സൈക്കിൾ മുതൽ വിമാനം വരെ; ഇത് നജീബിന്‍റെ വാഹന വേട്ട
text_fieldsപണ്ടുകാലത്തെ ജനങ്ങളുടെ പ്രധാന വിനോദമായിരുന്നു മൃഗവേട്ട. കാടും മേടും താണ്ടി അവർ മൃഗങ്ങളെ വേട്ടയാടി. കാലം മാറിയപ്പോൾ മൃഗവേട്ടയും ഇല്ലാതായി. എന്നാൽ, കാലത്തിനനുസരിച്ചുള്ള പുതിയ വേട്ടക്കിറങ്ങിയിരിക്കുകയാണ് നജീബ് റഹ്മാൻ എന്ന യൂട്യൂബർ. വാഹനങ്ങളാണ് ഈ വേട്ടക്കാരന്‍റെ പ്രധാന ഇര.
വ്യത്യസ്ത വാഹനങ്ങൾ തേടിപ്പിച്ച് നാടുകൾ ചുറ്റുകയാണ് ഈ ചെറുപ്പക്കാരൻ. അവ കാഴ്ചകളും അറിവുകളുമായി തന്‍റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നു. Najeeb Rehman KP എന്ന യൂട്യൂബ് ചാനലിലെ Car Hunt സീരീസിലൂടെ ഇന്ത്യയിൽ ലഭ്യമല്ലാത്ത വാഹനങ്ങളെ പരിചയപ്പെടുത്തുന്നു ഇദ്ദേഹം.
മൂന്ന് വർഷം മുമ്പാണ് നജീബ് ചാനൽ ആരംഭിക്കുന്നത്. 320ന് മുകളിൽ വിഡിയോകൾ ഇതുവരെ തന്‍റെ ചാനലിൽ സംപ്രേക്ഷണം ചെയ്തു. സൈക്കിൾ മുതൽ കപ്പലും വിമാനവുമെല്ലാം മലയാളികൾക്ക് ഇദ്ദേഹം പരിചയപ്പെടുത്തി. ലളിതവും വ്യത്യസ്തവുമായ അവതരണ ശൈലി നജീബിന്‍റെ ചാനലിനെ ജനപ്രിയമാക്കുന്നു.
കൂടെ ജോലി ചെയ്തിരുന്ന രണ്ട് സുഹൃത്തുക്കൾ ചാനൽ ആരംഭിച്ചതും അതിൽനിന്ന് വരുമാനം ലഭിച്ചതുമെല്ലാം കണ്ടാണ് ഈ മേഖലയിലേക്ക് കടന്നുവരുന്നത്. കൂടാതെ അധ്യാപകനായി ജോലി ചെയ്തതിന്‍റെയും ചെറുപ്പം മുതൽ പ്രസംഗ മത്സരങ്ങളിൽ പങ്കെടുത്തതിന്റെയും അനുഭവസമ്പത്ത് ഈ 29കാരനുണ്ടായിരുന്നു. വാഹനങ്ങളോടുള്ള അഭിനിവേശം കാരണം ചാനലും ആ വഴിക്ക് തന്നെ നീങ്ങാൻ തീരുമാനിച്ചു. നജീബിനെ സംബന്ധിച്ചിടത്തോളം രക്തത്തിൽ അലിഞ്ഞുചേർന്നതായിരുന്നു വണ്ടിഭ്രാന്ത്.
കാഴ്ചപ്പാടുകളിലെ വ്യത്യസ്തത
യൂട്യൂബ് ചാനൽ ആരംഭിച്ചതോടെ വാഹനങ്ങളെ നോക്കിക്കാണുന്ന രീതിയിൽ വ്യത്യാസം വന്നു. അവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും രസകരമായ വസ്തുകൾ കണ്ടെത്തുകയും ചെയ്തു. ഇങ്ങനെയാണ് അവ വിഡിയോകളായി മാറിയത്. വാഹനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുമായുള്ള അഭിമുഖങ്ങൾ എന്നിവയും ഈ ചാനലിനെ സമ്പന്നമാക്കുന്നു.
