കണ്ടെയ്നർ വീണിട്ടും ‘കട്ടക്ക്’; കാറുകൾക്കിടയിലെ ശക്തിമാനെ കാണാം -വൈറൽ വിഡിയോ
text_fieldsകണ്ടെയ്നർ ട്രക്ക് മുകളിൽ വീണിട്ടും തകരാതെ നിൽക്കുന്ന കാറിന്‍റെ വിഡിയോ വൈറലാകുന്നു. ഗുജറാത്തിലായിരുന്നു സംഭവം. 'പ്രതീക് സിങ്' എന്നയാളുടെ യൂട്യൂബ് ചാനലിലാണ് ഇതുമായി ബന്ധപ്പെട്ട വിഡിയോ പങ്കുവെക്കപ്പെട്ടത്. ഗുജറാത്തിലെ രാജ്കോട്ടിലെ ഹൈവേയിലാണ് അപകടമുണ്ടായതെന്നാണ് വിഡിയോയില്‍ പറയുന്നത്. കണ്ടെയ്നര്‍ കയറ്റി പോവുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് ഫോക്‌സ്‌വാഗണ്‍ പോളോ ഹാച്ച്ബാക്കിലേക്ക് വീഴുകയായിരുന്നു.
കാറിലെ യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെന്നും റിപ്പോർട്ടുണ്ട്. വിഡിയോ വൈറലായതോടെ ഈ കാർ ഏതെന്നായി നെറ്റിസൺസിന് ഇടയിലെ ചോദ്യം. ഫോക്സ്വാഗൺ പോളോ ആണ് വിഡിയോയിലെ താരം. ജര്‍മന്‍ ബ്രാന്‍ഡായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ ഇതുവരെ പുറത്തിറക്കിയ ഏറ്റവും ജനപ്രിയ കാറുകളില്‍ ഒന്നാണ് പോളോ. സ്പോര്‍ട്ടി ഡിസൈന്‍, സേഫ്റ്റി, രസംപിടിപ്പിക്കുന്ന ഡ്രൈവിങ് അനുഭവം എന്നിവയിലൂടെ പോളോ യൂത്തന്‍മാരുടെ രോമാഞ്ചമായി മാറി.
ജര്‍മനിക്കാര്‍ ആദ്യമായി ഇന്ത്യയില്‍ നിര്‍മിച്ച വാഹനമായിരുന്നു ഈ ഹാച്ച്ബാക്ക്. 12 വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം യൂനിറ്റ് വില്‍പ്പന നേടിയ കാര്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. വിപണിയില്‍ നിന്ന് അപ്രത്യക്ഷമായെങ്കിലും പോളോ ഇന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. ബില്‍ഡ് ക്വാളിറ്റിയുടെ കാര്യമാണ് പോളോയെ ഇക്കാലത്തും തലക്കെട്ടുകളില്‍ ഇടംനേടിക്കൊടുന്നത്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ലഭിച്ച ആദ്യത്തെ വാഹനങ്ങളില്‍ ഒന്നാണ് പോളോ.
അപകടത്തില്‍ പോളോയുടെ സസ്‌പെന്‍ഷൻ മുഴുവനായും തകര്‍ന്നു. റിയര്‍ ബമ്പറിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. കണ്ടെയ്നര്‍ പിന്‍വശത്ത് വീണതിനാല്‍ പിറകിലെ വന്‍ഡ്ഷീല്‍ഡ് തകര്‍ന്നിട്ടുണ്ട്. എന്നാല്‍ പോളോയുടെ റൂഫും പില്ലറുകളും കേടുപാടുകള്‍ കൂടാതെയാണ് ഇരിക്കുന്നത്. അതുപോലെ തന്നെ മുന്‍വശത്തെ വിന്‍ഡ്ഷീല്‍ഡിനും ജനലുകള്‍ക്കും പോറലേറ്റിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.