Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലോകോത്തര ആഡംബരം ഇനി മോളിവുഡിലും; 369 ഗാരേജിലേക്ക് മെയ്ബാ ജി.എല്‍.എസ് 600
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightലോകോത്തര ആഡംബരം ഇനി...

ലോകോത്തര ആഡംബരം ഇനി മോളിവുഡിലും; 369 ഗാരേജിലേക്ക് മെയ്ബാ ജി.എല്‍.എസ് 600

text_fields
bookmark_border

മെഴ്സിഡസ് ബെൻസിന്റെ ഏറ്റവും ആഡംബര തികവാർന്ന വാഹനങ്ങളിലൊന്നാണ് മെയ്ബാ ജി.എല്‍.എസ് 600. ബോളിവുഡിലെ സൂപ്പർ താരങ്ങളുടെ ഇഷ്ടവാഹനമായ മേബാ മോളിവുഡിലേക്കും എത്തുകയാണ്. നടൻ ദുൽഖർ സൽമാനാണ് മോളിവുഡിലെ ആദ്യ മെയ്ബാ ഉടമ.

2021ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച മെയ്ബാ ജി.എല്‍.എസ് 600 നിരവധി ബോളിവുഡ് താരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. രണ്‍വീര്‍ സിങ്ങ്, കൃതി സനോണ്‍, അര്‍ജുന്‍ കപൂര്‍, നീതു സിങ്ങ് തുടങ്ങിയ ബോളിവുഡ് താരങ്ങളും തെന്നിന്ത്യന്‍ സൂപ്പര്‍ താരം രാം ചരണ്‍ തുടങ്ങിയവരെല്ലാം അടുത്തിടെ ഈ വാഹനം സ്വന്തമാക്കിയവരാണ്. മൂന്ന് കോടിയിലധികം രൂപ വില വരുന്ന മെയ്ബാ ജി.എല്‍.എസ് 600 നടൻ മമ്മൂട്ടിയുടെ പേരിൽ കോട്ടയത്താണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാത്രമല്ല അദ്ദേഹത്തിന്റെ ഇഷ്ടനമ്പറായ 369 സ്വന്തമാക്കാൻ ലേലത്തിലൂടെ 1.85 ലക്ഷം രൂപ മുടക്കിയതായും റിപ്പോർട്ടുണ്ട്.

കിടിലൻ കാറുകളുടേയും ബൈക്കുകളുടേയും വലിയ ശേഖരമുള്ള ദുൽഖർ സൽമാന്റെ ഗരാജിലെ സഞ്ചരിക്കുന്ന കൊട്ടാരമാണ് ഈ അൾട്രാ ലക്ഷ്വറി മോഡൽ. കഴിഞ്ഞ വർഷം ബെൻസ് G63 എ.എം.ജി, ലാൻഡ് റോവർ ഡിഫൻഡർ മോഡലുകൾ ദുൽഖർ വാങ്ങിയിരുന്നു. കാഴ്ചയില്‍ മസ്‌കുലര്‍ ഭാവമുള്ള വാഹനമാണ് മെയ്ബാ ജി.എല്‍.എസ് 600. മെയ്ബ മോഡലുകളുടെ സിഗ്‌നേച്ചറായ ക്രോമിയത്തില്‍ പൊതിഞ്ഞ വലിയ വെര്‍ട്ടിക്കിള്‍ ഗ്രില്ല്, സ്‌കിഡ് പ്ലേറ്റും ക്രോമിയം ആക്‌സെന്റുകളുമുള്ള ബമ്പര്‍, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, 22 ഇഞ്ച് അലോയി വീല്‍, സി-പില്ലറില്‍ സ്ഥാനം പിടിച്ചിട്ടുള്ള മെയ്ബ ലോഗോ, എല്‍.ഇ.ഡി.ലൈറ്റുകളും മറ്റ് ബാഡ്ജിങ്ങും നല്‍കിയ ലളിതമായി ഒരുക്കിയിട്ടുള്ള പിന്‍വശം എന്നിവയാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയറിനെ അലങ്കരിക്കുന്നത്.

പൂർണമായും ഇറക്കുമതി ചെയ്യുന്ന വാഹനം റോൾസ് റോയ്‌സ് കള്ളിനൻ, ബെന്റ്‌ലി ബെന്റയ്‌ഗ, മസെരാട്ടി ലെവന്റെ, റേഞ്ച് റോവർ ഓട്ടോബയോഗ്രഫി എന്നിവയ്‌ക്കൊപ്പമാണ് മാറ്റുരയ്ക്കുന്നത്. അകത്തളത്തിലേക്ക് കയറിയാൽ കണ്ണഞ്ചിപ്പിക്കുന്ന ആഡംബരമാണ് എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്. 4 അല്ലെങ്കിൽ 5 സീറ്റിങ് ഓപ്ഷനുകളിലാണ് മെയ്ബാ നിരത്തിലേക്ക് എത്തുന്നത്. നാല് സീറ്ററിൽ രണ്ട് വ്യക്തിഗത ലോഞ്ച് സീറ്റുകളാണ് ഉപഭോക്താക്കൾക്ക് ലഭ്യമാവുന്നത്. ഈ സീറ്റുകൾക്ക് മുൻ സീറ്റുകൾ പോലെ വ്യക്തിഗത ഹീറ്റിംഗ് സംവിധാനം, വെന്റിലേഷൻ, മസാജ് പ്രവർത്തനങ്ങൾ ഉണ്ട്. മറ്റ് ഫീച്ചറുകളുടെ കാര്യത്തിൽ മോഡലിന് 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയും ഏറ്റവും പുതിയ MBUX ഇന്റർഫേസുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമാണ് ലഭിക്കുന്നത്.

ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക് സൺബ്ലൈൻഡുകൾ, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, ഹാൻഡ് റൈറ്റിംഗ്, ഗെസ്ച്ചർ കൺട്രോൾ, സെന്റർ കൺസോളിലെ MBUX റിയർ ടാബ്‌ലെറ്റ്, 13-സ്പീക്കർ ബർമെസ്റ്റർ സൗണ്ട് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, ഒരു ഫ്രിഡ്ജ്, ഷാംപെയ്ൻ ഗ്ലാസുകൾ, ഇലക്‌ട്രോണിക് ട്രാക്ഷൻ സിസ്റ്റം 4ETS, ടയർ പ്രഷർ മോണിറ്ററിങ്, ഡ്രൈവർ അസിസ്റ്റൻസ് ടെക്‌നോളജി എന്നിവയെല്ലാം എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

4.0 ലിറ്റര്‍ വി 8 ബൈ-ടര്‍ബോ എന്‍ജിനാണ് മെഴ്‌സിഡസ് മെയ്ബാ ജി.എല്‍.എസ്.600-ല്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 542 ബി.എച്ച്.പി. പവറും 730 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 9-ജി ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതിലെ ട്രാന്‍സ്മിഷന്‍. എന്‍ജിനൊപ്പം നല്‍കിയിട്ടുള്ള 48 വോള്‍ട്ട് EQ ബൂസ്റ്റ് സിസ്റ്റം ആവശ്യമുള്ള സമയങ്ങളില്‍ 250 എന്‍.എം. അധിക ടോര്‍ക്കും 21 ബി.എച്ച്.പി. പവറും നല്‍കും. 4.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dulquer Salmaanmollywoodlaxury carMaybach GLS 600
News Summary - Dulquer Salmaan New Car Maybach GLS 600
Next Story