സെഡാൻ രാജാവിനെ സ്വന്തമാക്കി ലോകേഷ് കനഗരാജ്; ഹിറ്റ് മേക്കറുടെ യാത്രകൾക്ക് ഇനി സെവൻസ്റ്റാർ ആഡംബരം
text_fieldsമാനഗരം, കൈതി, മാസ്‌റ്റർ, വിക്രം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ലോകേഷ് കനഗരാജ് പുതിയ ആഡംബര വാഹനം സ്വന്തമാക്കി. ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാനായ 7 സീരീസാണ് ഡയറക്‌ടർ ഗരാജിലെത്തിച്ചത്. 1.70 കോടി രൂപ എക്സ്ഷോറൂം വില വരുന്ന ബിഎംഡബ്ലു 7 സീരീസിന് ഏതാണ്ട് 2.14 കോടി രൂപയോളമാണ് ഓൺ-റോഡ് വില വരുന്നത്. ഈ വർഷം ജനുവരിയിലാണ് ബിഎംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചത്.
സിനിമാ രംഗത്തെ ട്രെൻഡിംഗ് കാറായാണ് ഇപ്പോൾ ബിഎംഡബ്ല്യു 7 സീരീസ് അറിയപ്പെടുന്നത്. മലയാളത്തിൽ നിന്ന് ഫഹദ് ഫാസിൽ, ആസിഫ് അലി, നിവിൻ പോളി പോലുള്ളവർ ഇതിനോടകം തന്നെ ഈ വിലപിടിപ്പുള്ള ലക്ഷ്വറി സെഡാൻ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ് സിനിമാ മേഖലയിലേക്കും ഈ ജർമൻ കാർ കടന്നുവരുന്നത്. ഒരുപാട് ആഡംബര ഫീച്ചറുകൾക്കൊപ്പം സേഫ്റ്റിയുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധകൊടുത്താണ് സെവൻസീരീസിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.
ലോകേഷ് കനകരാജിന്റെ ഗരാജിലെ ഏറ്റവും വില കൂടിയ വാഹനമാണ് ഇപ്പോൾ വാങ്ങിയ ബിഎംഡബ്ല്യു 7 സീരിസ്. നേരത്തെ വിക്രത്തിന്റെ മെഗാവിജയത്തിനു ശേഷം ചിത്രത്തിന്റെ നടനും നിർമാതാവുമായ കമൽ ഹാസൻ ലോകേഷിന് ലെക്‌സസ് ആഡംബര കാർ സമ്മാനമായി നൽകിയിരുന്നു.
3.0 ലിറ്റർ, ഇൻലൈൻ-ആറ് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് 7 സീരീസിന്റെ 740i M സ്‌പോർട്ട് വേരിയന്റിന് തുടിപ്പേകുന്നത്. കൂടുതൽ കാര്യക്ഷമതക്കായി ഹൈബ്രിഡ് സംവിധാനവും കോർത്തിണക്കിയിരിക്കുന്ന എഞ്ചിന് 48V ഇലക്ട്രിക് മോട്ടറിന്റെ സഹായത്തോടെ 375.4 bhp പവറിൽ 520 Nm ടോർക് വരെ നിർമിക്കാനാവും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ്. എഞ്ചിന് 0-100 വേഗത വെറും 5.4 സെക്കൻഡിൽ എത്താനാകും.
7 സീരീസിന് അഡാപ്റ്റീവ് എയർ സസ്‌പെൻഷനും ഇലക്ട്രോണിക് നിയന്ത്രിത ഡാംപറുകളും സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട്. ടയറിലെ വായു പൂര്‍ണമായും നഷ്ടമായാല്‍ പോലും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ പ്രാപ്തമാക്കുന്ന പ്രത്യേകതരം ടയറുകളാണ് ബിഎംഡബ്ല്യു 7 സീരീസിൽ ഉപയോഗിച്ചിരിക്കുന്നത്. ഇൻ്റീരിയർ ഫീച്ചറുകളുടെ കാര്യത്തിലും അതിസമ്പന്നമാണ് ഈ മോഡൽ. ബിഎംഡബ്ല്യുവിന്റെ പുതിയ കർവ്‌ഡ് ഡിസ്പ്ലേയാണ് പ്രധാന പ്രത്യേകത. 14.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കും.
16:9 ഇഞ്ച് ആമസോൺ ഫയർടിവി വഴി വീഡിയോ സ്ട്രീമിംഗ് വാഗ്ദാനം ചെയ്യുന്നതിനായി 31.3 ഇഞ്ച്, 8K സിനിമാ സ്‌ക്രീൻ, റിയർ ഡോർ പാഡുകളിലെ 5.5 ഇഞ്ച് ടച്ച്‌സ്‌ക്രീനുകൾ, സോഫ്റ്റ് ക്ലോസിംഗ് ഡോറുകൾ, എൽഇഡി ലൈറ്റിംഗ് ഘടകങ്ങളുള്ള പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ഗിയർ സെലക്ടർ, പരമ്പരാഗത റോട്ടറി ഐഡ്രൈവ് കൺട്രോളർ എന്നിവയെല്ലാം പുത്തൻ കാറിന്റെ സവിശേഷതകളാണ്. വിജയ് നായകനായ ലിയോ സിനിമയാണ് ലോകേഷിന്റേതായി ഇനി തീയേറ്ററുകളിൽ എത്താനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.