ഉടമകൾ ജാഗ്രത പുലർത്തുക, ഇൗ 10 കാറുകൾ അടുത്തവർഷം മുതൽ ഇന്ത്യയിൽ ഉണ്ടാകില്ല
text_fieldsമനുഷ്യർ മരിക്കുന്നതുപോലെ വാഹനങ്ങൾക്കും മരണമുണ്ടോ? ഉണ്ടെന്നുവേണം കരുതാൻ. ഇന്ത്യയിലെ ഏതൊരു വാഹനത്തിേൻറയും പരമാവധി ജീവിത ചക്രം ഇപ്പോൾ 20 വർഷമാണ്. അതിനുശേഷം നിർബന്ധിത മരണമാണ് ഇവയെ കാത്തിരിക്കുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായി വർഷാവർഷം ചില വാഹനങ്ങൾ അകാല ചരമം പ്രാപിക്കാറുണ്ട്. 2021നെ സംബന്ധിച്ച് ഇങ്ങിനുള്ള വാഹനങ്ങളുടെ എണ്ണം കൂടുതലാണ്. അതിനുള്ള പ്രധാന കാരണം ഫോർഡ് മോേട്ടാഴ്സ് എന്ന അമേരിക്കൻ വാഹന ഭീമെൻറ ഇന്ത്യവിട്ടുള്ള മടങ്ങിപ്പോക്കാണ്. ഒറ്റയടിക്ക് നാല് മോഡലുകളാണ് ഫോർഡിനൊപ്പം നാടുവിടുന്നത്. അതോടൊപ്പം, വിൽപ്പനയില്ലാത്തതിനാലും പുതിയ മോഡലുകൾ പകരം വന്നതിനാലുമൊക്കെ നിരവധി കാറുകൾ 2021 ൽ രാജ്യത്ത് അന്ത്യകൂദാശക്ക് വിധേയമാക്കപ്പെടും.
1. ഫോർഡ് ഫിഗോ, ആസ്പയർ, ഇക്കോസ്‌പോർട്ട്, എൻഡവർ
മുകളിൽ പറഞ്ഞതുപോലെ നാല് ഫോർഡ് കാറുകളാണ് രാജ്യത്തിെൻറ വാഹനഭൂപടത്തിൽനിന്ന് മാഞ്ഞുപോകുന്നത്. ഫോർഡിെൻറ ഹോട്ട് സെല്ലിങ് ഹാച്ച്ബാക്കായിരുന്നു ഫിഗോ.പെട്രോൾ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലും ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും ലഭ്യമായ ഫോർഡ് ഫിഗോ മികച്ച ഡ്രൈവബിലിറ്റിയുള്ള കാർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഫിഗോക്ക് ഫ്രീസ്റ്റൈൽ എന്ന ക്രോസ്ഓവർ പതിപ്പും ഫോർഡ് നൽകിയിരുന്നു.
ഫിഗോയുടെ സെഡാൻ പതിപ്പായിരുന്നു ആസ്പയർ. മാരുതി സുസുക്കി ഡിസയർ, ഹ്യുണ്ടായ് ഓറ, മറ്റ് കോംപാക്റ്റ് സെഡാനുകൾ എന്നിവയുമായി ആസ്പയർ വിപണിയിൽ മത്സരിച്ചു. ആസ്പയറും പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്തിരുന്നു. സോളിഡ് ബിൽഡ് ക്വാളിറ്റിയും വിലക്കുറവുമായിരുന്നു ആസ്പയറിനെ ആകർഷകമാക്കിയിരുന്നത്.
ഫോർഡിെൻറ ആദ്യത്തെ കോംപാക്റ്റ് എസ്‌യുവിയായിരുന്നു ഇക്കോസ്‌പോർട്ട്. ഈ വിഭാഗത്തെ ഇന്ത്യയിൽ ജനപ്രിയമാക്കിയതിൽ ഇക്കോസ്പോർട്ടിന് വലിയ പങ്കുണ്ട്. ഇന്ത്യയിൽ ഫോർഡ് ഏറ്റവും കൂടുതൽ വിറ്റഴിച്ച വാഹനമാണ് ഇക്കോസ്‌പോർട്ട്. ഇവയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ പുറത്തിറക്കാനിരിക്കെയാണ് ഫോർഡിെൻറ ചരിത്രപരമായ തീരുമാനം ഉണ്ടാകുന്നത്.
