വേഗപ്പോര് 70 വർഷങ്ങൾ പിന്നിടുേമ്പാൾ
text_fieldsഅത്ലറ്റിക്സിലെ 100 മീറ്റർ ഓട്ടമാണ് കാറോട്ടത്തിൽ ഫോർമുല വൺ. ത്രസിപ്പിക്കുന്ന ഫ്ലാഷ് ഫിനിഷുകളിലൂടെ വേഗ രാജാവിനെ കണ്ടെത്താൻ ട്രാക്കിലെ കൊടുംപോര്. കാണികളുടെ നെഞ്ചിടിപ്പ് ഉയരുേമ്പാൾ അതിലുപരി ഡ്രൈവർമാർക്ക് പരീക്ഷണമാണ് ഫോർമുല വൺ റേസ്. ഫോർമുല വൺ ചാമ്പ്യൻഷിപ് 70 വർഷം പിന്നിടുകയാണ്. 1950ലാണ് ആദ്യ ചാമ്പ്യൻഷിപ്. ഗിസ്പ്പ ഫാരിനെയായിരുന്നു ആദ്യ ചാമ്പ്യൻ. മണിക്കൂറിൽ 100 കിലോമീറ്ററിന് മുകളിൽ പായുന്ന കാറിനെ വളവുകളിൽ സെക്കൻഡുകൾക്കകം പിടിച്ചുനിർത്തുന്ന എഫ്.വൺ ഡ്രൈവറുടെ വൈദഗ്ധ്യം വണ്ടിക്കമ്പക്കാരെ ആവേശത്തിെൻറ കൊടുമുടി കയറ്റും
സുരക്ഷതന്നെ രക്ഷ
രൂപഭാവങ്ങളിൽ ഫോർമുല വൺ കാറുകൾ ഒരുപോലെയാണെങ്കിലും ഓരോന്നിെൻറയും രഹസ്യം സ്റ്റിയറിങ്ങിലാണ്. സുരക്ഷ സംവിധാനങ്ങളിലും ഫോർമുല വൺ കാറുകൾ പിന്നിലല്ല. അടുത്തിടെ കാറുകളുടെ സുരക്ഷയെ കുറിച്ചുള്ള ഖ്യാതി വാനോളം ഉയർത്തിയ സംഭവമാണ് ബ്രിട്ടീഷ് ഗ്രാൻഡ്പ്രീ.
ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നതിനിടെ മെഴ്സിഡെസ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടെൻറ കാറിെൻറ ടയർ പഞ്ചറായി. പ്രതിസന്ധിയിൽ പതറാതെ വളയംപിടിച്ച ഹാമിൽട്ടൽ വിജയകരമായി റേസ് പൂർത്തിയാക്കുന്നു. ഈ സീസണിൽ ഇതുവരെ നടന്ന ഏഴ് ഗ്രാൻഡ്പ്രീയിൽ അഞ്ചിലും ജേതാവായത് ഹാമിൽട്ടൺതന്നെയാണ്. 157 പോയൻറുമായി അദ്ദേഹം ബഹുദൂരം മുന്നിലാണ്. ഇത്തവണ കൂടി ചാമ്പ്യൻഷിപ് നേടിയാൽ മൈക്കൽ ഷൂമാക്കറിെൻറ ഏഴ് കിരീടത്തിനൊപ്പമെത്താൻ ഹാമിൽട്ടണ് സാധിക്കും.
ട്രാക്കിലെ പന്തയക്കുതിരകൾ
ഒരു റേസിൽ 305 കിലോ മീറ്റർ വരെയാണ് ഓരോ ഫോർമുല വൺ കാറും സഞ്ചരിക്കേണ്ടത്. അതിവേഗം കുതിക്കാൻ കാർബൺ ഫൈബർ ഉപയോഗിച്ചാണ് നിർമാണം. 702 കിലോയിൽ കൂടുതലാണ് ഭാരം. 180 സെൻറിമീറ്റർ നീളവും 90 സെ.മീ വീതിയും വേണം. 1.6 ലിറ്റർ വി6 എൻജിനാണ് ഘടിപ്പിക്കേണ്ടത്.സെമി ഓട്ടോമാറ്റിക് കാർബൺ ടൈറ്റാനിയം ഗിയർബോക്സിന് റിവേഴ്സ് ഉൾെപ്പടെ ഒമ്പത് ഗിയറുകൾ. പെട്രോളാണ് ഫോർമുല വൺ കാറുകളെ ചലിപ്പിക്കുന്ന ഇന്ധനം.എയ്റോഡൈനാമിക്സ് രൂപശൈലിയിലാണ് വാഹനങ്ങളുടെ രൂപകൽപന. ട്രാക്കിലെ കൃത്യതയും പെർഫോമൻസും കൂട്ടാൻ ഇത് സഹായിക്കുന്നു.
