ബസ് ഒന്നിന് ഒന്നരകോടി വില, വൈഫെ ഉൾപ്പടെ സൗകര്യം; കെ.എസ്.ആർ.ടി.സി യാത്രകൾ ഇനി രാജകീയമാകും
text_fieldsതിരുവനന്തപുരം: യാത്രകൾ കൂടുതൽ ആധുനികവും സൗകര്യപ്രദവുമാക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. വാഹന നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച 50 കോടിയിൽ നിന്ന് 44.64 കോടി ഉപയോഗിച്ച് അത്യാധുനിക ശ്രേണിയിലുള്ള 100 ബസുകൾ പുറത്തിറക്കാൻ തീരുമാനിച്ചു. നവംബർ ഒന്നിന് കേരള പിറവി ദിനത്തിൽ ആദ്യഘട്ടത്തിലുള്ള ബസുകൾ പുറത്തിറക്കാനാണ് കെഎസ്ആർടിസിയുടെ ശ്രമം. തുടർന്ന് 2022 ഫെബ്രുവരി മാസത്തോടെ മുഴുവൻ ബസുകളും പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
വാങ്ങുന്നത് ബിഎസ് സിക്സ് ബസുകൾ
സ്ലീപ്പർ, സെമി സ്ലീപ്പർ, എയർ സസ്പെൻഷൻ നോൺ എ.സി തുടങ്ങിയവയിലെ ആധുനിക ബിഎസ് സിക്സ് ബസുകളാണ് കെഎസ്ആർടിസിയിൽ എത്തുന്നത്. ഇതോടെ ദീർഘ ദൂര യാത്രക്കാരെ കൂടുതലായി കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനുമാകുമെന്നാണ് പ്രതീക്ഷ. 8 സ്ലീപ്പർ , 20 സെമി സ്ലീപ്പർ , 72 എയർ സസ്പെൻഷൻ നോൺ എ.സി ബസുകൾ വാങ്ങും. തമിഴ്നാടിന് 140 , കർണ്ണാടകയ്ക്ക് 82 ബസുകളുമാണ് സ്ലീപ്പർ വിഭാഗത്തിലുള്ളത്. കേരളത്തിന് സ്ലീപ്പർ ബസുകൾ ഇല്ലായിരുന്ന പോരായ്മയാണ് പുതിയ ബസുകൾ വരുന്നതോടെ ഇല്ലാതാകുന്നത്.
വരന്നൂ, സ്ലീപ്പറുകൾ
വോൾവോ കമ്പിനിയിൽ നിന്നാണ് സ്ലീപ്പർ ബസുകൾ വാങ്ങുന്നത്. നാല് തവണ വിളിച്ച ടെൻററിൽ ബസ്സൊന്നിന് 1.385 കോടി എന്ന നിരക്കിൽ ആകെ 11.08 കോടി രൂപ ഉപയോഗിച്ചാണ് 8 ബസുകൾ വാങ്ങുന്നത്. സെമി സ്ലീപ്പർ വിഭാഗത്തിൽ ലെയ്ലൻറ് 47.12 ലക്ഷവും, ഭാരത് ബെൻസ് 58.29 ലക്ഷവും കോട്ടായി സമർപ്പിച്ചു. അതിൽ കുറഞ്ഞ തുക കോട്ട് ചെയ്ത അശോക് ലെയ്‌ലൻറിൽ നിന്ന് ബസ്സൊന്നിന് 47.12 ലക്ഷം രൂപ നിരക്കിൽ 9.42 കോടി രൂപയ്ക്ക് 20 എസി സീറ്റർ ബസുകളും വാങ്ങും. എയർ സസ്പെൻഷൻ നോൺ എ.സി വിഭാഗത്തിൽ ലെയ്ലൻഡ് 33.79 ലക്ഷവും, ടാറ്റ 37.35 ലക്ഷവും കോട്ട് നൽകിയതിൽ നിന്ന് ലെയ്ലൻറിന് കരാർ ഉറപ്പിക്കുകയായിരുന്നു. 24.32 കോടി രൂപക്ക് 72 ബസുകളാണ് ഇങ്ങിനെ വാങ്ങുന്നത്.
വൈഫെ സൗകര്യവും
വോൾവോ ബസുകൾ ബോഡി സഹിതം കമ്പിനി നിർമ്മിച്ച് നൽകും. ലെയ്ലൻറ് കമ്പിനിയുടെ ഉത്തരവാദിത്തത്തിൽ പുറമെ കൊടുത്താണ് ബസ് ബോഡി നിർമ്മിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള മികച്ച യാത്രയാണ് പുതിയ ബസുകൾ വാഗ്ദാനം ചെയ്യുന്നത്. മികച്ച യാത്രാ സൗകര്യത്തോടൊപ്പം, മൊബൈൽ ചാർജിങ് പോയിൻറ്, കൂടുതൽ ലഗേജ് സ്പെയ്സ്, വൈഫെ തുടങ്ങിയവും പുതിയ ബസുകളിലെ സൗകര്യങ്ങളാണ്. നിലവിൽ ദീർഘ ദൂര സർവീസുകൾക്കായി കെഎസ്ആർടിസി ഉപയോഗിക്കുന്ന ബസുകൾക്ക് 5 വർഷം മുതൽ 7 വർഷം വരെ പഴക്കം ഉണ്ട്. 12 വോൾവോ, 17 സ്കാനിയ, 135 സൂപ്പർ ഡീലക്സ്, 53 എക്സ്പ്രസ്സ് ബസുകളും ആണ് കെ എസ് ആർ ടി സി ദീർഘ ദൂര സർവീസുകൾക്ക് നിലവിൽ ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.