ടൊയോട്ട ഫോർച്യൂണറിനെ വെല്ലുവിളിക്കുന്ന ഇന്ത്യയിലെ ഏക എസ്.യു.വിയായിരുന്നു എൻഡവർ. മികച്ച വാഹനമെന്ന് പേരെടുത്തെങ്കിലും വിൽപ്പനയിൽ വിപ്ലവം സൃഷ്ടിക്കാനൊന്നും എൻഡവറിന് ആയില്ല. യാത്രാസുഖമുള്ള എസ്.യു.വി എന്നതായിരുന്നു ഫോർഡിെൻറ ഉപഭോക്താക്കൾക്കുള്ള വാഗ്ദാനം. രാജ്യത്തെ ആദ്യത്തെ 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ യൂനിറ്റ് ഉപയോഗിച്ച വാഹനവും എൻഡവർ ആയിരുന്നു.
5, ടൊയോട്ട യാരിസ്
ഒട്ടും ജനപ്രിയമല്ലായിരുന്നു ടൊയോട്ട യാരിസ്. വിപണിയിൽ അവതരിപ്പിച്ച് വെറും മൂന്ന് വർഷത്തിനുള്ളിലാണ് യാരിസ്, ഇന്ത്യയിൽ നിന്ന് ജപ്പാനിലേക്ക് വണ്ടികയറുന്നത്. 2018 ലാണ് ടൊയോട്ട, യാരിസിനെ ഇന്ത്യയിൽ അവതരിപ്പിച്ചത്. മുന്നുവർഷംകൊണ്ട് 19,784 യൂനിറ്റ് മാത്രമാണ് വിറ്റുപോയത്. ചില വേരിയൻറുകളിൽ ഏഴ് എയർബാഗുകൾ ഉൾക്കൊള്ളുന്ന, നീണ്ട ഫീച്ചർ ലിസ്റ്റും സുരക്ഷാ കിറ്റും ഉള്ള മികച്ച വാഹനമായിരുന്നു യാരിസ്.
5-സ്പീഡ് മാനുവൽ അല്ലെങ്കിൽ സി.വി.ടി ഗിയർബോക്‌സുമായി ബന്ധിപ്പിച്ചിട്ടുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ മാത്രമാണ് യാരിസിൽ ടൊയോട്ട വാഗ്ദാനം ചെയ്തിരുന്നത്. ഡീസൽ എഞ്ചിൻ ഇല്ല എന്നതിൽ തുടങ്ങുന്നു യാരിസിെൻറ പരാജയ കാരണം. ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർന, മാരുതി സുസുകി സിയാസ് തുടങ്ങിയ ഘടാഘടിയന്മാരായ എതിരാളികൾ ഉൾപ്പെടുന്ന വിഭാഗത്തിൽ തുടക്കംമുതൽ തന്നെ കിതച്ചു യാരിസ്. മൂല്യവർധിത ഉത്പന്നമല്ല എന്നതാണ് യാരിസിൽ ഉപഭോക്താക്കൾ കണ്ടെത്തിയ പ്രശ്നം. യാരിസിനുപകരം മാരുതി സുസുക്കി സിയാസിനെ അടിസ്ഥാനമാക്കിയുള്ള ബെൽറ്റയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനാണ് നീക്കം നടക്കുന്നത്.
6. മഹീന്ദ്ര എക്സ്.യു.വി 500
മഹീന്ദ്രയുടെ ജനപ്രിയ എസ്.യു.വിയായ എക്സ്.യു.വി 500െൻറ നിർബന്ധിത പിൻവാങ്ങലിനുകാരണം വിൽപ്പനക്കുറവോ മറ്റ് മോശം പ്രകടനങ്ങളോ അല്ല. എക്സ്.യു.വി 700 എന്ന കൂടുതൽ മെച്ചപ്പെട്ട മോഡൽ വന്നതോടെയാണ് 500 തിരശ്ശീലയിലേക്ക് മായുന്നത്. നിലവിൽ വാഹനം മഹീന്ദ്ര ഷോറൂമുകളിൽ ലഭ്യമാണെങ്കിലും, പതിയെ പിൻവലിക്കും. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയുമായി മത്സരിക്കാൻ എക്സ്.യു.വി 500െൻറ പുതിയൊരു അവതാരം വിപണിയിൽ എത്തിക്കാനും സാധ്യതയുണ്ട്.
