നമ്പർ പ്ലേറ്റിൽ 'സെക്സ്'; വനിതാ കമ്മിഷൻ ഇടപെട്ടു, 'മാറ്റി നൽകണം'
text_fieldsസ്കൂട്ടറിന് ലഭിച്ച നമ്പർപ്ലേറ്റ് കാരണം പരിഹാസം അനുഭവിക്കേണ്ടിവന്ന പെൺകുട്ടിക്കായി വനിതാ കമ്മിഷെൻറ ഇടപെടൽ. ഡൽഹി വനിതാ കമ്മിഷനാണ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്മെൻറിന് നോട്ടീസ് അയച്ചത്. ഡൽഹി സ്വദേശിനിയായ പെൺകുട്ടി വാങ്ങിയ സ്കൂട്ടറിന് ലഭിച്ച റജിസ്ട്രേഷൻ നമ്പറിെൻറ അക്ഷരങ്ങളാണ് വില്ലനായത്. വാഹനത്തിന് ആര്‍ടി ഓഫീസില്‍ നിന്ന് 'DL 3S EX' എന്ന് തുടങ്ങുന്ന നമ്പർ പ്ലേറ്റാണ് ലഭിച്ചത്. ഇതുമൂലം വാഹനം പുറത്തിറക്കാനാകാതെ വിഷമിക്കുകയാണ് യുവതി. വാർത്ത മാധ്യമങ്ങളിൽ എത്തിയതോടെ വൈറലായിരുന്നു. തുടർന്നാണ് വനിതാ കമ്മീഷൻ ഇടപെട്ടത്.
'പെൺകുട്ടിക്ക് ഇത്രയധികം പീഡനങ്ങൾ നേരിടേണ്ടി വരുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിയത് സങ്കടകരമാണ്. പ്രശ്നം പരിഹരിക്കാൻ ഞാൻ ഗതാഗത വകുപ്പിന് നാല് ദിവസത്തെ സമയം നൽകിയിട്ടുണ്ട്. അതിനാൽ പെൺകുട്ടിക്ക് ഇനി ബുദ്ധിമുട്ടുണ്ടാകില്ല. 'സെക്സ്' എന്ന പദം ഉൾക്കൊള്ളുന്ന ഈ അലോട്ട്‌മെന്റ് സീരീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊത്തം വാഹനങ്ങളുടെ എണ്ണം സമർപ്പിക്കാൻ ഗതാഗത വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്'-ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മാലിവാൾ പറഞ്ഞു. ഗതാഗതവകുപ്പ് ഇനിയും കമ്മീഷൻ നോട്ടീസിന് മറുപടി നൽകിയിട്ടില്ല. ആദ്യം നമ്പർപ്ലേറ്റ് മാറ്റിനൽകാനാവില്ലെന്ന് പറഞ്ഞ ഗതാഗത വകുപ്പ് വിവാദത്തെത്തുടർന്ന് നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.
വിവാദ നമ്പർ പ്ലേറ്റ് ലഭിച്ച ആർക്കും അത് മാറ്റാൻ കഴിയുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. 'വിഷയം ഗതാഗത വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇൗ സീരീസ് നിർത്തിവച്ചിട്ടുണ്ട്. ഈ സീരീസിൽ രജിസ്‌ട്രേഷൻ നമ്പറുകൾ ലഭിച്ചിട്ടുള്ളവർക്ക്, ആവശ്യമാണെങ്കിൽ ഞങ്ങൾ മാറ്റിത്തരും. ഓരോ കേസിന്റെ അടിസ്ഥാനത്തിലായിരിക്കും മാറ്റം വരുത്തുക'-അദ്ദേഹം പറഞ്ഞു.
നമ്പർ േപ്ലറ്റ് വിവാദം
ഫാഷൻ ഡിസൈനിങ് വിദ്യാർഥിനിയായ പെൺകുട്ടിക്ക് പിതാവാണ് കഴിഞ്ഞ ദീപാവലിക്ക് സ്കൂട്ടർ സമ്മാനിച്ചത്.ജനക്പുരിയിൽ നിന്ന് നോയിഡയിലേക്കാണ് പെണ്‍കുട്ടിയുടെ പതിവ് യാത്ര. യാത്രാസമയക്കൂടുതലും ദില്ലി മെട്രോയിലെ തിരക്കും കാരണം തനിക്ക് സ്‍കൂട്ടി വാങ്ങിത്തരണമെന്ന് പെൺകുട്ടിതന്നെയാണ് പിതാവിനോട് ആഗ്രഹം പറഞ്ഞത്. ആറ്റുനോറ്റിരുന്ന് ലഭിച്ച സ്കൂട്ടിക്ക് രജിസ്ട്രേഷന്‍ നമ്പര്‍ ലഭിച്ചതോടെയാണ് പ്രശ്‍നങ്ങളുടെ തുടക്കം.
