കാർ വിൽപ്പന ഇരട്ടിയായി, സി.എൻ.ജി വില നാലാമതും വർധിപ്പിച്ച് കമ്പനികൾ; ഇരുട്ടടി
text_fieldsപെട്രോൾ, ഡീസൽ വില വർധനവ് കാരണം സി.എൻ.ജി കാറുകൾ വാങ്ങാൻ തുടങ്ങിയ പൗരന്മാരെ വലച്ച് വിലവർധന. ഇൗ വർഷം നാലാമതും സി.എൻ.ജിക്ക് വിലവർധിപ്പിച്ചിരിക്കുകയാണ് കമ്പനികൾ. രാജ്യത്തെ പ്രമുഖ സി.എൻ.ജി വിതരണക്കാരായ മഹാനഗർ ഗാസ് ലിമിറ്റഡ് ഒരു കിലോ സി.എൻ.ജിയുടെ വില 61.50 രൂപയായാണ് വർധിപ്പിച്ചത്. ഇൗ വർഷം ഫെബ്രുവരിയിൽ 49.40 രൂപയുണ്ടായിരുന്ന സി.എൻ.ജിയാണ് ഇപ്പോൾ 61.50 ൽ എത്തിയിരിക്കുന്നത്.
ഉയർന്ന ഉപഭോഗം കാരണം സി.എൻ.ജി കുടുതലായി ഇറക്കുമതി ചെയ്യാനാണ് വിലവർധനയെന്നാണ് കമ്പനികളുടെ വാദം. അഞ്ച് മാസത്തിനിടെ മൂന്നാമത്തെയും, ഈ വർഷം നാലാമത്തെയും വിലവർധനയാണ് ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത്. ഒക്ടോബറിലാണ് ഇതിനുമുമ്പ് വില വർധിപ്പിച്ചത്. അന്ന് കിലോഗ്രാമിന് 57.54 രൂപയിൽ നിന്ന് 7 ശതമാനം വർധനയാണ് വരുത്തിയത്.
ഇൗ കലണ്ടർ വർഷത്തിൽ, സിഎൻജി വില മുംബൈയിൽ 28 ശതമാനം വരെ ഉയർന്നു. പെട്രോൾ, ഡീസൽ കാറുകൾ വിറ്റ് സി.എൻ.ജി വാങ്ങിയ സാധാരണക്കാരും ടാക്സി ഡ്രൈവർമാരും വാണിജ്യ വാഹന ഉടമകളുമാണ് ഇതോടെ പ്രതിസന്ധിയിലായത്. മാരുതി പോലെ സിഎൻജി വാഹനങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന നിർമ്മാതാക്കൾക്കും ഇത് നല്ല വാർത്തയല്ല.
സി.എൻ.ജി വാഹന വിൽപ്പന കുതിക്കുന്നു
ഈ സാമ്പത്തിക വർഷം സി.എൻ.ജി കാർ വിൽപ്പന കുതിച്ചുയർന്നിരുന്നു. പെട്രോൾ, ഡീസൽ വിലയിൽ നിന്നുള്ള മോചനമായാണ് ആളുകൾ സി.എൻ.ജിയിലേക്ക് മാറിയത്. ഹരിത ഇന്ധനം എന്ന മേന്മയും സി.എൻ.ജിക്കുണ്ട്. 2022 സാമ്പത്തിക വർഷത്തിലെ ആദ്യ ഏഴ് മാസങ്ങളിൽ (ഏപ്രിൽ-ഒക്ടോബർ) സിഎൻജിയിൽ പ്രവർത്തിക്കുന്ന പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന 66 ശതമാനം വർധിച്ച് 1,19,372 യൂനിറ്റുകളായിരുന്നു. 77,451 യൂനിറ്റുകളുമായി കാറുകളുടെ വിഭാഗം 57 ശതമാനം വളർച്ചയാണ് കൈവരിച്ചത്. 15,138 വാനുകളും വിറ്റഴിഞ്ഞു.
രാജ്യത്തെ മൊത്തത്തിലുള്ള പാസഞ്ചർ വെഹിക്കിൾ (പി.വി ) സെഗ്‌മെന്റിൽ സി.എൻ.ജി വിഹിതം ഗണ്യമായി വർധിച്ചിട്ടുണ്ട്. കാറുകൾ 9.87 ശതമാനമായും യൂട്ടിലിറ്റി വെഹിക്കിളുകൾ 3.50 ശതമാനമായും വാനുകൾ 24 ശതമാനമായും ഇക്കാലയളവിൽ വർധിച്ചു. മൊത്തത്തിൽ പിവി വിപണിയിലെ സിഎൻജി വിഹിതം ഒരു വർഷം മുമ്പ് 6.03 ശതമാനമായിരുന്നത് 7.40 ആയി ഉയർന്നു.
മാരുതി സുസുകിയും ഹ്യുണ്ടായ് ഇന്ത്യയുമാണ് പി.വി വിൽപ്പനയിൽ മുന്നിൽ നിൽക്കുന്ന കമ്പനികൾ. ഏറ്റവും വിൽപ്പനയുള്ള 11 മോഡലുകളിൽ ഏഴും മാരുതിയുടേതാണ്. ആൾട്ടോ, എസ്-പ്രസ്സോ, സെലേരിയോ, വാഗൺ ആർ, ഡിസയർ, എർട്ടിഗ, ഇക്കോ എന്നിവയാണാ മോഡലുകൾ. നിലവിലെ സാമ്പത്തിക വർഷത്തിൽ വിറ്റഴിഞ്ഞ 1,01,412 യൂനിറ്റുകളിൽ 82,351 എണ്ണവും മാരുതി വാഹനങ്ങളാണ്.
ഗ്രാൻഡ് ഐ10, സാൻട്രോ, ഓറ, എക്‌സെന്റ് എന്നീ 4 ഹ്യൂണ്ടായ് മോഡലുകളാണ് രണ്ടാം സ്ഥാനത്തുള്ളത്. 19,061 യൂനിറ്റുകളാണ് ഹ്യുണ്ടായ് വിറ്റത്. ടാറ്റ മോട്ടോഴ്‌സ് ഇനിയും സി.എൻ.ജി വിപണിയിൽ എത്തിയിട്ടില്ല. ഇ.വികളിലാണ് അവർ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. സിഎൻജി വിഭാഗത്തിലേക്കുള്ള ടാറ്റയുടെ പ്രവേശനം ആസന്നമാണെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.