പുത്തൻ വാഹനത്തിന് ഗിയർബോക്സ് തകരാർ; കഴുതയെക്കൊണ്ട് കെട്ടിവലിച്ച് ഷോറൂമിലെത്തിച്ച് ഉടമ
text_fieldsപുതുതായി വാങ്ങിയ വാഹനത്തിന് തുടർച്ചയായി ഗിയർബോക്സ് തകരാർ ഉണ്ടായതിൽ വ്യത്യസ്തമായി പ്രതിഷേധിച്ച് ഉടമ. ഫോർഡ് എൻഡവർ ഉടമ അർജുൻ മീണയാണ് വാഹനം കഴുതയെക്കൊണ്ട് കെട്ടിവലിച്ച് പ്രതിഷേധിച്ചത്. ഫോർഡ് ഡീലർഷിപ്പിലേക്കാണ് ആഘോഷമായി വാഹനം എത്തിച്ചത്. രാജസ്ഥാനിലെ ജെയ്പുരിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്.
ഉടമയുടെ വാദം
2020ലാണ് താൻ ആദ്യമായി എൻഡവർ വാങ്ങിയതെന്നും ഇതിനുശേഷം നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിച്ചെന്നും അർജുൻ മീണ പറയുന്നു. തുടക്കംമുതൽ വാഹനത്തിെൻറ ഗിയർബോക്സ് തകരാറിലായിരുന്നു. ഇതുകാരണം വീട്ടിലുള്ളതിനേക്കാൾ കൂടുതൽ സമയം ഡീലർഷിപ്പുകളിലാണ് ചിലവഴിച്ചതെന്നും യാതൊരു മുന്നറിയിപ്പുമില്ലാതെ വാഹനം റോഡ് മധ്യത്തിൽ നിന്നുപോവുക പതിവാണെന്നും അർജുൻ പറഞ്ഞു. പ്രശ്നങ്ങളിൽ ഫോർഡ് ഡീലർഷിപ്പ് സഹായിച്ചില്ലെന്നും എല്ലാം ശരിയായെന്ന് പറഞ്ഞ് വാഹനം തിരികെ നൽകുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കുറച്ചുദിവസങ്ങൾക്കുശേഷം വീണ്ടും അതേ പ്രശ്നം ആരംഭിക്കും.
വരുന്ന ഏഴ് ദിവസവും കഴുതയെക്കൊണ്ട് വാഹനം കെട്ടിവലിപ്പിച്ച് ഷോറുമിലെത്തിക്കുമെന്നും അവസാന ദിവസം ഡീലർഷിപ്പിെൻറ മുന്നിലിട്ട് വാഹനം കത്തിക്കുമെന്നും അർജുൻ പറഞ്ഞു. സംഭവത്തിൽ പ്രതികരിക്കാൻ ഡീലർഷിപ്പ് അധികൃതർ തയ്യാറായിട്ടില്ല. കാർ കഴുതയെക്കൊണ്ട് കെട്ടിവലിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
നിയമ പരിരക്ഷ
ഗുണനിലവാരത്തിേൻറയും പ്രകടനത്തിേൻറയും മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ നിന്ന് തുടർച്ചയായി പരാജയപ്പെടുന്ന ഉൽപ്പന്നങ്ങളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്ന നിയമങ്ങൾ വിവിധ രാജ്യങ്ങളിലുണ്ട്. വികസിത രാജ്യങ്ങളിൽ ഇത്തരം നിയമങ്ങൾ സാധാരണമാണ്. അത്തരം നിയമങ്ങൾ അനുസരിച്ച്, ഏതെങ്കിലും ഉപകരണം, കാർ, ട്രക്ക് അല്ലെങ്കിൽ മോട്ടോർസൈക്കിൾ എന്നിവ കേടായതായി കണ്ടെത്തിയാൽ ഉടൻ മാറ്റിനൽകണം. അല്ലെങ്കിൽ വൻതുക നഷ്ടപരിഹാരമായി ഉപഭോക്താവിന് നൽകണം.
ഇന്ത്യയിലും ഇത്തരം ഉപഭോക്തൃ നിയമങ്ങൾ ഉണ്ടെങ്കിലും വ്യവഹാരം അവസാനിപ്പിക്കാൻ പലപ്പോഴും വർഷങ്ങളെടുക്കും. അതിനാൽ പലപ്പോഴും തങ്ങളുടെ നഷ്ടം വ്യക്തിപരമായി സഹിക്കുകയാണ് ഇന്ത്യൻ ഉപഭോക്താക്കൾ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.