അങ്ങിനെ മിനികൂപ്പറും ഇലക്ട്രിക് ആകുന്നു; റേഞ്ച് 270 കിലോമീറ്റർ, വില 50 ലക്ഷം
text_fieldsബിഎംഡബ്ള്യുവിെൻറ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ മിനി സ്പോർട്ടി ഹാച്ച്ബാക്കുകളുടെ പേരിലാണ് ലോകത്ത് അറിയപ്പെടുന്നത്. ഭാവി പ്രവർത്തനങ്ങൾ മുന്നിൽകണ്ട് ആദ്യത്തെ ഇലക്ട്രിക് കാർ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. മിനി കൂപ്പർ എസ്.ഇ എന്നാണ് ഇ.വി കാർ അറിയപ്പെടുക. വാഹനത്തിനുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. മിനി കൂപ്പർ എസ്.ഇയ്ക്ക് ഏകദേശം 50 ലക്ഷം രൂപ ആയിരിക്കും എക്‌സ്-ഷോറൂം വില. ഒരു ലക്ഷം രൂപ നൽകി വാഹനം ബുക്ക് ചെയ്യാം.
കരുത്തും റേഞ്ചും
പേര് സൂചിപ്പിക്കുന്നത് പോലെ മിനി കൂപ്പർ മോഡലിനെ അടിസ്ഥാനമാക്കിയാണ് എസ്.ഇ ഇലക്ട്രിക്ക് പതിപ്പും തയ്യാറാക്കിയിരിക്കുന്നത്. 181 ബിഎച്ച്പി പവറും 270 എൻഎം ടോർക്കും നിർമിക്കുന്ന ഇലക്ട്രിക് മോട്ടറാണ് വാഹനത്തിന് കരുത്തുപകരുന്നത്. 32.6 kWh ലിഥിയം അയൺ ബാറ്ററി പാക്കിൽ നിന്ന് ഊർജം സ്വീകരിക്കുന്ന മോട്ടോർ മുൻചക്രങ്ങൾക്കാണ് കരുത്തുപകരുന്നത്. 7.3 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിനാകും.
ഒറ്റ ചാർജിൽ 235-270 കിലോമീറ്റർ വരെയാണ് കൂപ്പർ എസ്.ഇക്ക് മിനി അവകാശപ്പെടുന്ന റേഞ്ച്. 11 കിലോവാട്ട് ചാർജർ ഉപയോഗിച്ച് രണ്ടര മണിക്കൂറിൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. ഫുൾ ചാർജിന് ഏകദേശം മൂന്ന് മണിക്കൂർ സമയം വേണം. വേഗതയേറിയ 50 kW ചാർജർ ഉപയോഗിക്കുമ്പോൾ ചാർജിംഗ് സമയം 35 മിനിറ്റായി കുറയും. മണിക്കൂറിൽ 150 കിലോമീറ്ററാണ് വാഹനത്തിന്‍റെ പരമാവധി വേഗത.
മിനി കാറുകളുടെ സവിശേഷതകളായ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, യൂണിയൻ ജാക്ക് തീം ടെയിൽലൈറ്റുകൾ, ഓവൽ ഷെയ്പ്പിലുള്ള റിയർ വ്യൂ മിററുകൾ എന്നിവ എസ്.ഇ പതിപ്പിലും മാറ്റമില്ലാതെ തുടരുന്നു. ഇന്റീരിയറും സ്റ്റാൻഡേർഡ് കൂപ്പർ മോഡലിന് സമാനമാണ്. വൃത്താകൃതിയിലുള്ള സെന്റർ കൺസോൾ അതേപടി ഇവിടേയും ഇടം പിടിച്ചിട്ടുണ്ട്.
സീറോ എമിഷൻ അർബൻ മൊബിലിറ്റി ഉൽപ്പന്നം നോക്കുന്നവർക്ക് ഒരു സോളിഡ് ഓപ്ഷനായി ഇലക്ട്രിക് മിനി മാറുമെന്നാണ് ബി.എം.ഡബ്ല്യു കണക്കാക്കുന്നത്.നിലവിൽ, ഇന്ത്യയിലെ മിനി മോഡൽ ശ്രേണിയിൽ 3-ഡോർ ഹാച്ച്, മിനി ജോൺ കൂപ്പർ വർക്സ് ഹാച്ച്, കൺവെർട്ടബിൾ, പ്രാദേശികമായി നിർമ്മിക്കുന്ന കൺട്രിമാൻ എന്നിവ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.