വാഹനങ്ങളെ പോലെ തന്നെ ഡ്രൈവിങ്ങും ഏറെ ഹരം നൽകുന്ന കാര്യമാണ് നജീബിന്. ദീർഘദൂര യാത്രകൾ പതിവാണ്. ഒരിക്കലും മടുക്കാത്ത കാര്യമാണിതെന്ന് നജീബ് സാക്ഷ്യപ്പെടുത്തുന്നു. ഡ്രൈവ് ചെയ്യുമ്പോൾ വാഹനത്തിന്‍റെ ഓരോ സ്വഭാവവും മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട്. എസ്.യു.വികളോടും ആഡംബര വാഹനങ്ങളോടുമാണ് കൂടുതൽ താൽപ്പര്യം. അതിൽ തന്നെ ഏറ്റവും ഇഷ്ടപ്പെട്ട വാഹനം വോൾവോ എക്സ്.സി 90 ആണ്.
സൈക്കിൾ മുതൽ വിമാനം വരെ
സൈക്കിൾ മുതൽ വിമാനവും കപ്പലും വരെ മലയാളികൾക്ക് പരിചയപ്പെടുത്തിയ ചാനലാണിത്. ഇത് തന്നെയാണ് ഈ ചാനലിനെ വ്യത്യസ്തമാക്കുന്നത്. ഇനി ട്രെയിനിന്‍റെ പ്രവർത്തനം സംബന്ധിച്ച വിഡിയോ ചെയ്യാനുള്ള ശ്രമത്തിലാണ് ഈ ചെറുപ്പക്കാരൻ.
പുതിയ വാഹനങ്ങൾക്ക് പുറമെ വണ്ടിപ്രേമികൾ ഒരുപാട് കൊതിയോടെ നോക്കിനിന്നിരുന്ന പഴയ വാഹനങ്ങളും നജീബ് ചാനലിലൂടെ പരിചയപ്പെടുത്താറുണ്ട്. ഓരോ വാഹനത്തെയും സംബന്ധിച്ച ചരിത്രം, അവ നിർമിക്കാനുണ്ടായ സാഹചര്യം, അതിന്‍റെ സവിശേഷതകൾ എന്നിവയെല്ലാം വിശദീകരിക്കും. അതുകൂടാതെ വാഹനത്തിൽ ഒളിഞ്ഞിരിക്കുന്ന വസ്തുതകളും രസകരമായി ഇദ്ദേഹം അവതരിപ്പിക്കുന്നു. ഇത് പലർക്കും പുതിയ അറിവാണെന്ന് പ്രേക്ഷകരുടെ പ്രതികരണങ്ങളിൽനിന്ന് വ്യക്തം. ഒരു മിനിറ്റ് ദൈർഘ്യമുള്ള ഇൻഫർമോഷൻ വിഡിയോകളും നജീബ് ചെയ്യാറുണ്ട്. ഇതിൽ പല വിഡിയോകളും ദശലക്ഷം കാഴ്ചകളുമായി മുന്നേറുകയാണ്.
ചാനൽ ആരംഭിച്ചത് മുതലുള്ള നജീബിന്‍റെ ആഗ്രഹമായിരുന്നു വിമാനത്തിന്‍റെ വിഡിയോ ചെയ്യുക എന്നത്. ഈയൊരു ആഗ്രഹവുമായി പല കമ്പനികളുമായും ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. സുരക്ഷ പ്രശ്നങ്ങളാണ് ഇവിടെ വില്ലനായത്. ഈ അവസരത്തിലാണ് സുഹൃത്ത് സഹായിക്കുന്നത്. തൃശൂരിലെ സതേൺ കോളജ് ഓഫ് എൻജിനീയറിങ്ങുമായി അദ്ദേഹം ബന്ധപ്പെടുത്തി. അവിടത്തെ എയറോനോട്ടിക്കൽ എൻജിനീയറിങ് വിദ്യാർഥികൾക്ക് പഠിക്കാനായി ലൈസൻസുള്ള പ്രൈവറ്റ് ജെറ്റുണ്ട്.
