ഡി.ക്യു ഗാരേജിലേക്ക് ഫെരാരിയുടെ ‘പറക്കും കാർ’; മോളിവുഡിൽ ആദ്യമായി ഇറ്റാലിയൻ പടക്കുതിരയെത്തി
text_fieldsലോകത്തെ ഏതൊരു വാഹനപ്രേമിയുടേയും സ്വപ്നമാണ് ഒരു ഫെരാരി ഡ്രൈവ്. ഒരു ഫെരാരി സ്വന്തമാക്കുകയെന്നാ ൽ അത് ഐതിഹാസികവും. മോളിവുഡിൽ നിന്ന് ആദ്യമായൊരു ഫെരാരി സ്വന്തമാക്കിയിരിക്കുകയാണ് സാക്ഷാൽ ദുൽഖർ സൽമാൻ. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുതിയ ബി.എം.ഡബ്ല്യു സെവന്‍ സീരീസ് ദുല്‍ഖര്‍ വാങ്ങിയിരുന്നു. അതിനുപിന്നാലെയാണ് ഇറ്റാലിയൻ പടക്കുതിരയെ ഡി.ക്യു ഗാരേജിലെത്തിച്ചിരിക്കുന്നത്.
ഫെരാരിയുടെ 296 ജിടിബി സൂപ്പർകാറാണ് ദുൽഖറിന്റെ ഏറ്റവും പുതിയ വാഹനം. ഏകദേശം 5.40 കോടി രൂപ മുതലാണ് കാറിന്റെ എക്സ്ഷോറൂം വില. മിഡ് എന്‍ജിന്‍, റിയര്‍വീല്‍ ഡ്രൈവ് സൂപ്പര്‍ കാറാണ് 296 ജി.ടി.ബി. ഏറെ നാളുകൾക്ക് ശേഷം ഫെരാരി പുറത്തിറക്കുന്ന വി 6 പ്രൊഡക്ഷൻ കാറാണ് 296 ജിടിബി. മുൻപ് ഫെരാരി ഡിനോ ബ്രാൻഡുകളിൽ മാത്രമാണ് വി6 എൻജിൻ ഉപയോഗിച്ചിരുന്നത്. ദ റിയല്‍ ഫെരാരി വിത്ത് ജസ്റ്റ് സിക്‌സ് സിലിണ്ടേഴ്‌സ് എന്നായിരുന്നു ഈ വാഹനത്തിന് നിര്‍മാതാക്കള്‍ നല്‍കിയിരുന്ന വിശേഷണം.. 2022 ലാണ് ഫെരാരി 296 ജിടിബി വിപണിയിൽ എത്തിച്ചത്.
ഉപയോക്താവിന്റെ ഇഷ്ടത്തിന് കസ്റ്റമൈസേഷന്‍ വരുത്താനുള്ള ഓപ്ഷനും വാഹനത്തിൽ ഫെരാരി നല്‍കുന്നുണ്ട്. ഇത് കൂടി ആകുന്നതോടെ വാഹനത്തിന്റെ വില ഉയരും. റുബിനോ മെറ്റാലിസാറ്റോ എന്ന നിറത്തിലുള്ള ഫെരാരിയാണ് ദുല്‍ഖര്‍ സ്വന്തമാക്കിയിട്ടുള്ളതെന്നാണ് സൂചന. എന്നാല്‍, കസ്റ്റമൈസേഷനുകളെ കുറിച്ച് വ്യക്തതയില്ല.
3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇതിനൊപ്പം 6.0 കിലോവാട്ട് ബാറ്ററിയുടെ പിന്തുണയിലുള്ള പ്ലഗ് ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയും നല്‍കിയിട്ടുണ്ട്. ഇവ രണ്ടും കൂടി 819 ബി.എച്ച്.പി. പവറും 740 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കേവലം 2.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 330 കിലോമീറ്ററാണ് പരമാവധി വേഗത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.