കുട്ടികളെ വാഹനത്തിൽ ഉപേക്ഷിച്ചാൽ ലക്ഷം രൂപ പിഴ; കർശന നടപടിയുമായി അറബ് രാജ്യം
text_fieldsകുട്ടികളെ കാറുകളിൽ ഉപേക്ഷിക്കുന്നവർക്ക് 5000 ദിർഹം (1,08,798 രൂപ) പിഴ ഈടാക്കുമെന്ന് അബുദബി പൊലീസ്. ഇത്തരം സംഭവങ്ങളിലൂടെ കുട്ടികൾക്ക് പരിക്ക് പറ്റാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ടെന്ന് കണ്ടാണ് അബുദബി പൊലീസ് കർശന നടപടി എടുക്കുന്നത്. വേനൽക്കാലത്ത് കുട്ടികളെ വാഹനങ്ങളിൽ ശ്രദ്ധിക്കാതെ വിടുന്നത് അപകടകരമാണെന്നും കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച യു.എ.ഇയിലെ നിയമപ്രകാരം ശിക്ഷാർഹമാണെന്നും ദേശീയ വാർത്താ ബുള്ളറ്റിനിടെ, അബുദബി പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ ക്യാപ്റ്റൻ മുഹമ്മദ് ഹമദ് അൽ ഇസൈ പറഞ്ഞു.
'ഏത് പ്രായത്തിലുള്ള കുട്ടികളെയും വാഹനത്തിൽ ആരും ശ്രദ്ധിക്കാതെ വിടരുത്. മിനിറ്റുകൾക്കുള്ളിൽ ശ്വാസംമുട്ടി മരിക്കാൻ മാത്രമല്ല, ട്രാൻസ്മിഷനും കൺട്രോളുകളും ഉപയോഗിച്ച് വാഹനം പാർക്ക് ചെയ്ത അവസ്ഥയിൽ നിന്ന് നീക്കാനും അവർക്ക് കഴിയും'-ക്യാപ്റ്റൻ അൽ ഇസൈ പറഞ്ഞു. യു.എ.ഇയിലെ താപനില 48 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുകയാണ്. കടുത്ത വേനലുള്ള സമയത്ത് കുട്ടികളെ വാഹനങ്ങളിൽ ഉപേക്ഷിക്കുന്നത് ഏറെ അപകടകരമാണ്.
'കുട്ടിയെ ശ്രദ്ധിക്കാതെ വാഹനത്തിൽ ഉപേക്ഷിക്കുന്ന രക്ഷിതാവിന് കുറഞ്ഞത് 5,000 ദിർഹം പിഴ ചുമത്തും. ഇതോടൊപ്പം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടിവരും. കുട്ടിയെ ശ്രദ്ധിക്കാതെ വാഹനത്തിൽ ഉപേക്ഷിച്ച് കുഞ്ഞ് മരിച്ച നിരവധി സംഭവങ്ങൾ യു.എ.ഇയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്'-അദ്ദേഹം കൂട്ടിച്ചേർത്തു. എമറാത്ത് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
ഫോൺ കോളിൽ മുഴുകി കുഞ്ഞിനെ കാറിൽ മറന്നുപോയ പിതാവിന്റെ സംഭവം ഒരു സംവിധായകൻ തന്നോട് പങ്കുവെച്ചിട്ടുണ്ടെന്നും അൽ ഇസൈ വെളിപ്പെടുത്തി. കുഞ്ഞിനെ കാറിലിരുത്തി എയർ കണ്ടീഷൻ ഓഫാക്കിയ ശേഷമാണ് അദ്ദേഹം പുറത്തിറങ്ങി ഫോണിൽ സംസാരിച്ചത്. ഏറെ നേരമായിട്ടും പിതാവ് കാർ തുറക്കാതായതോടെ കുഞ്ഞ് മരിച്ചിരുന്നു. ഈ സംഭവത്തെ എല്ലാവരും ഒരു മുന്നറിയിപ്പായി എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കിപ്പോകുന്നതിനെതിരെ നേരത്തേ അജ്മാന് പൊലീസും മുന്നറിയിപ്പ് നൽകിയിരുന്നു. കടുത്ത വേനൽ നിലനില്‍ക്കുന്ന അവസരത്തില്‍ വാഹനത്തില്‍ താപനില സഹിക്കാന്‍ കഴിയുന്നതില്‍ അപ്പുറമാകുന്ന അവസ്ഥയിൽ ചൂട്, ശ്വാസംമുട്ടൽ എന്നിവയെ അതിജീവിക്കുക കുട്ടികൾക്ക് എളുപ്പമല്ല. ഈ സാഹചര്യത്തില്‍ പെട്ടെന്നുതന്നെ വലിയ അപകടത്തിന് കാരണമാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. പുറത്ത് ഉയര്‍ന്ന താപനില നിലനില്‍ക്കുന്നതിനാല്‍ അടച്ചിട്ട വാഹനത്തില്‍ എ.സി പ്രവര്‍ത്തിക്കാത്ത അവസ്ഥയില്‍ താപനില 60 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും വിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.