ഇത് ഇന്ത്യയുടെ ‘ഹെൽമെറ്റ് മാൻ ഓഫ് ഇന്ത്യ’; ഇതുവരെ സൗജന്യമായി നൽകിയത് 56,000 ലധികം ഹെൽമെറ്റുകൾ -വൈറൽ വിഡിയോയുടെ പിന്നിലെ കഥയറിയാം
text_fieldsസോഷ്യല്‍ മീഡിയയില്‍ വൈറലായ വിഡിയോയുടെ യാഥാർത്ഥ്യം അന്വേഷിച്ച് ആളുകൾ എത്തിയത് വ്യത്യസ്തമായൊരു കഥയിലേക്കാണ്. ആഗ്ര-ലഖ്നൗ എക്സ്പ്രസ് ഹൈവേയിൽ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന് ഒരാള്‍ സൗജന്യമായി ഹെല്‍മറ്റ് നൽകുന്നതായിരുന്നു വിഡിയോയുടെ ഉള്ളടക്കം. ബൈക്കിനെ കാറില്‍ പിന്തുടർന്ന് ഹെല്‍മെറ്റ് നല്‍കിയ വ്യക്തി ആരാണെന്ന് അന്വേഷിച്ച് എത്തിയവർ അറിഞ്ഞത് വ്യത്യസ്ഥമായൊരു ജീവിത കഥയിലേക്കാണ്.
'ഹെല്‍മെറ്റ് മാന്‍ ഓഫ് ഇന്ത്യ' എന്ന പേരില്‍ അറിയപ്പെടുന്ന രാഘവേന്ദ്ര കുമാര്‍ ആയിരുന്നു വിഡിയോയിലുള്ളത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞ് പോകുന്ന ബൈക്കിനെ കാറിലായിരുന്നു അദ്ദേഹം പിന്തുടര്‍ന്നത്. ബൈക്കിന് സമാന്തരമായി എത്തിയ ശേഷം രാഘവേന്ദ്ര കുമാര്‍ ഹൈല്‍മെറ്റ് കൈമാറുകയും ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതിനെ കുറിച്ച് യുവാവിനെ ബോധവത്കരിക്കുകയും ചെയ്തു. കാറില്‍ യാത്ര ചെയ്യവേ രാഘവേന്ദ്ര കുമാറും ഹെല്‍മെറ്റ് ധരിച്ചതായി കാണാം.
'ഇന്ത്യയുടെ ഹെല്‍മറ്റ് മാന്‍' എന്നറിയപ്പെടുന്ന രാഘവേന്ദ്ര കുമാര്‍ ബീഹാര്‍ സ്വദേശിയാണ്. 2014-ല്‍ രാഘവേന്ദ്ര കുമാറിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന കൃഷ്ണ ബൈക്ക് അപകടത്തില്‍ മരിച്ചതോടെയാണ് എല്ലാത്തിന്റെയും തുടക്കം. നോയിഡയില്‍ നിന്നും ഗ്രേറ്റര്‍ നോയിഡയിലേക്ക് വരികയായിരുന്ന ഇദ്ദേഹം അപകടത്തില്‍ പെടുകയായിരുന്നു. എട്ട് ദിവസം വെന്റിലേറ്ററില്‍ കിടന്നെങ്കിലും മരിച്ചു. അപകടസമയത്ത് കൃഷ്ണ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കില്‍ സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
ഇതിന് പിന്നാലെയാണ് രാഘവേന്ദ്ര കുമാര്‍ രാജ്യത്തുടനീളം ഹെല്‍മെറ്റ് വിതരണം ചെയ്ത് ആളുകളെ ബോധവല്‍ക്കരിക്കാന്‍ തുടങ്ങിയത്. കൃഷ്ണയുടെ മരണത്തിലൂടെ തനിക്കും അവന്റെ കുടുംബത്തിനുമുണ്ടായ പോലൊരു നഷ്ടം മറ്റാര്‍ക്കും ഉണ്ടാകരുതെന്നാണ് തന്റെ ആഗ്രഹമെന്നാണ് രാഘവേന്ദ്ര കുമാര്‍ പറയുന്നത്. ഒരുപാട് സ്വപ്‌നങ്ങളുമായി ബിഹാറില്‍ നിന്ന് ഡല്‍ഹിയില്‍ വന്നിറങ്ങിയ വ്യക്തിയായിരുന്നു രാഘവേന്ദ്ര കുമാര്‍. എന്നാല്‍ ആത്മസുഹൃത്തിന്റെ ദാരുണ മരണം അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.
