ആഢംബര കാറുകൾ മുതൽ ടാങ്ക് വരെ ; ഡീഗോയുടെ വാഹനലോകം
text_fieldsകാൽപന്തു കളിയിലെ കേമൻ ഡീഗോ മറഡോണ ജീവിതത്തിൽനിന്ന് ചുവപ്പുകാർഡ് കണ്ട് പിൻവാങ്ങുേമ്പാൾ ബാക്കിയാവുന്നത് വലിയൊരു വാഹനശേഖരംകൂടിയാണ്. സ്പോർട്സ് കാറുകളും ആഢംബര സെഡാനുകളും മാത്രമല്ല ആംഫീബിയസ് ടാങ്കുവരെ ഡീഗോയുടെ ഗാരേജിനെ അലങ്കരിച്ചിരുന്നു. മൈതാനത്തും പുറത്തും ഒരുപോലെ ധൂർത്തനായിരുന്ന അദ്ദേഹം തനിക്ക് ആവശ്യം വരുേമ്പാഴെല്ലാം വാഹനങ്ങൾ വിറ്റ് യഥേഷ്ടം പണം ചിലവാക്കിയിരുന്നു. ആറ് ജീവിത പങ്കാളികളും എട്ട് മക്കളും ഉള്ള അദ്ദേഹത്തിെൻറ സ്വത്തുക്കൾ പങ്കിടുക ഏറെ സങ്കീർണ്ണമായ പ്രക്രിയ ആകാൻ ഇടയുണ്ടെന്നാണ് നിയമവിശാരദന്മാർ പറയുന്നത്.
നിലവിൽ മറഡോണയുടെ പക്കലുള്ളതായി കരുതുന്ന രണ്ട് ആഢംബര കാറുകൾ ദുബൈയിയിൽ അദ്ദേഹത്തിന് സമ്മാനമായി ലഭിച്ചവയാണ്. ദുബൈയിലെ ഫുജൈറ ഫുട്ബോൾ ക്ലബിെൻറ ടെക്നിക്കൽ ഡയറക്ടറായി ജോലി ചെയ്തിരുന്ന സമയത്താണ് ഇവ അദ്ദേഹത്തിെൻറ പക്കലെത്തുന്നത്. ബലാറസിലെ ഡൈനാമോസ് ബ്രെസ്റ്റ് ക്ലബിെൻറ ഓണററി പ്രസിഡൻറ് എന്ന നിലയിൽ അദ്ദേഹത്തിന് കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന 'ഹണ്ട' എന്ന് പേരുള്ള ടാങ്കും ലഭിച്ചിട്ടുണ്ട്. ഇവ കൂടാതെ പോർഷെ 924, ഫെരാരി ടെസ്റ്ററോസ, സ്കാനിയ 113 എച്ച് ട്രക്ക് എന്നിവയും ഫുട്ബോൾ ഇതിഹാസത്തിന് സ്വന്തമായിരുന്നു.
മരണസമയത്ത് ഇവ അദ്ദേഹത്തിെൻറ പക്കലുണ്ടായിരുന്നോ എന്നും അനന്തരാവകാശത്തിെൻറ ഭാഗമാണോ ഇവ എന്നും ഇനിയും സ്ഥിരീകരിച്ചിട്ടില്ല. വാഹനങ്ങൾ കൂടാതെ വസ്തുവകകൾ, നിക്ഷേപങ്ങൾ, ആഭരണങ്ങൾ എന്നിവ ഉൾപ്പെടുന്ന വലിയ സ്വത്ത് ബാക്കിവച്ചാണ് ഡീഗോ മടങ്ങിയത്. ചില റിപ്പോർട്ടുകൾ അനുസരിച്ച് പിൻമുറക്കാർക്കും കടക്കാർക്കും സ്വത്തിൽ അവകാശവാദം ഉന്നയിക്കാനുള്ള നിയമപരമായ കാലയളവ് 90 ദിവസമാണ്.
എന്നാൽ ഈ പ്രത്യേക കേസിൽ ഇത് വളരെ ദൈർഘ്യമേറിയതായിരിക്കുമെന്ന് വിദഗ്ധർ പറയുന്നു. മറഡോണയുടെ കുടുംബാംഗങ്ങൾ തമ്മിൽ സമീപകാലത്ത് നിരവധി തർക്കങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇവർതമ്മിൽ നീണ്ടൊരു നിയമയുദ്ധത്തിനാണ് കളമൊരുങ്ങുന്നതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.