‘ബണ്ണി ഹെൽമറ്റ്’ ധരിച്ച് ബൈക്കിൽ അഭ്യാസ പ്രകടനം; യുവാവിന് 10,000 രൂപ പിഴ, ബൈക്ക് പിടിച്ചെടുത്തു
text_fieldsചെന്നൈ: അപകടകരമായ രീതിയിൽ ബണ്ണി മുഖമുള്ള ഹെൽമറ്റ് ധരിച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്ന യുവാവിന്‍റെ വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ നടപടിയുമായി പൊലീസ്. യുവാവിനെ കണ്ടെത്തി വൻ തുക പിഴ ചുമത്തിയിരിക്കുകയാണ് തമിഴ്നാട് പൊലീസ്.
വിഡിയോ വൈറലായതിനെ തുടർന്ന് തെങ്കാശി ജില്ലാ പോലീസ് സൂപ്രണ്ട് സുരേഷ് കുമാർ ഉടൻ പ്രതിയെ പിടികൂടാൻ നിർദേശം നൽകിയിരുന്നു. അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചയാൾക്കെതിരെ കേസെടുക്കാനും ഹെൽമറ്റും ബൈക്കും പിടിച്ചെടുക്കാനും കുറ്റാലം പൊലീസിന് തെങ്കാശി എസ്.പി നിർദേശം നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തെങ്കാശി ടൗണിലെ മലയൻ സ്ട്രീറ്റിൽ സുരേഷിന്റെ മകൻ സുജിത് (23) ആണ് പിടിയിലായത്.
സി.സി.ടി.വി കാമറകൾ പരിശോധിച്ചതിൽനിന്ന് ബണ്ണി ഹെൽമറ്റ് ധരിച്ച സുജിത്ത്, ആളുകളെ ഭയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ബൈക്കിൽ തെരുവുകളിൽ കറങ്ങിയതായി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സുജിത്തിനെതിരെ മോട്ടോർ വാഹന നിയമപ്രകാരം കേസെടുക്കുകയും 10,000 രൂപ പിഴ ഈടാക്കുകയും ബൈക്ക് കണ്ടുകെട്ടുകയും ചെയ്തു. കാമറയ്ക്ക് മുന്നിൽ മാപ്പ് ചോദിക്കാനും സുജിത്തിനോട് പൊലീസ് നിർദേശിച്ചു.
വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്ന തരത്തിൽ വാഹനമോടിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.