വാഹനത്തിന് ആര്‍ടി ഓഫീസില്‍ നിന്ന് 'DL 3S EX' എന്ന് തുടങ്ങുന്ന നമ്പർ പ്ലേറ്റാണ് ലഭിച്ചത്. ഷേഖ് സരായ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസാണ് വാഹനത്തിന് രജിസ്ട്രേഷന്‍ നമ്പർ പ്ലേറ്റ് നൽകിയത്. റജിസ്‌ട്രേഷന്‍ നമ്പറിൽ പ്രധാനമായും സ്റ്റേറ്റ് കോഡ്, ജില്ലയുടെ നമ്പര്‍, ഏതു വാഹനമാണെന്നതിന്റെ സൂചന, പുതിയ സീരീസ്, നമ്പര്‍ എന്നിങ്ങനെയാണ് നല്‍കാറുള്ളത്. ഇതനുസരിച്ച് പുതിയ ഇരുചക്രവാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിൽ എസ്.ഇ.എക്സ് എന്ന് ചേർക്കേണ്ടിവരും.
യുവതിയുടെ നമ്പർപ്ലറ്റിലെ 'DL' ഡൽഹിയേയും '3' എന്ന സംഖ്യ ജില്ലയെയും സൂചിപ്പിക്കുന്നു. ഇരുചക്രവാഹനങ്ങളെ പ്രതിനിധീകരിക്കുന്നതാണ് 'S' എന്ന അക്ഷരം. ബാക്കിയുള്ള രണ്ട് അക്ഷരങ്ങൾ 'EX' ആണ്. ഇത് നിലവിൽ സരായ് കാലേ ഖാൻ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് പിന്തുടരുന്ന സീരിസാണ്. അതിനാൽ, നമ്പർ പ്ലേറ്റിൽ DL 3S EX എന്നാണ് എഴുതുന്നത്.
നമ്പർ പ്ലേറ്റിന്റെ പേരിൽ അയൽവാസികൾ തന്നെ പരിഹസിക്കുകയാണെന്നാണ് പെൺകുട്ടിയുടെ പരാതി. പോകുന്നിടത്തെല്ലാം മോശം കമൻറുകൾ ലഭിക്കുന്നതായും പെണ്‍കുട്ടിയും കുടുംബവും പറയുന്നു. ഇതോടെ പിതാവ് ഡീലർഷിപ്പുകാരെ ബന്ധപ്പെടുകയും നമ്പർ മാറ്റി നല്‍കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. എന്നാൽ ഡീലർ ഈ അഭ്യർഥന നിരസിച്ചു. മറ്റ് പലർക്കും ഇതേ നമ്പർ പ്ലേറ്റ് ലഭിച്ചിട്ടുണ്ടെന്നും മാറ്റിനൽകാനാവില്ലെന്ന് ഡീലർ പറഞ്ഞതായും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.
നിയമപ്രകാരം ഡീലർഷിപ്പിന് നമ്പർ മാറ്റിനൽകാനാവില്ല. ഇരുചക്രവാഹനങ്ങളുടെ റജിസ്‌ട്രേഷനിൽ മാത്രമാണ് ഈ പ്രശ്‌നമുള്ളത്. ഒറ്റ നിരയിൽ എഴുതിയിരിക്കുന്ന സ്കൂട്ടറിന്റെ മുൻ നമ്പർ പ്ലേറ്റിനുമാത്രമാണ് ഈ പ്രശ്നം വന്നിട്ടുള്ളത്. രണ്ടു നിരയായതിനാൽ പിൻ നമ്പർ പ്ലേറ്റിൽ മുകളിലും താഴെയുമായിട്ടാണ് എസ്, ഇ.എക്സ് എന്നിവ വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.