ലിഥിയം-അയണ്‍ ബാറ്ററി മാലിന്യത്തിന്റെ ദൂഷ്യഫലങ്ങൾ ഗൗരവമുള്ളത് -നിതിന്‍ ഗഡ്കരി
text_fieldsവൈദ്യുതവാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം-അയണ്‍ ബാറ്ററി മാലിന്യത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ഏത് റിപ്പോര്‍ട്ടും സര്‍ക്കാര്‍ ഗൗരവമായി കാണുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. രാജ്യസഭയില്‍ രഞ്ജീത്ത് രഞ്ജന്റെ ചോദ്യത്തിനുത്തരമായാണ് മന്ത്രി ഇങ്ങിനെ പറഞ്ഞത്. ‘അത്തരമൊരു റിപ്പോര്‍ട്ടോ കണ്ടെത്തലോ ഞങ്ങളുടെ പക്കലില്ല. എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഗൗരവമായെടുക്കും. ലിഥിയം-അയണ്‍ ബാറ്ററി മാലിന്യം പുനരുപയോഗം ചെയ്യാനുള്ള നീക്കം ആരംഭിക്കും’ -മന്ത്രി പറഞ്ഞു.
ഒന്നരവര്‍ഷത്തിനകം വൈദ്യുതവാഹനങ്ങളുടെ വില പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്കു തുല്യമാകുമെന്നാണ് പ്രതീക്ഷയെന്നും ഗഡ്കരി പറഞ്ഞു. വൈദ്യുതവാഹനങ്ങളിപ്പോള്‍ ജനപ്രിയമാണ്. പ്രശ്‌നം വില കൂടുതലാണെന്നതുമാത്രമാണ്. അഞ്ചുവര്‍ഷത്തിനുള്ളില്‍ വൈദ്യുത കാറുകള്‍, ബസുകള്‍, ട്രക്കുകള്‍ എന്നിവ കയറ്റുമതി ചെയ്യുന്ന മുന്‍നിര രാജ്യമായി ഇന്ത്യ മാറും. ആറാമത്തെ വലിയ ലിഥിയം-അയണിന്റെ കരുതല്‍ ജമ്മു കശ്മീരിലാണെന്നും ഇന്ത്യ നിലവില്‍ 1200 ടണ്‍ ലിഥിയം അയണ്‍ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം സഭയെ അറിയിച്ചു.
വരും വര്‍ഷങ്ങളില്‍ ഇലക്ട്രിക് കാറുകളുടെ വില കുറച്ചുകൊണ്ടുവരുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുമ്പും നിതിന്‍ ഗഡ്കരി ഉറപ്പുനല്‍കിയിരുന്നു. ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം അയേണ്‍ ബാറ്ററികള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. പെട്രോള്‍ കാറുകളുടെ വിലയിലേക്ക് ഇലക്ട്രിക് കാറിന്റെ വിലയും എത്തിക്കുകയാണ് ലക്ഷ്യമെന്നും ഇലക്ട്രിക് കാറുകള്‍ക്കായി പുതിയ സാങ്കേതികവിദ്യയും ഗ്രീന്‍ ഫ്യൂവലുകളുടെയും കണ്ടുപിടിത്തവും വരുന്നതോടെ വാഹനങ്ങളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും മന്ത്രി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.