പരേതനും പിഴ നോട്ടീസ് അയച്ച് മോട്ടോർ വാഹന ഡിപ്പാർട്ട്മെന്റ്; ഒടുവിൽ കുറ്റസമ്മതം
text_fieldsകാവല്‍പ്പാട്: ഒന്നരവർഷം മുമ്പ് മരിച്ചയാൾക്ക് ഗതാഗത നിയമലംഘനത്തിന് നോട്ടീസ് അയച്ച് മോട്ടോർ വാഹന ഡിപ്പാർട്ട്മെന്റ്. സംഗതി വിവാദമായപ്പോൾ പിഴവ് സമ്മതിച്ച് എം.വി.ഡി രംഗത്തെത്തി. ഒന്നര വർഷം മുൻപ് മരിച്ച അച്ഛൻ ഗതാഗത നിയമലംഘനം നടത്തിയെന്ന് പറഞ്ഞുള്ള നോട്ടീസ് ലഭിച്ചത് പാലക്കാട് സ്വദേശി വിനോദിനായിരുന്നു. വാഹന രജിസ്ട്രഷൻ നമ്പറിൽ ഒരക്കം മാറി പോയതാണ് തെറ്റിദ്ധരണക്ക് കാരണമെന്ന് പാലക്കാട് എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ജയേഷ് കുമാർ പറഞ്ഞു.
പിതാവിന്‍റെ ഇരുചക്ര വാഹനത്തില്‍ പിൻസീറ്റ് യാത്ര ചെയ്യുന്ന ആള്‍ക്ക് ഹെൽമറ്റ് ഇല്ലെന്നാണ് എ.ഐ ക്യാമറ കണ്ടെത്തിയതെന്ന് വിനോദ് പറയുന്നു. പഞ്ചറായി കിടക്കുന്ന വണ്ടി അച്ഛൻ മരിച്ച ശേഷം പുറത്തു പോലും എടുത്തിട്ടില്ലെന്നും മകൻ പറഞ്ഞു.പാലക്കാട് കാവൽപ്പാട് സ്വദേശിയായ ചന്ദ്രശേഖരൻ 89ാമത്തെ വയസ്സിലാണ് മരിച്ചത്. ഒന്നരവർഷം മുമ്പായിരുന്നു മരണം. മരിക്കുന്നതിന് 7 മാസം മുമ്പ് അദ്ദേഹം അൽഷിമേഴ്സ് ബാധിച്ച് കിടപ്പിലായിരുന്നു.
അദ്ദേഹത്തിന്റെ വണ്ടി വീട്ടില്‍ തന്നെയുണ്ട്. പഞ്ചറായി ഷെഡിലിരിക്കുന്ന വാഹനത്തിൽ യാത്ര ചെയ്തതിനാണ് ഇപ്പോൾ എഐ ക്യാമറയുടെ നോട്ടീസ് വന്നിരിക്കുന്നത്. ‘ഞങ്ങളാരും അച്ഛന്റെ വണ്ടി തൊടാറേയില്ലായിരുന്നു. ഒന്നരവര്‍ഷമായി വാഹനം പുറത്തേക്ക് എടുത്തിട്ടില്ല’ -വിനോദ് പറഞ്ഞു. ഇവരിൽ നിന്ന് പിഴ ഈടാക്കില്ലെന്ന് ആർ.ടി.ഒ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.