മുഖ്യമന്ത്രിക്ക് എന്തിനാണ് കറുത്ത കാറുകൾ?; മാറ്റത്തിന് കാരണം ഇതാണ്
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിക്കും വാഹന വ്യൂഹത്തിനുമായി ഇനിമുതൽ കറുത്ത ഇന്നോവ കാറുകളായിരിക്കും ഉപയോഗിക്കുക എന്ന വാർത്ത നേരത്തേ പുറത്തുവന്നിരുന്നു. നിലവിൽ വെള്ള നിറത്തിലുള്ള വാഹനങ്ങളാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും ഉപയോഗിക്കുന്നത്. ഇത് മാറി കറുത്ത വാഹനങ്ങൾ ഉപയോഗിക്കാണ് പുതിയ തീരുമാനം.
മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ശിപാർശയിലാണ് നിറം മാറ്റം. കറുപ്പ് നിറത്തിലുള്ള മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ടാറ്റ ഹാരിയറുമാണ് വാങ്ങുന്നത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ഇതിനായി സെപ്റ്റംബറില്‍ 62.46 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ഉത്തരവും ഇറങ്ങിയിരുന്നു. പുതുവത്സരത്തിൽ ഈ കാറുകളിലാകും മുഖ്യമന്ത്രിയും സുരക്ഷ ഉദ്യോഗസ്ഥരും യാത്ര ചെയ്യുക.
പുതിയ കാറുകള്‍ വരുമ്പോള്‍ നിലവില്‍ ഉപയോഗിക്കുന്നവയില്‍ രണ്ട് കാറുകള്‍ മാറ്റും. കാലപ്പഴക്കം മൂലം കാര്യക്ഷമത കുറഞ്ഞതിനാല്‍ കാറുകള്‍ മാറ്റണം എന്നായിരുന്നു സര്‍ക്കാരിനോട് പൊലീസ് മേധാവിയുടെ ശുപാര്‍ശ.
പ്രധാനമന്ത്രി ഉൾപ്പെടെ രാജ്യത്തെ പ്രമുഖ വി.വി.ഐ.പികൾ കറുത്ത കാറുകളിലാണ് യാത്ര ചെയ്യുന്നതെന്നും കേരളത്തിലെ വി.വി.ഐ.പിയായ മുഖ്യമന്ത്രിക്ക് അത്തരത്തിലുള്ള വാഹനം വേണമെന്നുമുള്ള ശിപാർശയാണ് മുൻ ഡി.ജി.പി നൽകിയിരുന്നത്. അതാണ് സർക്കാർ അംഗീകരിച്ച് നടപടിയിലേക്ക് കടന്നത്.
കെഎല്‍ 01 സിഡി 4764, കെഎല്‍ 01 സിഡി 4857 എന്നീ റജിസ്ട്രേഷന്‍ നമ്പറുകളുള്ള കാറുകളാണ് പൈലറ്റ്, എസ്‌കോര്‍ട്ട് ഡ്യൂട്ടികളില്‍ നിന്ന് ഒഴിവാക്കുന്നത്. നാല് വര്‍ഷം പഴക്കമുള്ള വാഹനങ്ങളാണിവ. പ്രത്യേക കേസായി പരിഗണിച്ചാണ് കാറുകള്‍ വാങ്ങാനുള്ള തീരുമാനം പൊതുഭരണ വകുപ്പ് എടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്താണ് കറുപ്പിെൻറ പ്രത്യേകത
രാത്രി സുരക്ഷക്ക് മികച്ചത് കറുപ്പ് നിറമാണ് എന്ന വിലയിരുത്തലിലാണ് പിണറായി വിജയന് കറുത്ത കാർ ശിപാർശ ചെയ്യപ്പെട്ടിട്ടുള്ളത്. രാത്രി ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ കറുത്ത വാഹനങ്ങൾ സഹായിക്കും എന്ന വിലയിരുത്തലില്‍ പല രാഷ്ട്രത്തലവന്മാരും ഇത്തരം കാറുകളാണ് ഉപയോഗിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് രണ്ട് തവണയാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തിൽ പെട്ടത്. കാസര്‍കോട്ടെ സി.പി.ഐ.എം പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ പയ്യന്നൂര്‍ പെരുമ്പയിൽ വെച്ച് മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനങ്ങള തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായി. മൂന്നുവാഹനങ്ങളും പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ വാഹനം, അതിന് പുറകിലായുണ്ടായിരുന്ന മറ്റൊരു പൊലീസ് എസ്‌കോര്‍ട്ട് വാഹനം എന്നിവയാണ് അപകടത്തിൽ പെട്ടത്.
ഇതുകൂടാതെ, കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനവും അപകടത്തില്‍പ്പെട്ടിരുന്നു. വാഹനം നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാര്‍ണിംഗ് പൈലറ്റ് വാഹനമായിരുന്നു അപകടത്തില്‍ പെട്ടത്. ആദ്യ അപകടം നടന്ന ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും അപകടം ഉണ്ടായത് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതും വാഹന മാറ്റത്തിന് കാരണമായിട്ടുണ്ട്.
വി.വി.െഎ.പി ഇന്നോവ
ഇന്നോവ ക്രിസ്റ്റ രാജ്യത്തെ ജനപ്രിയ എംപിവിയാണ്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഈ വാഹനം ലഭ്യമാണ്. എംപിവിയുടെ പെട്രോൾ പതിപ്പിന് 2.7 ലിറ്റർ എഞ്ചിനാണ് കരുത്ത് പകരുന്നത്, ഡീസൽ പതിപ്പിൽ 2.4 ലിറ്റർ എഞ്ചിനാണ് ബിഎസ് 6 എഞ്ചിനാണ് ഉപയോഗിക്കുന്നത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട തങ്ങളുടെ ജനപ്രിയ മോഡലായ ക്വാളിസിനു പകരക്കാരനായി 2005 ലാണ് ഇന്നോവയെ വിപണിയില്‍ അവതരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.