ഡ്രൈവിങ്ങിനിടെ ദേഹാസ്വാസ്ഥ്യം; സിഗീഷിന്റെ മനോധൈര്യം കാത്തത് 48 ജീവനുകൾ
text_fieldsകോഴിക്കോട്: ഡ്രൈവിങ്ങിനിടെ ശരീരത്തിന്റെ ഒരുഭാഗം തളർന്നിട്ടും മനോധൈര്യം കൈ വിടാതെ കെ.എസ്.ആര്‍.ടി.സി ഡ്രൈവർ സിഗീഷ്. ആത്മധൈര്യം കൈവിടാതെയുള്ള ഡ്രൈവറുടെ പ്രവൃത്തി 48 യാത്രക്കാരുടെ ജീവനാണ് രക്ഷിച്ചത്. റോഡരികിൽ ബസ് നിർത്തി യാത്രക്കാരെ സുരക്ഷിതമാക്കിയ ശേഷം ഡ്രൈവര്‍ സീറ്റില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
കെ.എസ്.ആര്‍.ടി.സി താമരശ്ശേരി ഡിപ്പോയില്‍നിന്ന് ബജറ്റ് ടൂറിസം പദ്ധതി പ്രകാരം മലക്കപ്പാറയിലേക്ക് വിനോദയാത്രക്കാരുമായിപ്പോയ ബസിലെ ഡ്രൈവറായിരുന്നു താമരശ്ശേരി ചുണ്ടക്കുന്നുമ്മല്‍ സിഗീഷ്.
ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ താമരശ്ശേരിയില്‍നിന്ന് പുറപ്പെട്ട ബസ് കുന്നംകുളത്തെത്തിയപ്പോഴാണ് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കോഴിക്കോട് ഫറോക്കിലുള്ള ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് താമരശ്ശേരി ഡിപ്പോയില്‍ നിന്നുള്ള രണ്ടുബസുകളിലായി തൊണ്ണൂറോളം പേര്‍ വിനോദയാത്ര പോയത്.
ഡ്രൈവിങ്ങിനിടെ ഒരുഭാഗം തളര്‍ന്ന് ബസിന്റെ ഗിയര്‍പോലും മാറ്റാന്‍ സാധിക്കാതായിട്ടും സിഗീഷ് മനോധൈര്യം കൈവിട്ടില്ല. നിറയെ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് റോഡരികില്‍ സുരക്ഷിതമായി നിര്‍ത്തിയ ശേഷം ഡ്രൈവര്‍ സീറ്റില്‍ കുഴഞ്ഞുവീണു. അപ്പോഴാണ് ബസിലെ 48 യാത്രക്കാരും കണ്ടക്ടറും സിഗീഷിന്റെ അസുഖ വിവരമറിയുന്നത്.
ഉടന്‍തന്നെ സിഗീഷിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍കോളേജിലും പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് വിധേയനായ സിഗീഷ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഇതിനുമുമ്പും സിഗീഷിന്റെ മനോധൈര്യം യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മൂന്നാറില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ സിഗീഷ് ഓടിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടിരുന്നു.
ബസിന് മുകളിലേക്ക് മണ്ണും മരച്ചില്ലകളും വീണതിനെത്തുടര്‍ന്ന് ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നിരുന്നു. ഷീറ്റും മറ്റും ഉപയോഗിച്ച് പിന്നീട് ബസ് താത്കാലികമായി യാത്രായോഗ്യമാക്കിയതിനുശേഷം സിഗീഷ് യാത്രക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.