കർശനം നിർമാണ രഹസ്യം
ഏത് അനുപാതത്തിലാണ് കാറുകൾ നിർമിക്കേണ്ടതെന്ന് ഫോർമുല വൺ കൺസ്ട്രക്ചേഴ്സ് അസോസിയേഷൻ നിർവചിക്കുന്നുണ്ട്. എൻജിൻ കരുത്തിൽ തുടങ്ങി സാങ്കേതിക വശങ്ങൾക്കെല്ലാം കർശനമായ ചട്ടക്കൂടുകൾ. മണിക്കൂറിൽ 200 കിലോമീറ്ററിന് മുകളിലാണ് പല സമയങ്ങളിലേയും വേഗത. റേസിങ് ട്രാക്കാണെങ്കിലും അപകട സാധ്യതകൾ അടയുന്നില്ല. അപകടം ഒഴിവാക്കാനും ഡ്രൈവർമാരുടെ സുരക്ഷ പരമാവധി ഉറപ്പാക്കാനുമാണ് ഫോർമുല വൺ പ്രാധാന്യം നൽകുന്നത്.
കാറുകളുടെ സുരക്ഷയിൽ പ്രധാനം മോണോകോക്ക് ചേസിസാണ്. ഡ്രൈവറെ സുരക്ഷിതനാക്കുന്ന സെല്ലും കോക്പിറ്റും അടങ്ങുന്നതാണ് മോണോകോക്ക് സ്ട്രക്ചർ. പുറത്തുനിന്നുള്ള ആഘാതങ്ങളെ പരമാവധി സ്വയം ഏറ്റുവാങ്ങി ഡ്രൈവറെ സുരക്ഷിതനാക്കും. ഒരു കൂട്ടിയിടിയുണ്ടായാൽ സീേറ്റാടു കൂടി എളുപ്പത്തിൽ ഡ്രൈവർക്ക് കാറുകളിൽനിന്ന് പുറത്ത് വരാം. അഞ്ച് സെക്കൻഡിനുള്ളിൽ സീറ്റ്ബെൽറ്റ് മാത്രം അൺലോക് ചെയ്ത് ഡ്രൈവർമാർക്ക് സുരക്ഷിതനായി പുറത്തെത്താം.
തീപാറും റേസിങ്
10 ടീമുകളാണ് ഒരു സീസണിൽ പെങ്കടുക്കുക. ഒാരോ ടീമിനും രണ്ടു വീതം കാറുകളുണ്ടാവും ട്രാക്കിൽ. റേസിന് 30 മിനിറ്റ് മുമ്പ് ടീമുകൾക്കുള്ള പിറ്റ്ലൈൻ തുറക്കും. ഈ സമയത്ത് ഡ്രൈവർമാർക്ക് ട്രാക്കിൽ പരിശീലിക്കാം. റേസ് തുടങ്ങുന്നതിന് ഒരു മിനിറ്റ് മുമ്പ് എൻജിൻ സ്റ്റാർട്ട് ചെയ്യാം. ഗ്രീൻ ലൈറ്റ് കത്തുേമ്പാൾ വേഗപ്പോരാട്ടത്തിന് തുടക്കമാവും. എതെങ്കിലും കാറിന് തകരാർമൂലം റേസ് തുടങ്ങാൻ സാധിച്ചില്ലെങ്കിൽ പരിഹരിച്ച് പിന്നീട് മത്സരത്തിലേക്ക് തിരിച്ചെത്താനും സാധിക്കും. പക്ഷേ 10 സ്ഥാനം പിറകിൽ മാത്രമേ സ്റ്റാർട്ട് ചെയ്യാൻ സാധിക്കൂ. നിരവധി റേസുകളടങ്ങിയ ഫോർമുല വൺ ടൂർണമെൻറിൽ ഒരു റേസിൽ ജയിച്ചാൽ 25 പോയൻറാണ് ലഭിക്കുക.
മൈക്കൽ ഷൂമാക്കർ
ഫോർമുല വൺ എന്ന് കേൾക്കുേമ്പാൾതന്നെ ഏതൊരാളുടെയും മനസ്സിലെത്തുന്ന പേരാണ് ജർമൻകാരനായ മൈക്കൽ ഷൂമാക്കർ. ഏഴു തവണ ലോക ജേതാവായ ഇദ്ദേഹം എക്കാലത്തെയും മികച്ച ഫോർമുല വൺ ഡ്രൈവറിൽ ഒരാളാണ്. 2012 നവംബർ 25ന് നടന്ന ബ്രസീലിയൻ ഗ്രാൻഡ്പ്രീയോട് കൂടിയാണ് ഷൂമാക്കർ ഫോർമുല വൺ കാറോട്ടത്തിനിന്ന് വിരമിക്കുന്നത്. 2013 ഡിസംബർ 29ന് ഫ്രാൻസിലെ ആൽപ്സ് മലനിരകളിൽ സ്കീയിങ് ചെയ്തപ്പോൾ ഇദ്ദേഹം അപകടത്തിൽപെടുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. ഇതിൽനിന്ന് ഇപ്പോഴും ഇദ്ദേഹം മുക്തനായിട്ടില്ല.
