റോഡ് തകർന്നിട്ട് മാസങ്ങൾ; ഉദ്യോഗസ്ഥരെ തോക്കുകാട്ടി ഭീഷണിപ്പെടുത്തി കുഴിയടപ്പിച്ച് നാട്ടുകാർ
text_fieldsതകർച്ചയിലായ റോഡ് പുതുക്കിപ്പണിയാൻ കൂട്ടാക്കാത്ത അധികൃതരെ ബന്ദിയാക്കി കുഴിയടപ്പിച്ച് നാട്ടുകാർ. ഗുരുഗ്രാം മെട്രോപൊളിറ്റൻ ഡെവലപ്‌മെന്റ് അതോറിറ്റി (ജി.എം.ഡി.എ)യിലെ തൊഴിലാളികളെയും ഉദ്യോഗസ്ഥരെയുമാണ് പ്രദേശവാസികൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ജോലി ചെയ്യിപ്പിച്ചത്. സംഭവത്തിൽ ബ്ലോക്ക് സമിതിയുടെ മുൻ ചെയർമാൻ ഉൾപ്പെടെ നൗരംഗ്പൂർ ഗ്രാമത്തിലെ 30 പേർക്കെതിരെ പൊലീസ് കേസെടുത്തു.
ബ്ലോക്ക് സമിതിയുടെ മുൻ ചെയർമാൻ ഹോഷിയാർ സിങിന്റെ നേതൃത്വത്തിലായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. നിരവധി തവണ ആവശ്യപ്പെട്ടിട്ടും, റോഡ് പുനർനിർമിക്കാൻ ജിഎംഡിഎ ഉദ്യോഗസ്ഥർ യാതൊരു താൽപ്പര്യവും കാട്ടിയില്ലെന്ന് സിങ് പറഞ്ഞു. 'രണ്ട് മാസത്തിനിടെ കുറഞ്ഞത് 20 അപകടങ്ങളെങ്കിലും ഈ ഭാഗത്ത് നടന്നു. വർഷം മുഴുവൻ കുഴികളും വെള്ളക്കെട്ടുമാണ്. എല്ലാ ഉദ്യോഗസ്ഥരെയും കണ്ട് രേഖാമൂലം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല'-അദ്ദേഹം പറഞ്ഞു.
എന്നാൽ ഹോഷിയാർ സിങ്ങിനെതിരേ പരാതിയുമായി ജിഎംഡിഎ ഉദ്യോഗസ്ഥർ രംഗത്തെത്തി. തന്റെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പിന് മുന്നിൽ റോഡ് നിർമിക്കാനാണ് ഹോഷിയാർ സിങ് സംഘർഷത്തിന് തുടക്കമിട്ടതെന്ന് ഇവർ ആരോപിച്ചു. മറ്റൊരു റോഡ് നിർമിക്കാനാണ് ജിഎംഡിഎ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയത്. 'ഒരു സ്വകാര്യ കരാറുകാരനും ജിഎംഡിഎയുടെ ഒരു സംഘവും തൊഴിലാളികളും സ്ഥലത്തുണ്ടായിരുന്നു. ഈ സമയം കുറഞ്ഞത് 30 ഗ്രാമവാസികളെങ്കിലും വന്ന് ജീവനക്കാരെ അധിക്ഷേപിക്കാൻ തുടങ്ങി. ഇവർ ജോലിക്കാരെ കൈയേറ്റം ചെയ്യുകയും സംഘത്തെ തോക്കുകാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. അവർ മൂന്ന് മെഷീനുകളും നിർമ്മാണ സാമഗ്രികളും എടുത്തുകൊണ്ടുപോയി. തുടർന്ന് മറ്റൊരു റോഡിലെ പെട്രോൾ പമ്പിന് മുന്നിൽ 50 മീറ്റർ റോഡ് പുനർനിർമിക്കാൻ അവരെ നിർബന്ധിച്ചു'-ജിഎംഡിഎയിലെ സബ് ഡിവിഷണൽ ഓഫീസർ നൽകിയ പരാതിയിൽ പറയുന്നു.
ഗ്രാമവാസികൾ ആയുധങ്ങളും വടികളും ഉപയോഗിച്ച് സംഘത്തെ മർദിച്ചതായും പരാതിക്കാർ ആരോപിച്ചു. 'ഒരു റോഡ് ടെൻഡർ നേരത്തെ അനുവദിച്ചിരുന്നു. സ്വകാര്യ കരാറുകാരൻ പണി പൂർത്തിയാക്കുകയായിരുന്നു. എന്നാൽ അക്രമികൾ സ്ഥലത്തെത്തി ടെൻഡറിൽ ലിസ്റ്റുചെയ്തിട്ടില്ലാത്ത മറ്റൊരു സ്ഥലത്തേക്ക് അവരെ ബലമായി കൊണ്ടുപോയി അവിടെ റോഡ് നിർമ്മിച്ചു'-പരാതിയിൽ പറയുന്നു.സെക്ഷൻ 148 (കലാപം), 149 (നിയമവിരുദ്ധമായി സംഘം ചേരൽ), 186 (പൊതു ചടങ്ങുകൾ നിർവഹിക്കുന്നതിൽ പൊതുപ്രവർത്തകനെ തടസ്സപ്പെടുത്തൽ), 323 (ദ്രോഹമുണ്ടാക്കൽ), 353 (ആക്രമണമോ ക്രിമിനൽ ബലപ്രയോഗമോ) വകുപ്പുകൾ പ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു.
എന്നാൽ ഹോഷിയാർ സിങ് ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. ഇത്തരം തന്ത്രങ്ങൾ ഉദ്യോഗസ്ഥർ പയറ്റുമെന്ന് അറിയാമെന്നും പൊലീസ് അറസ്റ്റ് ചെയ്താലും കുഴപ്പമില്ലെന്നും ഗ്രാമവാസികൾക്ക് ഇനിയെങ്കിലും സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുമെന്നും സിങ് പറയുന്നു. 'ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നത് കുറ്റമല്ല. റോഡിൽ നടന്ന അപകടങ്ങളിൽ നിരവധി ചെറിയ കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. എന്റെ സ്വകാര്യ സ്വത്തിലൂടെയല്ല റോഡ് പോകുന്നത്. അത് ഗ്രാമവാസികൾ ഉപയോഗിക്കുന്ന റോഡാണ്'-അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.