വൈദ്യുതി കാറുകൾ നിരത്ത് വാഴുമോ?
text_fieldsവൈദ്യൂത കാറുകൾ സമീപ ഭാവിയിൽ ഇന്ത്യൻ നിരത്ത് വാഴുമോ? പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഉയരുന്ന പ്രധാന േചാദ്യമാണിത്. കഴിഞ്ഞ കേന്ദ്ര ബജറ്റിലും വൈദ്യുത വാഹനങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിന് പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വാഹന വിപണിയിലെ കുലപതികൾ പറയുന്നത്, വൈദ്യുത വാഹനങ്ങൾ ഇന്ത്യൻ നിരത്ത് കീഴടക്കുമെന്ന പ്രതീക്ഷകൾ അടുത്ത അഞ്ചുവർഷക്കാലയളവിലേക്കെങ്കിലും അസ്ഥാനത്താണ് എന്നാണ്.
വൈദ്യുത വാഹനങ്ങൾക്ക് വൻ പ്രാധാന്യം നൽകിക്കൊണ്ടുള്ള ബജറ്റാണ് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ പാർലമെൻറിൽ അവതരിപ്പിച്ചത്. അതേസമയം, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയുള്ള ഇൗ 'സ്വപ്നം കാണൽ' ഗുണം ചെയ്യില്ല എന്നാണ് മാരുതി ചെയർമാൻ ആർ.സി ഭാർഗവ ഉൾപ്പെടെ വാഹന നിർമാണ വ്യവസായത്തിന് നേതൃത്വം നൽകുന്നവരുടെ വിലയിരുത്തൽ.
വൈദ്യുത വാഹനങ്ങൾക്ക് മുമ്പിലെ കടമ്പകൾ ഇങ്ങനെ
തദ്ദേശീയ ബാറ്ററി നിർമാണ യൂണിറ്റ് ഇല്ല: വൈദ്യുതി വാഹനങ്ങളുടെ നിർമാണച്ചെലവിൽ മുഖ്യപങ്കും ബാറ്ററിയുടെ വിലയാണ്. വൈദ്യുതി കാറിെൻറ വിലയുടെ 60 ശതമാനംവരെ ബാറ്ററി വില വരും. എന്നാൽ, തദ്ദേശീയമായി ബാറ്ററി നിർമാണ സംവിധാനങ്ങെളാന്നും ഇന്ത്യയിലില്ല. ചൈനയിൽ നിന്നുള്ള ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. വൈദ്യുത വാഹനങ്ങൾ വ്യാപിപ്പിക്കുന്നതിന് ബജറ്റിൽ വൻ പദ്ധതി പ്രഖ്യാപിച്ചപ്പോഴും ബാറ്ററി നിർമാണ സംവിധാനം ആരംഭിക്കുന്നതിനെക്കുറിച്ച് സൂചന പോലും നൽകിയുമില്ല.
ചാർജിങ് സ്റ്റേഷനുകളുടെ അഭാവം: വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യമില്ലായ്മയാണ് ഇന്ത്യൻ വാഹന പ്രേമികളെ വൈദ്യുതി കാറുകളിൽ നിന്ന് അകറ്റുന്നത്. രാജ്യത്തുടനീളമുള്ള കണക്കെടുത്താലും ഇതിനകം 650 ചാർജ്ജിങ് സ്റ്റേഷനുകൾ മാത്രമാണ് നിലവിൽ വന്നിട്ടുള്ളത്. ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് സംരംഭകരെ തേടി കേന്ദ്ര സർക്കാർ പലവട്ടം പരസ്യം നൽകിയെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല. അതിവേഗ ചാർജ്ജിങ് സംവിധാനമുൾപ്പെടെ വ്യാപകമായി ഏർപ്പെടുത്തിയാലേ കുറേപ്പേരെയെങ്കിലും ആകർഷിക്കാനാവൂ.
വില്ലനായി ഗതാഗതക്കുരുക്കും: വൈദ്യുതി വാഹനങ്ങൾ ഒറ്റത്തവണ ചാർജ് ചെയ്യുന്നത് കൊണ്ട് നൂറും ഇരുന്നൂറുമൊക്കെ കിലോമീറ്റർ ഒാടുമെന്നാണ് പല നിർമാതാക്കളുടെയും വാഗ്ദാനം. ഇതിൽകൂടുതൽ പറയുന്നവരുമുണ്ട്. എന്നാൽ, ഒഴിഞ്ഞ റോഡിൽ സുഗമമായി വാഹനമോടിക്കാൻ കഴിയുന്ന അവസ്ഥയിൽ മാത്രമാണിത്. ഇന്ത്യൻ റോഡുകളിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങുന്നതോടെ ബാറ്ററി ചാർജ്ജിെൻറ പകുതിയും തീരുമെന്നാണ് ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.