ഫോർമുല വണ്ണിലെ ഇന്ത്യ:
കാർത്തികേയനും ചന്ദോകും
ഇന്ത്യൻ മോട്ടോർ സ്പോർട്സിെൻറ ചരിത്രത്തിലെ സുപ്രധാന വർഷമായിരുന്നു 2005. ഇന്ത്യക്കാരൻ നരെയ്ൻ കാർത്തികേയൻ ജോർഡൻ ടീമിൽ ചേർന്ന് കാറോട്ടത്തിെൻറ വിശ്വവേദിയായ ഫോർമുല വണ്ണിൽ അരങ്ങേറ്റം കുറിച്ച വർഷം. ആദ്യ റേസിൽതന്നെ പോയിൻറ് നേടിയ കാർത്തികേയൻ യു.എസ് ഗ്രാൻഡ്പ്രീയിൽ നാലാമതെത്തി ചരിത്രം കുറിച്ചു. ഇടക്കാലത്ത് ഫോർമുല വണ്ണിൽനിന്നും ഇടവേളയെടുത്ത് പോയ കാർത്തികേയൻ 2011ൽ എച്ച്.ആർ.ടി ടീമിനൊപ്പം വീണ്ടും ഫോർമുല വണ്ണിലേക്ക് തിരിച്ചെത്തി. 2012ലും 2013ലും ഈ കോയമ്പത്തൂർ സ്വദേശി ട്രാക്കിൽ തീപടർത്തി.
നരെയ്ന് കാര്ത്തികേയന് ശേഷം ഫോർമുല വണ്ണില് അങ്കം കുറിച്ചയാളാണ് ചെന്നൈ സ്വദേശിയായ കരുൺ ചന്ദോക്. ഇന്ത്യന് ഡ്രൈവറാണ് കരുണ്. 2010 സീസണിൽ ഹിസ്പാനിയ റെയ്സിങ് ടീമിനു വേണ്ടിയായിരുന്നു കരുൺ വളയം പിടിച്ചത്. 2011ൽ ടീം ലോട്ടസിെൻറ കൂടെയായിരുന്നു. എന്നാൽ, ഇദ്ദേഹത്തിന് പോയെൻറാന്നും നേടാൻ സാധിച്ചിരുന്നില്ല.
ബുദ്ധ ഇൻറർനാഷനൽ സർക്യൂട്ട്
ഫോർമുല വൺ മത്സരങ്ങൾ ഇന്ത്യയിലുമെത്തി. 2011 മുതൽ 2013 വരെ ബുദ്ധ ഇൻറർനാഷനൽ ട്രാക്കിലാണ് ഫോർമുല വൺ മത്സരങ്ങൾ തീപടർത്തിയത്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ 5.1 കിലോമീറ്റർ ട്രാക് ലോകോത്തര നിലവാരമുള്ളതാണെന്ന് പേരെടുത്തിരുന്നു. എന്നാൽ, നികുതി സംബന്ധമായ തർക്കങ്ങളിൽ കുരുങ്ങി ഉടമസ്ഥരായ ജെയ്പീ ട്രാക്കിന് പൂട്ടിട്ടതോടെ ഫോർമുല വണ്ണും ഇന്ത്യയിൽനിന്ന് പടിയിറങ്ങി.
ഫോഴ്സ് ഇന്ത്യ
ഫോർമുല വണ്ണിൽ മത്സരിച്ച ഇന്ത്യൻ ബന്ധമുള്ള ടീം ഫോഴ്സ് ഇന്ത്യയാണ്. 2007ൽ മദ്യവ്യവസായി വിജയ് മല്യയും ഡച്ച് വ്യവസായി മൈക്കൽ മോളും ചേർന്ന് സ്കൈപ്പർ എഫ് 1നെ 88 മില്യൺ യൂറോക്ക് സ്വന്തമാക്കുകയായിരുന്നു. 2008ൽ ഓസ്ട്രേലിയൻ ഗ്രാൻഡ് പ്രീയിലായിരുന്നു ഫോഴ്സ് ഇന്ത്യയുടെ അരങ്ങേറ്റം. 203 റേസുകളിൽ ടീം പങ്കെടുത്തു. 987 പോയിൻറ് സ്വന്തമാക്കിയ ടീം ആറ് തവണ പോഡിയം ഫിനിഷ് നേടി. 2018ൽ ഹംഗേറിയൻ ഗ്രാൻഡ്പ്രീയിലായിരുന്നു അവസാനമായി ഫോഴ്സ് ഇന്ത്യയെ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.