വിമാനം റിവ്യൂ ചെയ്യുന്നതിന് മുമ്പ് നല്ലരീതിയിൽ പഠനങ്ങൾ നടത്തി. എയർ ഇന്ത്യയിൽ ജോലി ചെയ്തിരുന്ന ട്രെയിനറിൽനിന്ന് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി. വിമാനത്തിന്‍റെ പ്രവർത്തനം, അതിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവയെല്ലാം വിശദമായി പ്രതിപാദിച്ചു. വിമാനം സ്റ്റാർട്ട് ചെയ്യുന്നത് വരെ ഇവിടത്തെ ജീവനക്കാർ കാണിച്ചുകൊടുത്തു. ഇത്തരത്തിലുള്ള ഒരു വിഡിയോ മലയാളത്തിൽ ആദ്യമായിട്ടായിരുന്നു. ഇതുപോലെ ഹെലികോപ്റ്ററിന്റെ പ്രവർത്തന വിഡിയോയും നജീബ് ചെയ്തിട്ടുണ്ട്.
വഴിത്തിരിവായ ടൊയോട്ട വെൽഫെയർ
നജീബിന്‍റെ ചാനലിൽ ടൊയോട്ട വെൽഫെയറിന്‍റെ വിഡിയോ ആണ് ഏറ്റവും കൂടുതൽ പേർ കണ്ടത്. 20 ലക്ഷത്തിന് അടുത്ത് ആളുകൾ ഈ വിഡിയോ കണ്ടുകഴിഞ്ഞു. അതുപോലെ വൈറലായതാണ് സ്കോഡ കുഷാക്കിന്‍റെ വിഡിയോ. കുഷാക്കിലെ രഹസ്യമായതും എന്നാൽ രസകരവുമായ വസ്തുതകൾ അവതരിപ്പിച്ചതാണ് ആ വിഡിയോയെ കൂടുതൽ ജനകീയമാക്കിയത്. ഇതുപോലെ ചാനൽ ആരംഭിച്ചതിന്‍റെ ആദ്യകാലത്ത് ചെയ്ത എം.ജി ഹെക്ടർ വിഡിയോയും മറ്റൊരു നാഴികക്കല്ലായിരുന്നു. മറ്റാരും ചെയ്യാത്ത രീതിയിലുള്ള അവതരണം ജനം ഏറ്റെടുത്തു. ഇത് ചാനലിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന് വലിയ കരുത്തായി.
കാർ ഹണ്ട് സീരീസ്
ഒരു നൂറ്റാണ്ടിന് മുകളിൽ പഴക്കമുണ്ട് ഇന്ത്യയിലെ കാർ ചരിത്രത്തിന്. ബ്രിട്ടീഷുകാരുടെ കാലം മുതൽ കാറുകൾ ഇന്ത്യയിലേക്ക് വന്നുതുടങ്ങി. പിന്നീട് ഇന്ത്യൻ കമ്പനികൾ സ്വന്തമായി വാഹനങ്ങൾ നിർമാണം ആരംഭിച്ചു. ഇന്ന് സ്വദേശികളും വിദേശികളുമായ നിരവധി കമ്പനികളാണ് ഓരോ മാസവും പുതിയ വാഹനങ്ങൾ പുറത്തിറക്കുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മൾ കാണാത്ത പല വാഹനങ്ങളും രാജ്യത്തിന്‍റെ പുറത്തുണ്ട്. അവയെക്കുറിച്ച് പലരും കേട്ടിട്ടുമുണ്ടാകും. ഇവയെ കൂടുതൽ അടുത്തറിയുക, അത് പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് നജീബ് തന്‍റെ കാർ വേട്ടക്ക് ഇറങ്ങുന്നത്.
