പത്തിൽ നിർത്തില്ല; ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന് രണ്ട് ഭാഗംകൂടി
text_fieldsവാഹനപ്രേമികളുടെ ഇഷ്ട സിനിമ സീരീസായ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന് രണ്ടുഭാഗം കൂടി ഉണ്ടാകുമെന്ന് റിപ്പോർട്ട്. നിലവിൽ എട്ട് ചിത്രങ്ങളാണ് എഫ് ആൻഡ് എഫ് സീരീസിൽ പുറത്തിറങ്ങിയിട്ടുള്ളത്. റിലീസിന് തയ്യാറെടുക്കുന്ന ഒമ്പതാമത് ചിത്രത്തിനുശേഷം ഒരു സിനിമകൂടി ഉണ്ടാകുമെന്നായിരുന്നു ആദ്യ സൂചന. അങ്ങിനെ 10 സിനിമകൾകൊണ്ട് സീരീസ് അവസാനിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇനിയും രണ്ട് സിനിമകൾകൂടി ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിൽ വെള്ളിത്തിരയിലെത്തുമെന്നാണ് സിനിമയുടെ അണിയറക്കാർ പറയുന്നത്.
2021 മെയിൽ ഫാസ്റ്റ് 9 റിലീസിന് ശേഷമാണ് രണ്ട് സിനിമകളും എത്തുക. ഫാസ്റ്റ് 9 ഇൗ വർഷം സിനിമാശാലകളിൽ എത്തുമെന്ന് നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് കാരണം വൈകുകയായിരുന്നു. അവസാന രണ്ട് സിനിമകളുടെ പ്രമേയം എന്തായിരിക്കുമെന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഫാസ്റ്റ് 9 െൻറ പോസ്റ്റ് പ്രൊഡക്ഷെൻറ തിരക്കിലായ സംവിധായകൻ ജസ്റ്റിൻ ലിൻ ഫാസ്റ്റ് 10, ഫാസ്റ്റ് 11 സംവിധാനം ചെയ്യുന്നതിനായി യൂനിവേഴ്സൽ പിക്ചേഴ്സുമായി ചർച്ച നടത്തുകയാണ്. എഫ് ആൻഡ് എഫ്: ടോക്കിയോ ഡ്രിഫ്റ്റിലൂടെയാണ് ലിൻ ആദ്യമായി സിനിമയുമായി ബന്ധപ്പെടുന്നത്. സീരീസിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ടോക്കിയോ ഡ്രിഫ്റ്റ് എന്നാണ് നിരൂപകർ പറയുന്നത്.
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിൻ ഡീസൽ, മിഷേൽ റോഡ്രിഗസ്, ടൈറസ് ഗിബ്സൺ, ക്രിസ് "ലുഡാക്രിസ്" ബ്രിഡ്ജസ്, ജോർദാന ബ്രൂസ്റ്റർ, നതാലി ഇമ്മാനുവൽ, സും കാങ് എന്നിവരെല്ലാം ഫാസ്റ്റ് 9ലും ഉൾപ്പെട്ടിട്ടുണ്ട്. ഫാസ്റ്റ് എട്ടിലുണ്ടായിരുന്ന ഡ്വെയ്ൻ ജോൺസൺ, ജേസൺ സ്റ്റതാം എന്നിവരേയും വരുന്ന ഭാഗത്തിൽ പ്രതീക്ഷിക്കുന്നുണ്ട്.ട്രിലജി എന്ന ആശയത്തിൽ മൂന്ന് ഭാഗങ്ങളായി രൂപകൽപ്പന ചെയ്തിരുന്ന സിനിമയാണ് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്. കണ്ണഞ്ചിചിപ്പിക്കുന്ന വാഹനങ്ങളും ശ്വാസം അടക്കിപ്പിടിച്ച് കാണേണ്ട സംഘട്ടന രംഗങ്ങളുമായിരുന്നു സിനിമയുടെ പ്രത്യേകത.
വമ്പിച്ച സാമ്പത്തിക വിജയമാണ് വീണ്ടും വീണ്ടും സിനിമ ആവർത്തിക്കാനുള്ള കാരണം. കുടുംബം എന്ന ആശയവും സിനിമയിലുണ്ട്. വിൻ ഡീസലിെൻറ ഡൊമനിക് ടോററ്റോ ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രം. കുടുംബസ്ഥനും കള്ളനും കാറോട്ടക്കാരനും ഒക്കെയാണിയാൾ. ഇയാൾ സംഘടിപ്പിക്കുന്ന പഴുതടച്ച മോഷണങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. ഈ വർഷം ജനുവരിയിൽ ഫാസ്റ്റ് 9 ട്രെയിലർ പുറത്തിറങ്ങിയിരുന്നു.
പ്രതീക്ഷിച്ചപോലെ വാഹനങ്ങളുടെ ഉത്സവമാണ് സിനിമയിലുള്ളത്. 1968 ഡോഡ്ജ് ചാർജർ 500, 2018 അക്കുര എൻഎസ്‌എക്സ്, 2020 ജീപ്പ് ഗ്ലാഡിയേറ്റർ, 2018 നോബിൾ എം 600, 1974 ഷെവർലെ നോവ എസ്എസ്, ഫോർഡ് മസ്റ്റാങ് ജിടി 350, 2020 ടൊയോട്ട ജിആർ സുപ്രയും റോക്കറ്റ് എഞ്ചിൻ പവർ പോണ്ടിയാക് ഫിയറോയും ട്രെയിലറിൽ വന്നുപോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.