ഗൂഗ്ൾ മാപ്പ് ചതിച്ചു; കാഞ്ഞിരപ്പള്ളിയിലേക്ക് പോയ ചരക്ക് ലോറി എത്തിയത് കാനത്ത്, ഒടുവിൽ വൈദ്യുത ലൈനിലും കുടുങ്ങി
text_fieldsകോട്ടയം: ഗൂഗിൾ മാപ്പ് ചതിച്ച ധാരാളം കഥകൾ പാണന്മാർ പാടിനടക്കുന്ന കാലമാണിത്. വീണ്ടും അത്തരമൊരു സംഭവംകൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഗൂഗിൾ മാപ്പ് നോക്കി എറണാകുളത്തുനിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് പോയ ചരക്ക് ലോറി വഴി തെറ്റി എത്തിയത് കാനത്ത്. വൈദ്യുത ലൈനിൽ ഉടക്കി വാഹനം അവസാനം റോഡിൽ കുടുങ്ങി.
എറണാകുളത്തുനിന്ന് കോട്ടയം വഴി കാഞ്ഞിരപ്പള്ളിയിലേക്ക് തിരിച്ച ലോറിയാണ് കാനത്തെത്തി കുടുങ്ങിയത്. ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. പുളിക്കൽ കവലയിൽ എത്തിയപ്പോൾ ലോറി ചങ്ങനാശ്ശേരി റോഡിലേക്ക് തിരിഞ്ഞ് കാഞ്ഞിരപ്പാറയിലെത്തി. അവിടെ നിന്ന് ഗൂഗിൾ മാപ്പ് നോക്കിയപ്പോൾ കാനം വഴി ദേശീയപാതയിൽ എത്താനുള്ള വഴിയാണ് കണ്ടത്.
തുടർന്ന് ലോറി ഇതേ റൂട്ടിലൂടെ കാനം കവലയിലെത്തി. ഇവിടെ നിന്ന് തിരിയുമ്പോൾ ചന്തക്കവലയിലെ വൈദ്യുത ലൈനിൽ ലോറിയുടെ മുകൾഭാഗം ഉടക്കുകയായിരുന്നു. ലോറി വൈദ്യുതി ലൈനിൽ കുടുങ്ങിയതോടെ മേഖലയിൽ നാലു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഗൂഗിൾ മാപ്പ് നോക്കിയെത്തിയാണ് കുടുങ്ങിയതെന്ന് കർണാടക സ്വദേശി ലോറി ഡ്രൈവർ പറഞ്ഞു.
ഡ്രൈവറും സഹായിയും ലോറിയിൽ നിന്നും പുറത്തുചാടിയതിനാൽ അപകടം ഒഴിവായി. നാട്ടുകാർ ചേർന്ന് ഒമ്പതരയോടെ വൈദ്യുതി ലൈൻ കയറു കെട്ടി ഉയർത്തിയ ശേഷമാണ് ലോറി റോഡിൽ നിന്നും മാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.