ഡെലിവറി ബോയ്സ് ഔട്ട്; സ്വയം ഓടുന്ന വാഹനത്തിൽ പിസ്സ എത്തിക്കുമെന്ന് ഡോമിനോസ്
text_fieldsഭക്ഷണ വിതരണത്തിൽ പുതുചരിത്രം രചിക്കാനൊരുങ്ങി ഡോമിനോസ്. ലോകത്തിലെ പ്രമുഖ പിസ്സ നിർമാതാവായ ഡോമിനോസ്, ഫുഡ് ഡെലിവറിക്ക് ഓട്ടോണമസ് വാഹനങ്ങൾ ഏർപ്പെടുത്തും. അമേരിക്കയിലാണ് ആദ്യ പരീക്ഷണം നടക്കുക. ന്യൂറോ എന്ന ഓട്ടോണമസ് വാഹന കമ്പനിയുമായി സഹകരിച്ച് ഹൂസ്റ്റണിലാണ് പദ്ധതി നടപ്പാക്കുന്നത്. ചില പ്രത്യേക ദിവസങ്ങളിലും സമയങ്ങളിലും കമ്പനിയുടെ വെബ്‌സൈറ്റിൽ പ്രീപെയ്ഡ് ഓർഡർ നൽകുന്ന തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് പുതിയ സേവനം ലഭ്യമാകും.
ന്യൂറോയുടെ ആർ 2 റോബോട്ട് എന്ന് പേരുള്ള ഓട്ടോണമസ് വാഹനത്തിലാകും പിസ്സ വിതരണം നടത്തുക. യു.എസ് ഗതാഗത വകുപ്പിന്‍റെ അംഗീകാരമുള്ള ഓട്ടോണമസ് ഡെലിവറി വാഹനമാണ് ന്യൂറോയുടെ ആർ 2. ലളിതമായ പ്രവർത്തനരീതിയാണ് ന്യൂറോയും ഡോമിനോസും ചേർന്ന് ആസൂത്രണം ചെയ്തിരിക്കുന്നത്. ഡൊമിനോസിന്‍റെ സ്റ്റോറിൽ നിന്ന് പ്രീപെയ്ഡ് വെബ്സൈറ്റ് ഓർഡർ നൽകുന്ന ഉപഭോക്താക്കൾക്ക് അവരുടെ ഓർഡർ ഡെലിവർ ചെയ്യാൻ ന്യൂറോയെ തിരഞ്ഞെടുക്കാം. പിസ്സ ഓർഡർ ചെയ്തുകഴിഞ്ഞാൽ ഉപയോക്താക്കൾക്ക് ടെക്സ്റ്റ് മെസ്സേജ് ലഭിക്കും. തുടർന്ന് അവർക്ക് ഒരു പിൻ നമ്പരും നൽകും.
ഉപയോക്താക്കൾക്ക് ജിപിഎസ് വഴി ഡെലിവറി വാഹനം ട്രാക്ക് ചെയ്യാനുമാകും. ആർ 2 വീട്ടുപടിക്കൽ എത്തിക്കഴിഞ്ഞാൽ ഉപഭോക്താക്കൾ ടച്ച്‌സ്‌ക്രീൻ വഴി പിൻനമ്പർ രേഖപ്പെടുത്തണം. തുടർന്ന് ആർ 2 വാതിൽ തുറക്കുകയും അവരവരുടെ ഓർഡർ അനുസരിച്ചുള്ള പിസ്സ പുറത്തുവരികയും ചെയ്യും. 'ഓട്ടോണമസ് ഡെലിവറി സംബന്ധിച്ച് ഞങ്ങളുടെ ബ്രാൻഡിന് ഇനിയും വളരെയധികം കാര്യങ്ങൾ പഠിക്കാനുണ്ട്. എന്തായാലും ഭാവിയിലേക്കുള്ള വാതിലായാണ് ഞങ്ങളതിനെ കാണുന്നത്'-ഡൊമിനോസിന്‍റെ സീനിയർ വൈസ് പ്രസിഡന്‍റും ചീഫ് ഇന്നൊവേഷൻ ഓഫീസറുമായ ഡെന്നിസ് മലോനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.