7. ഹോണ്ട സിവിക്
ജപ്പാനിലും യൂറോപ്പിലുമെല്ലാം വലിയ വിജയ ചരിത്രമുള്ള വാഹനമാണ് ഹോണ്ട സിവിക്. ആദ്യ വരവിൽ ഇന്ത്യക്കാരുടെ മനസുകവരാനും ഇൗ വാഹനത്തിനായി. എന്നാൽ 2019ൽ ഹോണ്ട ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവന്ന പത്താം തലമുറ സിവിക് ഒരു ദുരന്തമായിരുന്നു. ടൊയോട്ട കൊറോളയും സ്കോഡ ഒക്ടാവിയയും ഹ്യൂണ്ടായ് എലാൻഡ്രയുമെല്ലാം അരങ്ങുവാഴുന്ന പ്രീമിയം സെഡാൻ വിഭാഗത്തിൽ സിവിക് ഒട്ടും ക്ലച്ചുപിടിച്ചില്ല. കോവിഡ് തരംഗത്തിലും കുടുങ്ങിയതോടെ ഗ്രേറ്റർ നോയിഡ പ്ലാന്റിൽ സിവികുകളുടെ നിർമ്മാണം നിർത്താനും വിൽപ്പന രാജ്യത്ത് അവസാനിപ്പിക്കാനും ഹോണ്ട തീരുമാനിക്കുകയായിരുന്നു.
8. ഹോണ്ട സി.ആർ.വി
മോണോകോക്ക് ഷാസിയിൽ മികച്ച യാത്രാസുഖവുമായി ഹോണ്ട അവതരിപ്പിച്ച വാഹനമായിരുന്നു സി.ആർ.വി. എസ്.യു.വി എന്നതിനേക്കാൾ ക്രോസ് ഒാവർ എന്നാണ് സി.ആർ.വിയെ വിളിക്കേണ്ടത്. വിൽപ്പനക്കുറവ് തന്നെയാണ് ഇൗ മികച്ച വാഹനത്തിനും തിരിച്ചടിയായത്. യൂറോപ്യൻ ഫിറ്റും ഫിനിഷുമെല്ലാം ഉണ്ടായിട്ടും ഇന്ധനക്ഷമതയില്ലായ്മയും സർവ്വീസ് പരാധീനതകളും വിലക്കൂടുതലും സി.ആർ.വിക്ക് തിരിച്ചടിയായി. ഇതോടെ ഹോണ്ട വാഹനത്തിെൻറ വിൽപ്പന ഇന്ത്യയിൽ നിർത്തലാക്കുകയായിരുന്നു.
9. ഹ്യുണ്ടായ് ഗ്രാൻഡ് െഎ 10
ഈ വർഷം ആദ്യം ഹ്യുണ്ടായ് വാഹന നിരയിൽ നിന്ന് നിശബ്ദമായി നീക്കം ചെയ്ത മോഡലാണ് ഗ്രാൻഡ് െഎ 10. ഹാച്ച്ബാക്കുകളുടെ വിഭാഗത്തിൽ മാരുതിയോട് ഏറ്റുമുട്ടാൻ ഹ്യുണ്ടായെ സഹായിച്ച മോഡലുകളിൽ ഒന്നായിരുന്നു ഇത്. ജനുവരിയിൽ, ഗ്രാൻഡ് െഎ10 നിയോസ് വരികയും ഗ്രാൻഡ് െഎ 10 പിന്നിലേക്ക് മാറ്റപ്പെടുകയും ചെയ്തു. നിയോസ് വിൽപ്പന വർധിപ്പിച്ചതോടെ ഗ്രാൻഡിന് തിരശ്ശീല വീഴുകയായിരുന്നു.
10. മഹീന്ദ്ര ആൾട്ടുറാസ് ജി 4
മഹീന്ദ്രയുടെ പതാകവാകൻ എസ്.യു.വിയായ ആൾട്ടുറാസ് ജി 4 ഉടൻ ഇന്ത്യൻ വിപണിയിൽ നിർത്തലാക്കുമെന്നാണ് വിവരം. വിൽപ്പനയില്ലായ്മയാണ് ആൾട്ടൂറസിന് വിനയായത്. എക്സ്.യു.വി 700 വരുന്നതോടെ മറ്റൊരു ഫുൾസൈസ് എസ്.യു.വിക്ക് വിപണിയിൽ ഇടമില്ല എന്നാണ് മഹീന്ദ്രയുടെ വിലയിരുത്തൽ. നിലവിൽ നിർമാണം പൂർത്തിയായ വാഹനങ്ങൾ വിറ്റുകഴിഞ്ഞാൽ മഹീന്ദ്ര ആൾട്ടൂറസുകളുടെ അധ്യായത്തിന് അവസാനം കുറിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.