തടിയിൽ തീർത്ത വിസ്മയം; സിട്രൺ 2 സി.വി വിന്റേജ് കാർ ലേലത്തിൽ വിറ്റുപോയത് 1.86 കോടി രൂപക്ക്
text_fieldsവിന്റേജ് കാറുകൾക്ക് വലിയൊരു ആരാധക വൃന്ദമാണ് വിദേശരാജ്യങ്ങളിൽ ഉള്ളത്. അത്തരമൊരു കാറിന്റെ വിശേഷങ്ങളാണ് ഇനി പറയാൻ പോകുന്നത്. ഈ കാറിന്റെ പ്രധാന പ്രത്യേകത ഇതിന്റെ ബോഡി നിർമിച്ചിരിക്കുന്നത് തടികൊണ്ടാണ് എന്നതാണ്. 1948 കാലയളവിൽ സിട്രൺ എന്ന ഫ്രഞ്ച് വാഹന നിർമ്മാതാക്കൾ പുറത്തിറക്കിയ 2സി.വി എന്ന മോഡലിന്റെ മരത്തിൽ കൊത്തിയെടുത്ത മോഡലാണിത്. ഈ അപൂർവ്വ വാഹനം ലേലത്തിൽ വിറ്റുപോയത് കോടികൾക്കാണ്.
ബോഡി പാനലുകളും ഷാസിയും പൂർണമായി തടിയിൽ നിർമ്മിച്ച സിട്രൺ 2 സി.വി മോഡൽ, 2.10 ലക്ഷം പൗണ്ട്, അഥവാ 1.86 കോടി രൂപക്കാണ് വിറ്റത്. മരംകൊണ്ടു നിര്‍മിച്ചതാണെങ്കിലും സാധാരണ കാർ പോലെ ഉപയോഗിക്കാൻ പറ്റുന്ന വാഹനമാണിത്. അതോടൊപ്പം ഫ്രാന്‍സില്‍ ഇത് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
പാരിസില്‍ നിന്നുള്ള വിന്റേജ് വാഹന പ്രേമിയും മ്യൂസിയം ഉടമയുമായ ഷോണ്‍ പോള്‍ ഫവാന്‍ഡാണ് കാർ ലേലത്തില്‍ സ്വന്തമാക്കിയത്. 'ഒരു കാര്‍ എന്നതിനേക്കാള്‍ കലാസൃഷ്ടി എന്ന നിലയിലാണ് ഇതിന് മൂല്യമുള്ളത്' എന്ന് അദ്ദേഹം പറഞ്ഞു.
മൈക്കല്‍ റോബില്ലാര്‍ഡ് എന്ന വ്യക്തിയാണ് കാർ നിർമിച്ചത്. കാറിന്റെ വശങ്ങൾ തീർക്കാനായി വാള്‍നട്ട് മരത്തിന്റേയും ഷാസിയുടെ നിർമ്മാണത്തിനായി പിയറിര്‍, ആപ്പിള്‍ മരങ്ങളുടെ തടിയുമാണ് ഉപയോഗിച്ചത്. ബോണറ്റ് നിർമ്മിക്കുന്നതിനായി ചെറി മരത്തിന്റെ ഒറ്റത്തടിയാണ് തെരഞ്ഞെടുത്തത്.
കൈകൊണ്ട് ഉളിയും സാൻഡ് പേപ്പറും പോലുള്ള പണിയായുധങ്ങള്‍ മാത്രം ഉപയോഗിച്ചാണ് മൈക്കല്‍ കാർ നിർമിച്ചത്.2016 -ല്‍ ഒരു സിട്രൺ 2സി.വി മോഡൽ 1,72,800 യൂറോക്ക് ലേലത്തിൽ വിറ്റുപോയിരുന്നു. വളരെ അപൂര്‍വമായ 1961 മോഡല്‍ 2സി.വി സഹാറ എന്ന മോഡലിനാണ് അന്ന് ഇത്രയും തുക ലഭിച്ചത്. പുതിയ ലേലം പഴയ വില്‍പന റെക്കോഡ് മറികടന്നിരിക്കുകയാണ്. ഹിറ്റ്ലറിന്റെ ആശയത്തിൽ പിറന്ന ഫോക്‌സ്‌വാഗണ്‍ ബീറ്റിലിനോട് മത്സരിക്കാന്‍ 1948 -ലാണ് സിട്രൺ 2CV എന്ന മോഡൽ പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.