വാഹനങ്ങളിലെ നിർബന്ധിത ഇരട്ട എയർബാഗ്; സമയം നീട്ടിനൽകി സർക്കാർ
text_fieldsരാജ്യത്ത് പുറത്തിറങ്ങുന്ന എല്ലാ പാസഞ്ചർ വാഹനങ്ങളിലും ഇരട്ട എയർബാഗുകൾ പിടിപ്പിക്കണമെന്ന നിയമം അടുത്തകാലത്താണ് കേന്ദ്ര സർക്കാർ കൊണ്ടുവന്നത്. ഇതിനായി 2021 ഏപ്രിൽ ഒന്നുവരെ സമയവും നൽകിയിരുന്നു. കോവിഡ് പകർച്ചവ്യാധി കണക്കിലെടുത്ത് ഇൗ കാലപരിധി നീട്ടണമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) ആവശ്യപ്പെട്ടിരുന്നു. ഇൗ നിർദേശം പരിഗണിച്ച് തീയതി നീട്ടിനൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. 2021ഡിസംബർ 31വരെയാണ് തീയതി നീട്ടിയത്.
നിലവിൽ നിരത്തിൽ ഇറങ്ങിക്കഴിഞ്ഞ വാഹനങ്ങളിലല്ല എയർബാഗ് പിടിപ്പിക്കേണ്ടതെന്നതിനാൽ വാഹന ഉടമകൾ പുതിയ തീരുമാനത്തിൽ ആശങ്കപ്പെടേണ്ടതില്ല. ഒറ്റ എയർബാഗുമായി നിർമാണം പൂർത്തിയായതും എന്നാൽ വിൽക്കാത്തതുമായ വാഹനങ്ങളിലാണ് ഇരട്ട എയർബാഗുകൾ വരുന്നത്. യാത്രക്കാരുടെ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ മാർച്ചിലാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നിർമിച്ച് വിൽക്കുന്ന എല്ലാ പി.വി (പാസഞ്ചർ വെഹിക്കിൾ) കളിലും മുന്നിൽ ഇരട്ട എയർബാഗുകൾ വേണമെന്നായിരുന്നു നിയമം.
നിലവിൽ ഡ്രൈവർ സീറ്റ് എയർബാഗ് മാത്രമേ വാഹനങ്ങളിൽ നിർബന്ധമുള്ളൂ. റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് ഇരട്ട എയർബാഗുകൾ നിർബന്ധമാക്കുന്നത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (ബിഐഎസ്) സവിശേഷതകൾക്ക് കീഴിൽ എയർബാഗുകൾക്ക് എഐഎസ് 145 മാനദണ്ഡം പാലിക്കേണ്ടതുണ്ടെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
മുൻ നിരയിൽ ഇരട്ട എയർബാഗുകൾ ഉൾപ്പെടുത്താത്ത എൻട്രി ലെവൽ ഇന്ത്യൻ കാറുകളിൽ സുരക്ഷ വർധിപ്പിക്കാൻ പുതിയ തീരുമാനം സഹായിക്കും. എന്നാൽ ഒരു എയർബാഗുകൂടി ചേർക്കുന്നത് രാജ്യെത്ത ലോ-സെഗ്മെൻറ് കാറുകളുടെ വില വർധിക്കാനിടയാക്കും.
എല്ലാ വാഹനങ്ങളിലും ഇരട്ട എയർബാഗുകൾ സ്ഥാപിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിന് ശേഷം ഓട്ടോമോട്ടീവ് സുരക്ഷാ സംവിധാനങ്ങളിലെ ആഗോള കുത്തകയായ ഓട്ടോലിവ് ഇന്ത്യയിൽ കച്ചവടം ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. രാജ്യത്ത് പുതിയ ഇൻഫ്ലേറ്റർ നിർമാണ പ്ലാൻറും കമ്പനി നിർമിക്കുന്നുണ്ട്. എയർബാഗിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഉപകരണമാണ് ഇൻഫ്ലേറ്റർ. അപകട സമയത്ത് എയർബാഗ് തുറക്കാൻ പ്രാപ്തമാക്കുന്നതും ഇൻഫ്ലേറ്ററാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.