യു.എ.ഇയിൽനിന്നാണ് ഇതിന് തുടക്കമിട്ടത്. വാഹനങ്ങളെ പരിചയപ്പെടുത്തുന്നതിനൊപ്പം അതിന്‍റെ രസകരമായ പ്രവർത്തനങ്ങൾ, ആ നാട്ടിലെ വാഹന സംസ്കാരം, വാഹനങ്ങൾ ഉപോയഗിക്കുന്നവരുടെ കൂട്ടായ്മകൾ എന്നിവയും ഈ സീരിസിൽ പ്രതിപാദിക്കുന്നു. യു.എ.ഇയിൽനിന്ന് മാത്രം 33 വാഹനങ്ങളുടെ വിഡിയോ ചെയ്തു. കൂടാതെ ഈ വാഹനങ്ങൾ ഉപയോഗിച്ച് നിരവധി യാത്രകളും നടത്തി. ഫോർഡ് ബ്രോൺകോ, ബുഗാട്ടിയുടെ വിവിധ മോഡലുകൾ, ഫെരാറി മോൺസ തുടങ്ങിയ കാറുകളെ ആദ്യമായി മലയാളത്തിൽ പരിചയപ്പെടുത്തി.
മരുഭൂമിയിൽ രക്ഷകരായവർ
ദുബൈയിൽവെച്ച് ഷൂട്ടിനിടെ ദുരനുഭവവും നജീബിന് ഉണ്ടായിട്ടുണ്ട്. ഡെസേർട്ട് സഫാരിക്കിടെ വാഹനമിടിച്ച് രണ്ട് കൈയും ഒടിഞ്ഞു. കാലിലും മുറിവേറ്റു. കൂടെയുണ്ടായിരുന്നവർ പൊലീസിൽ വിവരമറിയിച്ചു. അധികൃതർ ഉടൻ തന്നെ പാഞ്ഞെത്തി. ആദ്യമെത്തിയ ആൾ 'നജീബ്ക്ക, എന്താണ് സംഭവിച്ചത്' എന്ന് മലയാളത്തിൽ ചോദിച്ചാണ് അടുത്തേക്ക് വന്നത്. തന്‍റെ ചാനൽ കാണുന്ന വ്യക്തിയായിരുന്നുവത്. വേദനക്കിടയിലും വലിയ ആശ്വാസം നൽകുന്നതായിരുന്നു ആ വാക്കുകൾ. മറുനാട്ടിൽ അദ്ദേഹത്തിന്‍റെ കരുതലുണ്ടാകുമെന്ന് ഉറപ്പിക്കാനായി.
കൂടാതെ ആശുപത്രിയിലുള്ള ജീവനക്കാർക്കും നജീബിനെ അറിയാമായിരുന്നു. ഇത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. യൂട്യൂബ് ചാനൽ തന്‍റെ ജീവിതത്തിൽ കൊണ്ടുവന്ന മാറ്റങ്ങളാണ് ഇതെന്ന് നജീബ് വിശ്വസിക്കുന്നു.
നാട്ടിലെത്തി സർജറി കഴിഞ്ഞ് മാസങ്ങൾ വിശ്രമമെടുത്തു. തുടർന്ന് വീണ്ടും യു.എ.ഇയിലേക്ക് പറന്നാണ് ബാക്കി വാഹനങ്ങളുടെ വിഡിയോകൾ ഷൂട്ട് ചെയ്തത്. കാർ ഹണ്ട് മറ്റു രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കാൻ ഒരുങ്ങുകയാണ് ഈ ചെറുപ്പക്കാരൻ. ഗൾഫ് നാടുകൾ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയെല്ലാം പരിഗണനയിലുണ്ട്.
മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശിയാണ് നജീബ്. തിരൂർ എസ്.എസ്.എം പോളിടെക്നിക്കിൽനിന്ന് കമ്പ്യൂട്ടർ എൻജിനീയറിങ് പഠിച്ചിറങ്ങി. ഇവിടെ അധ്യാപകനായും പ്രവർത്തിച്ചു. ഖത്തർ ആസ്ഥാനമായുള്ള എം.എൻ.സിയിൽ അനലിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. ഡിജിറ്റൽ മാർക്കറ്റിങ് മേഖലയിലും പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.