ഭാര്യക്ക് വിവാഹബാഹ്യ ബന്ധമെന്ന പരാതിയുമായി യുവാവ്; കണ്ടുപിടിച്ചത് കാർ ജി.പി.എസ് ട്രാക്കർ വഴി
text_fieldsബെംഗളുരു: ഭാര്യക്ക് വിവാഹബാഹ്യ ബന്ധമെന്ന പരാതിയുമായി ബെംഗളുരു സ്വദേശിയായ യുവാവ്. കാറിന്റെ ജി.പി.എസ് ട്രാക്കര്‍ നൽകിയ വിവരങ്ങളിലൂടെയാണ് ഭാര്യ തന്നെ ചതിക്കുന്നുവെന്ന വിവരം മനസ്സിലാക്കിയതെന്നും യുവാവ് പറയുന്നു. തുടർന്ന് ഭാര്യയ്ക്കും ഭാര്യയുടെ ആണ്‍സുഹൃത്തിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു ഇയാൾ.
കാറില്‍ ഘടിപ്പിച്ചിരുന്ന ജി.പി.എസ് ട്രാക്കര്‍ സ്മാര്‍ട്ട് ഫോണുമായും ബന്ധിപ്പിച്ചിരുന്നതായും അതില്‍ നിന്നാണ് ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന വിവരം ലഭിച്ചതെന്നും യുവാവ് പരാതിയിൽ പറയുന്നു. 2014ലാണ് ഇയാൾ വിവാഹതിനായത്. ദമ്പതികള്‍ക്ക് ആറ് വയസ്സുള്ള ഒരു മകളുമുണ്ട്. നഗരത്തിലെ സ്വകാര്യ കമ്പനിയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. നൈറ്റ് ഷിഫ്റ്റിലാണ് കൂടുതലും ജോലി ചെയ്യുന്നതെന്നും സന്തോഷത്തോടെയാണ് ഇത്രയും നാളും കഴിഞ്ഞതെന്നും എന്നാല്‍ ജി.പി.എസ് ഡേറ്റ പരിശോധിച്ചപ്പോഴാണ് ഈ വിവരങ്ങള്‍ അറിഞ്ഞതെന്നും യുവാവ് പറയുന്നു. കാറില്‍ ജി.പി.എസ് ഘടിപ്പിച്ച വിവരം ഭാര്യയുള്‍പ്പടെ ആര്‍ക്കും അറിയില്ലായിരുന്നുവെന്നും യുവാവ് പറഞ്ഞു.
‘കഴിഞ്ഞ വര്‍ഷം ഒരു ദിവസം ഞാന്‍ നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന സമയം കാര്‍ മറ്റാരോ ഉപയോഗിച്ചതായി കണ്ടെത്തി. ജി.പി.എസ് ഡേറ്റ പ്രകാരം കാര്‍ കെ.ഐ.എ പരിസരത്തേക്കാണ് പോയത്. അവിടെ ഒരു ഹോട്ടലിന്റെ മുന്നില്‍ കാര്‍ നിര്‍ത്തിയിടുകയും ചെയ്തിട്ടുണ്ട്. പുലർച്ചെ അഞ്ച് മണിക്ക് മുമ്പാണ് കാര്‍ അവിടെ നിന്ന് വീട്ടിലേക്ക് എത്തിയത്. പിന്നീട് ആ ഹോട്ടലില്‍ ചെന്ന് അന്വേഷിച്ചപ്പോഴാണ് എന്റെ ഭാര്യയും അവളുടെ ആണ്‍സുഹൃത്തും അവിടെ റൂം എടുത്ത വിവരം അറിയുന്നത്. അവരുടെ വോട്ടര്‍ ഐഡിയുടെ വിവരങ്ങള്‍ അവിടെ നിന്ന് ലഭിച്ചു’-യുവാവ് പരാതിയിൽ പറയുന്നു.
അതേസമയം ഭാര്യയോടും അവളുടെ ആണ്‍സുഹൃത്തിനോടും ജി.പി.എസ് ഡേറ്റ വിവരങ്ങളെപ്പറ്റി താന്‍ തുറന്ന് സംസാരിച്ചെന്നും അപ്പോള്‍ ഇരുവരും തന്നെ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് സംസാരിച്ചതെന്നും യുവാവ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് യാത്രക്കാരുടെ സുരക്ഷയ്ക്കായി എല്ലാ വാഹനങ്ങളിലും എമര്‍ജന്‍സി ബട്ടണുകളോ ട്രാക്കിങ് സംവിധാനങ്ങളോ ഘടിപ്പിക്കാന്‍ ഉടമസ്ഥര്‍ക്ക് അനുമതി നല്‍കി കര്‍ണ്ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കേന്ദ്ര പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ചിലവിന്റെ 60 ശതമാനം കേന്ദ്രവും ബാക്കി 40 ശതമാനം തുക കര്‍ണാടക സര്‍ക്കാരും ചേര്‍ന്നാണ് നല്‍കുന്നത്.
വിഷയത്തില്‍ ഐപിസി 417 (വഞ്ചന), 420 (വഞ്ചന, സത്യസന്ധതയില്ലാതെ സ്വത്ത് കൈമാറല്‍), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നിവ ചുമത്തി കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് യുവതിയ്ക്ക് നോട്ടീസ് അയച്ചതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.