസം ഇത് കയറിപ്പോകും. കാരണം അതിന്റെ ടോര്‍ക്ക് ഔട്ട്പുട്ട് 50 Nm ആണ്. ഒറ്റ ചാര്‍ജില്‍ 153 കിലോമീറ്റര്‍ സഞ്ചരിക്കാനാകുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. 3.50 ലക്ഷം മുതല്‍ 3.80 ലക്ഷം (എക്‌സ്‌ഷോറൂം) വരെയാണ് വില.
ഗുൽ പനാഗിന്റെ വാഹന ശേഖരത്തിലെ ആദ്യത്തെ ഇലക്ട്രിക് വാഹനമല്ല സോർ. നേരത്തെ ഒരു മഹീന്ദ്ര E2o ഇലക്ട്രിക് കാറും അവര്‍ സ്വന്തമാക്കിയിരുന്നു. 2013-ല്‍ മഹീന്ദ്ര പുറത്തിറക്കിയ ചെറു സിറ്റി കാര്‍ ആണിത്. ഇതിനുപുറമെ പുതുതലമുറ മഹീന്ദ്ര ഥാര്‍, മഹീന്ദ്ര അള്‍ടുറാസ് G4 എന്നീ കാറുകളും ബിഎംഡബ്ല്യു F650 ഫണ്ടുറോ, ട്രയംഫ് ബോണവില്‍ T120, ജാവ 42 തുടങ്ങിയ വാഹനങ്ങള്‍ ഗുല്‍ പനാഗിന്റെ ഗരാജിലുണ്ട്. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഗുല്‍ പനാഗ് ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റാര്‍ട്ടപ്പായ സണ്‍ഫ്യുവല്‍ ഇലക്ട്രിക്കിന്റെ സഹ-സ്ഥാപക കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.