'റെഡ് ലൈറ്റ് ഓൺ, ഗാഡി ഓഫ്' കാമ്പയിനുമായി ഡൽഹി സർക്കാർ; ഉടക്കിട്ട് കേന്ദ്രം
text_fieldsന്യൂഡൽഹി : ആപ്പ് സർക്കാറിന്റെ 'റെഡ് ലൈറ്റ് ഓൺ, ഗാഡി ഓഫ്' കാമ്പയിന് ഉടക്കിട്ട് കേന്ദ്രം. ഒരു മാസം നീളുന്ന കാമ്പയിൻ വെള്ളിയാഴ്ചയാണ് രാജ്യതലസ്ഥാനത്ത് ആരംഭിക്കാനിരുന്നത്. എന്നാൽ ലഫ്റ്റനന്റ് ഗവർണർ അനുമതി നൽകാത്തതിനാൽ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. അനുമതി ലഭിക്കാത്തതിനാൽ കാമ്പയിൻ മാറ്റിവച്ചതായി ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നഗരത്തിലെ വാഹന മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2020 ഒക്ടോബർ 16നാണ് കാമ്പയിൻ ആദ്യമായി ആരംഭിച്ചത്. സിഗ്നലുകളിൽ ട്രാഫിക് ലൈറ്റ് പച്ചയായി മാറുന്നത് വരെയുള്ള സമയത്ത് വാഹനങ്ങൾ സ്വിച്ച് ഓഫ് ചെയ്യാൻ സന്നദ്ധപ്രവർത്തകർ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുന്ന കാമ്പയിനാണിത്. 100 പ്രധാന ട്രാഫിക് സിഗ്നലുകളിലാണ് കാമ്പയിൻ നടപ്പാക്കുന്നത്. ഇക്കാലയളവിൽ വാഹനങ്ങളെ നിരീക്ഷിക്കാൻ 2,500 സിവിൽ ഡിഫൻസ് വോളന്റിയർമാരെ വിന്യസിക്കുമെന്ന് റായ് നേരത്തെ അറിയിച്ചിരുന്നു. ഓരോ ട്രാഫിക് സിഗ്നലിലും രണ്ട് ഷിഫ്റ്റുകളിലായി 10 വളണ്ടിയർമാരെയാണ് വിന്യസിക്കുക.
ഡൽഹിയിൽ വായുവിലെ നൈട്രജൻ ഓക്‌സൈഡിന്റെയും കാർബൺ മോണോക്‌സൈഡിന്റെയും 80 ശതമാനം മലിനീകരണത്തിന്റേയും കാരണം വാഹനങ്ങളാണ്. ആളുകൾ ട്രാഫിക് സിഗ്നലുകളിൽ എഞ്ചിനുകൾ ഓഫ് ചെയ്താൽ, മലിനീകരണം 13 മുതൽ 20 ശതമാനം വരെ കുറയ്ക്കാനാകുമെന്നാണ് ചില പഠനങ്ങൾ കാണിക്കുന്നത്.
'റെഡ് ലൈറ്റ് ഓൺ ഗാഡി ഓഫ്' കാമ്പയിൻ നടപ്പാക്കുന്ന തീയതി സംബന്ധിച്ച് സർക്കാർ നുണ പ്രചരിപ്പിക്കുകയാണെന്ന് ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസ് ആരോപിക്കുന്നു. സമ്മർദം ചെലുത്തി ലെഫ്. ഗവർണറെക്കൊണ്ട് വേഗത്തിൽ തീരുമാനമെടുപ്പിക്കാനുള്ള തന്ത്രമാണിതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങൾ പറഞ്ഞു. ഇതോടെ, ലെഫ്. ഗവർണറും സർക്കാരും കൊമ്പുകോർക്കുന്ന മറ്റൊരു വിഷയമായി ഈ കാമ്പയിൻ മാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.