ഇലക്ട്രിക് സ്‌കൂട്ടറിൽ വേഗപരിധി കൂട്ടി തട്ടിപ്പ്; ആൾമാറാട്ടം നടത്തി പിടികൂടി എം.വി.ഡി
text_fieldsഇലക്ട്രിക് സ്‌കൂട്ടറിൽ വേഗപരിധി കൂട്ടി തട്ടിപ്പെന്ന് മോട്ടോർ വാഹന വകുപ്പ്. മഫ്തിയിലെത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഷോറൂമിലെ തട്ടിപ്പ് നേരിട്ട് കണ്ടെത്തുകയായിരുന്നു. 25 കിലോമീറ്ററിൽ താഴെ വേഗതയുള്ള രജിസ്േട്രഷനും ഓടിക്കാൻ ലൈസൻസും വേണ്ടാത്ത സ്കൂട്ടറുകളിലാണ് തട്ടിപ്പ് നടത്തിയിരുന്നത്. തട്ടിപ്പ് ൈകയോടെ ബോധ്യപ്പെട്ടതോടെ ഷോറൂം പൂട്ടാനുള്ള നോട്ടീസ് നല്‍കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്.ശ്രീജിത് എറണാകുളം ആര്‍.ടി.ഒ. ജിക്ക് നിര്‍ദേശം നല്‍കി.
എസ്.എസ്.എല്‍.സി. പരീക്ഷ ജയിച്ച മകള്‍ക്ക് സമ്മാനമായി ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാനെത്തിയ രക്ഷിതാവായാണ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷോറൂമില്‍ എത്തിയത്. വണ്ടി ട്രയല്‍റണ്‍ നടത്തിയപ്പോള്‍ വേഗം 25 കിലോമീറ്ററിന് താഴെയായിരുന്നു. 'സ്പീഡ് കുറവാണല്ലോ എന്ന് പറഞ്ഞപ്പോൾ കൂട്ടിത്തരാമെന്നായിരുന്നു മറുപടി. തുടർന്ന് ഓടിച്ചപ്പോള്‍ വേഗം 35 കിലോമീറ്റായി ഉയര്‍ന്നു. ഇതിനുപിന്നാലെയാണ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത്.
250 വാട്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വേഗതകൂട്ടി വില്‍പ്പന നടത്തുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഷോറൂമില്‍ ഗതാഗതവകുപ്പിന്റെ ഉന്നതസംഘം മിന്നല്‍ പരിശോധന നടത്തിയത്. ഇതു നേരില്‍ക്കണ്ട് ബോധ്യപ്പെടാന്‍ മഫ്തിയില്‍ സ്‌കൂട്ടര്‍ വാങ്ങാന്‍ ഉദ്യോഗസ്ഥനെ വിടുകയായിരുന്നു. റോഡില്‍ ഓടിച്ച ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വേഗം ഇന്റര്‍സെപ്റ്റര്‍ വാഹനത്തിലെ റഡാറില്‍ പരിശോധിച്ചപ്പോഴാണ് 35 മുതല്‍ 45 കിലോമീറ്റര്‍ വരെ ഉള്ളതായി കണ്ടെത്തിയത്.
250 വാട്ടുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് സര്‍ക്കാര്‍ നിരവധി ഇളവുകൾ നൽകുന്നുണ്ട്. വാഹനങ്ങളിലെ ഉയര്‍ന്ന വേഗം 25 കിലോമീറ്റര്‍ മാത്രമായിരിക്കണം എന്നാണ് നിബന്ധന. ഇവ ഓടിക്കാന്‍ ഡ്രൈവിങ് ലൈസന്‍സ് ആവശ്യമില്ല, ഹെല്‍മെറ്റ് വേണ്ട, റോഡ് ടാക്‌സ് ഉള്‍പ്പെടെ ഒന്നും അടയ്‌ക്കേണ്ട. എന്നാല്‍, ആനുകൂല്യങ്ങള്‍ വാങ്ങിയിട്ട് ഡീലര്‍മാര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിറ്റിരുന്നത് വേഗത കൂട്ടിനൽകിയായിരുന്നു.
സാധാരണ ഒരു സ്‌കൂട്ടര്‍ ഓടിക്കുന്ന മിനിമം വേഗമായ 40 കിലോമീറ്ററില്‍ ഇത് ഓടിക്കാമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.വണ്ടിയുടെ മോട്ടോറിലാണ് വേഗം കൂട്ടാനും കുറയ്ക്കാനുമുള്ള ലോക്ക് ഘടിപ്പിച്ചിട്ടുള്ളത്. വേഗംകൂട്ടാന്‍ ഇതിനായി വണ്ടിയില്‍ പ്രത്യേക സ്വിച്ച് ഘടിപ്പിച്ചിട്ടുണ്ട്. മൂന്നുതരത്തിലാണ് സ്‌കൂട്ടറിന്റെ വേഗം കൂട്ടുന്നത്. ആദ്യ മോഡില്‍ ഇട്ടാല്‍ 25 കിലോമീറ്റര്‍ വേഗത്തില്‍ മാത്രം ഓടും. രണ്ടാമത്തെ മോഡില്‍ 32 കിലോ മീറ്റര്‍, മൂന്നാം മോഡില്‍ 40-ന് മുകളില്‍ കിട്ടും. ഇത്തരത്തിലുള്ള പ്രത്യേക സ്വിച്ചാണ് ഇവര്‍ ക്രമീകരിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.