വിലയിൽ 14,500 രൂപ കുറവുവരുത്തി ഇൗഥർ; ഇലക്ട്രിക് സ്കൂട്ടറുകൾക്ക് വില കുറയും
text_fieldsകേന്ദ്ര സർക്കാർ ഫെയിം 2 സബ്സിഡികൾ പ്രഖ്യാപിച്ചതോടെ രാജ്യത്തെ ഇ.വി വിപണിയിൽ തിരയിളക്കം. രാജ്യത്തെ പ്രമുഖ ഇ.വി സ്കൂട്ടർ നിർമാതാക്കളെല്ലാം ഉത്പന്ന നിരയുടെ വില കുറക്കുമെന്നാണ് സൂചന. ആദ്യ പടിയായി ഇൗഥർ തങ്ങളുടെ ഇ.വി മോഡലിന് 14,500 രൂപ വില കുറിച്ചു. കേന്ദ്ര വ്യവസായ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് വൈദ്യുത ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്സിഡി വർധിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. കിലോവാട്ടിന് 15,000 രൂപയായാണ് സബ്സിഡി ഉയർത്തിയത്. ഫെയിം 2 പദ്ധതിപ്രകാരം 10,000 കോടി രൂപയാണ് നിലവിൽ അനുവദിച്ചിരിക്കുന്നത്. ഇരുചക്രവാഹനങ്ങളാണ് ഇതിെൻറ ഏറ്റവും വലിയ ഗുണഭോക്താക്കൾ.
കേന്ദ്ര വിജ്ഞാപനത്തിന് പിന്നാലെയാണ് ഇൗഥർ എനർജി, 450 എക്സ് ഇലക്ട്രിക് സ്കൂട്ടറിന്റെ വില കുറച്ചത്. 'കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾ സ്കൂട്ടറുകളുടെ ഓൺ-റോഡ് വിലകൾ പ്രഖ്യാപിക്കും. ഈ വിവരങ്ങളെല്ലാം പ്രതിഫലിപ്പിക്കുന്നതിനായി വെബ്സൈറ്റ് പിന്നീട് അപ്ഡേറ്റ് ചെയ്യും'-ഇൗഥർ എനർജി സിഇഒയും സഹസ്ഥാപകനുമായ തരുൺ മേത്ത പറഞ്ഞു. '2025 ഓടെ 6 ദശലക്ഷത്തിലധികം യൂനിറ്റുകൾ വിൽക്കാമെന്നാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. അടുത്ത ആറ് മാസത്തിനുള്ളിൽ 30 നഗരങ്ങളിലേക്ക് വിതരണം വ്യാപിപ്പിക്കാൻ ഇൗഥറിന് പദ്ധതിയുണ്ട്'-തരുൺ മേത്ത പറഞ്ഞു.
'ഇവികൾക്ക് സർക്കാർ നൽകുന്ന പിന്തുണയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകൾ ഭാവിയിൽ വളരെ പ്രധാനമാണ്. ടിവിഎസ് മേഖലയിൽ വളരെയധികം നിക്ഷേപം നടത്തുന്നുണ്ട്. കൂടുതൽ തദ്ദേശീയ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ സർക്കാർ നീക്കം സഹായിക്കും'-ടിവിഎസ് മോട്ടോർ കമ്പനി ജോയിൻറ് മാനേജിങ് ഡയറക്ടർ സുദർശൻ വേണു പറഞ്ഞു. എന്നാൽ എല്ലാ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കും ഈ സ്കീമിൽ നിന്ന് പ്രയോജനം ലഭിച്ചേക്കില്ല. ക്രിസിലിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ 95 ശതമാനം ഇലക്ട്രിക് സ്കൂട്ടറുകളും ഫെയിം 2 സബ്സിഡിക്ക് യോഗ്യരല്ല.പ്രധാനമായും മുൻനിര കമ്പനികളാവും സബ്സിഡിയിലധികവും സ്വന്തമാക്കുക.
ഫെയിം 2 സബ്സിഡിക്ക് യോഗ്യതനേടുന്നതിന് ചില മാനദണ്ഡങ്ങൾ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. മിനിമം ടോപ്പ് സ്പീഡ്, ചാർജ് പെർ റേഞ്ച്, ആക്സിലറേഷൻ, ഉൗർജ്ജ ഉപഭോഗ കാര്യക്ഷമത തുടങ്ങിയ മാനദണ്ഡങ്ങൾ പ്രകാരമാണ് ആനുകൂല്യം ലഭിക്കുക. ഒരൊറ്റ ചാർജിൽ കുറഞ്ഞത് 80 കിലോമീറ്റർ ദൂരം സഞ്ചരിക്കുക, 250 വാട്ടിലധികം കരുത്തുള്ള ഇലക്ട്രിക് മോട്ടോർ ഉണ്ടായിരിക്കുക, 40 കിലോമീറ്റർ വേഗത ഉണ്ടായിരിക്കുക തുടങ്ങിയവ നിബന്ധനകളിൽ ചിലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.