രാജ്യത്തുടനീളമായി ഇതിനോടകം 56,000-ത്തിലധികം ഹെല്‍മെറ്റുകള്‍ വിതരണം ചെയ്തതായി രാഘവേന്ദ്ര കുമാര്‍ പറയുന്നു. ആളുകള്‍ക്ക് സൗജന്യമായി ഹെല്‍മെറ്റ് നല്‍കാന്‍ പണം ആവശ്യമാണല്ലോ. ഇതിനായി ഗ്രേറ്റര്‍ നോയിഡയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റ് വിറ്റതായും ഭാര്യയുടെ ആഭരണങ്ങള്‍ പണയം വെച്ചുമെന്നുമാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.റോഡ് സുരക്ഷ ക്യാമ്പയിന്‍ വളണ്ടിയറായി ഇറങ്ങുന്നതിന് മുമ്പ് വിവിധ ബഹുരാഷ്ട്ര കമ്പനികളുടെ നിയമോപദേശകനായിരുന്നു കുമാര്‍.
26,000-ത്തിലധികം ഫോളോവേഴ്‌സുള്ള തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയും ഇദ്ദേഹം റോഡ് സുരക്ഷ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. റോഡ് സുരക്ഷ ക്യാമ്പയിനിനൊപ്പം തന്നെ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായും സഹായങ്ങള്‍ നല്‍കുന്നു. അപകട മരണത്തിന് പിന്നാലെ കൃഷ്ണയുടെ വീട് സന്ദര്‍ശിച്ചതോടെയാണ് പാവപ്പെട്ട കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി സഹായിക്കാനുള്ള തീരുമാനത്തില്‍ അദ്ദേഹം എത്തിയത്.
अपनी कार की रफ्तार 100 से ऊपर नहीं ले जाता लेकिन लखनऊ एक्सप्रेसवे पर एक व्यक्ति जब मुझे ओवरटेक किया मैं दंग रह गया क्योंकि बिना हेलमेट उसकी रफ्तार हमसे ज्यादा थी. उसे सुरक्षा कवच हेलमेट देने के लिए 100 से ऊपर अपनी गाड़ी को भगाना पड़ा अंत में उसे पकड़ ही लिया. #Helmetman @PMOIndia pic.twitter.com/BbpYbQ43C7
— Helmet man of India (@helmet_man_) March 14, 2023
പഴയ പുസ്തകങ്ങള്‍ നല്‍കുന്നവര്‍ക്ക് ഹെല്‍മെറ്റ് നല്‍കുന്ന ക്യാമ്പയിനിനും അദ്ദേഹം തുടക്കമിട്ടു. നടന്‍ സോനു സൂദ് ഇദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഒപ്പം തന്നെ കേന്ദ്ര ഹൈവേഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും രാഘവേന്ദ്ര സിങ്ങിന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തിയെ പ്രശംസിച്ചിട്ടുണ്ട്. 2022ല്‍ ഏഷ്യന്‍ എക്‌സലന്‍സ് അവാര്‍ഡും ഇദ്ദേഹത്തെ തേടിയെത്തി.
'എന്നെ ഭ്രാന്തന്‍ എന്ന് വിളിച്ചോളൂ. പക്ഷേ എന്റെ ശ്രമം ഞാന്‍ തുടരുക തന്നെ ചെയ്യും. ഹെല്‍മെറ്റും വാങ്ങാനുള്ള ചെലവും കുടുംബത്തിന്റെ പരിപാലനവും ഒരുമിച്ച് കൊണ്ട്‌പോകാന്‍ സാധിക്കാത്തിനാല്‍ അടുത്ത് ഞങ്ങൾ ബീഹാറിലെ സ്വന്തം ഗ്രാമമായ ഭദാരിയിലേക്ക് മടങ്ങും. എനിക്ക് ആറ് വയസള്ള ഒരു മകനുണ്ട്. ചെലവ് ചുരുക്കലിന്റെ ഭാഗമായി അവനെ നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേക്കും. പക്ഷേ, ഞാന്‍ ഹെല്‍മറ്റ് വാങ്ങുന്നതും ജീവന്‍ രക്ഷിക്കുന്നതും തുടരും' രാഘവേന്ദ്ര കുമാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.